ഹൈദരാബാദ് കാഴ്ചയില്‍നിന്ന് മറഞ്ഞതെങ്ങനെ?

Posted on: April 3, 2016 11:28 am | Last updated: April 3, 2016 at 11:28 am
SHARE

ജനാധിപത്യം അധികാരമുള്ളവന്റെ ആലയിലെ ആയുധമാണെന്നാണ് സ്വാതന്ത്ര്യാനന്തരമുള്ള ഇന്ത്യയിലെ രണ്ട് അടിയന്തരാവസ്ഥകള്‍ സൂചിപ്പിക്കുന്നത്. രണ്ടും രണ്ട് തരം പ്രതിനിധാനങ്ങളുടെ താത്പര്യങ്ങളാലുണ്ടായവ. ഭരണം നിലനിര്‍ത്താന്‍ ഇന്ദിരാഗാന്ധിയുടെ അവസാന പ്രയോഗമായിരുന്നു തൊള്ളായിരത്തി എഴുപത്തിയഞ്ച് മുതലുള്ള, രാജ്യത്തെ മൊത്തം ഉള്‍പ്പെടുത്തിക്കൊണ്ടുള്ള, ഒന്നാമത്തെ പ്രഖ്യാപിത അടിയന്തരാവസ്ഥയെങ്കില്‍, വര്‍ഗീയവാദത്തിന്റെ ആധുനിക അപ്പോസ്തലനായ മോദിയുടെ സംഘ്പരിവാര്‍ അജന്‍ഡ നടപ്പിലാക്കാനുള്ള പരീക്ഷണ (അപ്രഖ്യാപിത) അടിയന്തരാവസ്ഥയാണ് ഹൈദരാബാദ് യൂനിവേഴ്‌സിറ്റിയിലുണ്ടായ രണ്ടാമത്തേത്. ഒരു പക്ഷേ, വരും കാലത്ത് നടപ്പിലാക്കാന്‍ പോകുന്ന പ്രഖ്യാപിത അടിയന്തരാവസ്ഥയുടെ ഒരുദാഹരണമായിരാക്കാം ഇത്. എന്നാല്‍ ഇന്ദിരാഗാന്ധിയില്‍ നിന്ന് മോദിയിലേക്കുള്ള ദൂരം ഇന്ദിരാഗാന്ധി രണ്ട് വര്‍ഷം കൊണ്ടനുഭവിപ്പിച്ചത് മോദിക്ക് രണ്ട് ദിനം കൊണ്ടനുഭവിപ്പിക്കാനായി എന്നതാണ്. വ്യക്തികളെ താരതമ്യപ്പെടുത്താനല്ല, ജനാധിപത്യം പ്രവര്‍ത്തിക്കുന്നത് ഒരേ സ്വഭാവത്തിലാണെന്ന് വെളിപ്പെടുത്താനാണ് ഇതിവിടെ പരാമര്‍ശിച്ചത്.

രോഹിത് വെമുല വിഷയത്തില്‍ ജനാധിപത്യപരമായ ഒന്നും തന്നെ അധികൃതരുടെ ഭാഗത്ത് നിന്ന് നടക്കുന്നില്ലെന്നും സവര്‍ണ സിദ്ധാന്തങ്ങളുടെ താത്പര്യമാണ് സംരക്ഷിക്കപ്പെടുന്നതെന്നും ഇക്കാലയളവില്‍ കഴിഞ്ഞ സമരങ്ങളുടെ അനന്തരഫലങ്ങളുടെ ഗ്രാഫ് പരിശോധിച്ചാല്‍ മനസ്സിലാക്കാകുന്നതേയുള്ളൂ. ജനുവരി പതിനേഴിന്, രോഹിത് നിഴലുകളില്‍ നിന്ന് നക്ഷത്രങ്ങളിലേക്ക് യാത്ര പോയ അന്ന്, പൊട്ടിമുളച്ചതല്ല പീഡിത ജനങ്ങള്‍ക്ക് മുകളിലെ സവര്‍ണാധിപത്യം. കാലങ്ങളായി തുടരുന്ന, അടിമത്വത്തോട് സാദൃശ്യമുള്ള ജാതീയ മനുവാദങ്ങളാണത്.

