എന്‍ ഐ ടി: പ്ലസ്ടു മാര്‍ക്ക് മാനദണ്ഡം ഒഴിവാക്കാന്‍ കേന്ദ്ര തീരുമാനം

Posted on: April 3, 2016 10:33 am | Last updated: April 3, 2016 at 11:35 am
SHARE

smrithi iraniന്യൂഡല്‍ഹി:രാജ്യത്തെ എന്‍ ഐ ടികളിലേക്കുള്ള പ്രവേശന മാനദണ്ഡങ്ങള്‍ പരിഷ്‌കരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. നിലവില്‍ എന്‍ ഐ ടി പ്രവേശനത്തിന് മാനദണ്ഡമായി കണക്കാക്കുന്ന പ്ലസ് ടു മാര്‍ക്ക് മാനദണ്ഡത്തില്‍ മാറ്റം വരുത്താനാണ് കേന്ദ്ര മാനവവിഭവ ശേഷി മന്ത്രാലയം തീരുമാനിച്ചത്. കേന്ദ്ര മാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന എന്‍ ഐ ടി കൗണ്‍സില്‍ യോഗമാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്.

ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ കുറഞ്ഞത് നാല്‍പ്പത് ശതമാനം മാര്‍ക്ക് വേണമെന്ന നിബന്ധന ഒഴിവാക്കണമെന്ന എന്‍ ഐ ടി കൗണ്‍സിലിന്റെ ശിപാര്‍ശ അംഗീകരിച്ചുകൊണ്ടാണ് കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റെ തീരുമാനം. ഇത് ഒഴിവാക്കിക്കൊണ്ടുള്ള വിജ്ഞാപനം ഉടന്‍ മന്ത്രാലയം പുറത്തിറക്കും. പരിഷ്‌കരിച്ച ചട്ടങ്ങള്‍ അടുത്ത വര്‍ഷം മുതല്‍ ഏര്‍പ്പെടുത്താനാണ് അനുമതി നല്‍കിയത്. നിലവിലെ ചട്ടങ്ങള്‍ അനുസരിച്ച് ജോയിന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന് (ജെ ഇ ഇ) അറുപത് ശതമാനം മാര്‍ക്കും പ്ലസ് ടുവില്‍ നാല്‍പ്പത് ശതമാനം മാര്‍ക്കും നേടിയവരെയാണ് എന്‍ ഐ ടികളില്‍ പ്രവേശനത്തിന് പരിഗണിച്ചക്കുന്നത്. ഇത് ഒഴിവാക്കി പകരം ഐ ഐ ടികളുടെ പ്രവേശനത്തിന് സമാനമായ മാനദണ്ഡങ്ങള്‍ കൊണ്ടുവരാനാണ് നീക്കം. ജോയിന്റ്് എന്‍ട്രന്‍സ് പരീക്ഷയില്‍ നിശ്ചിത ശതമാനം മാര്‍ക്ക് നേടുന്നവര്‍ക്കാണ് നിലവില്‍ ഐ ഐ ടികളില്‍ പ്രവേശനം ലഭിക്കുക.

ജെ ഇ ഇ മെയിന്‍, ജെ ഇ ഇ അഡ്വാന്‍സ്ഡ് എന്നിങ്ങനെ രണ്ട് എന്‍ട്രന്‍സുകളാണ് ജെ ഇ ഇക്കുളളത്. ഇതില്‍ ജെ ഇ ഇ മെയിനില്‍ നിശ്ചിത ശതമാനം മാര്‍ക്ക് നേടിയവര്‍ക്ക് മാത്രമേ ജെ ഇ ഇ അഡ്വാന്‍സ്ഡ് എഴുതാനാകൂ. ജെ ഇ ഇ അഡ്വാന്‍സ്ഡില്‍ മികവ് തെളിയിക്കുന്നവരിലെ റാങ്ക് പട്ടികയില്‍ നിന്നാണ് ഐ ഐ ടികളിലേക്ക് പ്രവേശനം നല്‍കുന്നത്. ഇതിനു സമാനമായ നടപടിക്രമങ്ങളാണ് എന്‍ ഐ ടികളിലും ഇനി പ്രവേശനത്തിനായി ഏര്‍പ്പെടുത്താന്‍ പോകുന്നത്. ഇതിന്റെ ഭാഗമായി പ്ലസ് ടു സിലബസിന്റെ അടിസ്ഥാനത്തില്‍ മാത്രം അടുത്ത വര്‍ഷം മുതല്‍ എന്‍ട്രന്‍സ് ചോദ്യപ്പേപ്പര്‍ തയ്യാറാക്കാനും എന്‍ ഐ ടി കൗണ്‍സില്‍ തീരുമാനിച്ചിട്ടുണ്ട്.

രാജ്യത്ത് ഐ ഐ ടികളിലേക്കും എന്‍ ഐ ടികളിലേക്കുമുള്ള പ്രവേശനത്തിന് വിദ്യാര്‍ഥികള്‍ പരിശീലന ക്ലാസുകളെ കൂടുതലായി ആശ്രയിക്കുന്നത് ഒഴിവാക്കാന്‍ ലക്ഷ്യമിട്ടാണ് യു പി എ സര്‍ക്കാറിന്റെ കാലത്ത് കേന്ദ്ര മാനവവിഭവശേഷി മന്ത്രിയായിരുന്ന കപില്‍ സിബല്‍ പ്ലസ് ടു പരീക്ഷയുടെ മാര്‍ക്ക് കൂടി എന്‍ ഐ ടി പ്രവേശനത്തിന് പരിഗണിക്കണമെന്ന മാനദണ്ഡം കൊണ്ടുവന്നത്. എന്നാല്‍, പരിശീലന ക്ലാസുകള്‍ വഴി പ്രവേശനം നേടുന്ന വിദ്യാര്‍ഥികളുടെ എണ്ണം കൂടിയെന്ന് കാണിച്ചാണ് എന്‍ ഐ ടി കൗണ്‍സില്‍ ഈ ചട്ടം ഒഴിവാക്കാന്‍ ശിപാര്‍ശ ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here