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പോലും ദളിതരടക്കമുള്ള ന്യൂനപക്ഷങ്ങള്‍ക്ക് രക്ഷയില്ലെന്ന ബോധ്യത്തില്‍ നിന്നാണ് ജനാധിപത്യപരമായ അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്താന്‍ രോഹിത് വെമുലമാര്‍ തയ്യാറായതും തയ്യാറാകുന്നതും.
ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാല (എച്ച് സി യു) യിലെ വിദ്യാര്‍ഥി പ്രതിഷേധത്തിന്റെ മുഖ്യ കാരണം സവര്‍ണ ബോധത്തോടും ജാതീയ ചിന്തകളോടുമുള്ള എതിര്‍പ്പ് തന്നെയാണ്. ഇന്ത്യന്‍ സ്വാതന്ത്ര്യത്തിനും മുമ്പ് ഉടലെടുത്ത സവര്‍ണതക്കെതിരെയുള്ള ഈ സാമൂഹിക ചിന്ത അംബേദ്കറിലൂടെ വികാസം പ്രാപിക്കുകയും ദളിത് മുന്നേറ്റത്തിന് വഴി തുറക്കുകയും ചെയ്തതിന്റെ ഫലമായാണ് ജനാധിപത്യത്തില്‍ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നതിന് കൂട്ടമായി അധഃസ്ഥിത വിഭാഗങ്ങള്‍ സംഘടിച്ച് തുടങ്ങിയത്.

ദളിതരും സവര്‍ണരും ഒരേ രാഷ്ട്രത്തിലെ പൗരര്‍ തന്നെയാണെന്നും ഓരോരുത്തര്‍ക്കുമുള്ള നീതി വെവ്വേറെയല്ലെന്നും ആ സംഘടിത ശക്തി നിരന്തരം വിളിച്ച് പറഞ്ഞുകൊണ്ടേയിരുന്നു. പലപ്പോഴും ആക്രമിക്കപ്പെട്ടിട്ടുണ്ടെങ്കിലും മോദി അധികാരത്തില്‍ വന്നതോടെയാണ് ദളിതുകള്‍ പ്രത്യക്ഷമായ രാഷ്ട്രീയ ആക്രമണങ്ങള്‍ക്ക് വിധേയരായിത്തുടങ്ങിയത്. വെമുലയുടെ മരണത്തോടെ അത്തരം ആക്രമണങ്ങള്‍ നിരന്തരം അപലപിക്കപ്പെടുകയും ശക്തമായ പ്രതിഷേധങ്ങളുയരുകയും ചെയ്തു. അതിനാല്‍ തന്നെ ഇതര സര്‍വകലാശാലകളിലെ സമാന സംഭവങ്ങളും മറനീക്കി പുറത്തു വരാന്‍ തുടങ്ങി. ഒരു തരത്തില്‍, ദളിതുകളടക്കമുള്ള ന്യൂനപക്ഷങ്ങള്‍ക്ക് സ്വന്തം സ്വത്വത്തെ കുറിച്ച് വിളിച്ച് പറയാനുള്ള വേദി തുറക്കപ്പെടുകയായിരുന്നു.
ഖേദകരമെന്നു പറയട്ടെ, നീതി കരസ്ഥമാകും മുമ്പ് ദളിത്, ന്യൂനപക്ഷ പോരാട്ടത്തിന്റെ എച്ച് സി യു മോഡല്‍ ജെ എന്‍ യുവിലെ അഫ്‌സല്‍ ഗുരു വിഷയത്തോടെ അട്ടിമറിക്കപ്പെടുകയും രണ്ടിനെയും ഒരേ അലയൊലിയായി വിലയിരുത്തുകയും ചെയ്യപ്പെട്ടതോടെ ക്യാമറക്കണ്ണുകളടക്കം ക്യാപിറ്റല്‍ ഓഫ് ഇന്ത്യയുടെ ഹൃദയഭാഗത്തുള്ള ജെ എന്‍ യു വിലേക്ക് മാത്രമായി ശ്രദ്ധ കേന്ദ്രീകരിച്ചു എന്നതൊരു സത്യമാണ്.

ചലോ ഡല്‍ഹിയോടെ എച്ച് സി യു പൂര്‍ണമായും തിരശ്ശീലക്ക് പിന്നിലേക്കൊതുക്കപ്പെട്ടു. ജെ എന്‍ യു വും എച്ച് സി യുവും തമ്മില്‍ താരതമ്യപ്പെടുത്തുന്നത് തന്നെ അസംബന്ധമാണ്. എന്നാല്‍, ഒരു പൊതു ശത്രുവില്‍ നിന്നുള്ള ആക്രമണമായതിനാല്‍ രണ്ട് പ്രതിഷേധവും ഏകീകൃത സ്വഭാവം കൈ വരിക്കുകയായിരുന്നു എന്നേ വിലയിരുത്താനാകൂ.
മാര്‍ച്ച് 22 എച്ച് സി യു വീണ്ടും പൊതു സമൂഹത്തില്‍ ചര്‍ച്ചയായ ദിനമാണ്. ഡല്‍ഹിയില്‍ നിന്നും മനുസ്മൃതി വീണ്ടും ഹൈദരാബാദിലേക്ക് വണ്ടി കയറിയ ദിനം. പ്രൊഫസര്‍ അപ്പാ റാവു രണ്ട് മാസത്തോളം ലീവില്‍ പോയി വീണ്ടും ചാര്‍ജെടുക്കാനെത്തിയതായിരുന്നു. സത്യത്തില്‍ രോഹിതിന്റെ മരണത്തില്‍ വ്യക്തമായ പങ്കുള്ള അയാള്‍ മുന്‍കൂട്ടിയുള്ള പല അജന്‍ഡകളുമായാണ് ക്യാമ്പസിലെത്തിയിരുന്നത്.

രഹസ്യമായി തന്റെ ശിങ്കിടികളുമായി വി സി താമസസ്ഥലത്ത് വെച്ച് യോഗം കൂടുകയും ഗൂഢാലോചന നടത്തുകയും ചെയ്യുന്നുവെന്ന വാര്‍ത്ത പരന്നതോടെ വിദ്യാര്‍ഥികള്‍ പ്രതിഷേധിക്കാന്‍ തന്നെയാണ് അവിടെയെത്തിയത്. തീര്‍ത്തും സമാധാനപരമായ പ്രതിഷേധം. ഒരു പ്രകോപനവും സൃഷ്ടിക്കാത്ത ആ സമരത്തെ ലാത്തിയും ബൂട്ടുമായി പോലീസ് കൈകാര്യം ചെയ്തതിന്റെ പിന്നിലെ യുക്തി സംഘിയല്ലാത്ത ഏതൊരാള്‍ക്കും ഊഹിക്കാവുന്നതേയുള്ളൂ.
വിദ്യാര്‍ഥിനികളുടെ അടിവയറ്റിലടക്കം മര്‍ദിച്ച്, രണ്ട് അധ്യാപകരും ഒരു മാധ്യമ പ്രവര്‍ത്തകനും വിദ്യാര്‍ഥികളുമടക്കം 27 പേരെ ജയിലിലടച്ച്, ഹോസ്റ്റലുകളിലെ ഭക്ഷണവും വെള്ളവും ഇന്റര്‍നെറ്റും വൈദ്യുതിയും ഇല്ലാതാക്കി, സമ്പൂര്‍ണ പോലീസ് കാവലില്‍ ഒരു യൂനിവേഴ്‌സിറ്റിയെ കാരാഗ്രഹമാക്കിയ കിരാത നടപടിക്കെതിരെ രാജ്യത്ത് കാര്യമായ പ്രതിഷേധങ്ങളും പ്രതികരണങ്ങളും ഉയര്‍ന്നില്ല എന്നതാണ് ദുഃഖകരം.

എന്ത്‌കൊണ്ടോ കന്‍ഹയ്യക്ക് കിട്ടിയത് പോലുള്ള ഐക്യദാര്‍ഢ്യം സംഭവിച്ചില്ല. പുറത്താക്കി ഗേറ്റ് പൂട്ടിയത് വിദ്യാര്‍ഥികളാണെന്ന പോലെയായിരുന്നു മാധ്യമങ്ങളടക്കം ആദ്യം പ്രവര്‍ത്തിച്ചിരുന്നത്. വി സിയുടെ താമസസ്ഥലം ആക്രമിച്ചു എന്ന ഇല്ലാക്കഥ പ്രചരിപ്പിക്കാനും പ്രതിഷേധക്കാരില്‍ കുറ്റം ചാര്‍ത്താനുമാണ് മാധ്യമങ്ങളടക്കം തയ്യാറായത്. വിശന്നിരിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഭക്ഷണമുണ്ടാക്കാനും വിതരണം ചെയ്യാനുമുള്ള ശ്രമം പോലും പോലീസ് തടഞ്ഞു. അതിന് മുന്‍കൈയെടുത്ത ഉദയഭാനു എന്ന വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദിക്കപ്പെട്ട് അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കേണ്ടി വന്നു. ദളിതര്‍ക്ക് വേണ്ടി നിലകൊണ്ടു എന്നതു മാത്രമായിരുന്നു വിദ്യാര്‍ഥികള്‍ ചെയ്ത കുറ്റം.

ഇത്രയൊക്കെ സംഭവിച്ചിട്ടും വിരലിലെണ്ണാവുന്ന പ്രതികരണങ്ങളേ ഉണ്ടായുള്ളൂ എന്നതാണ് ഏറെ അത്ഭുതപ്പെടുത്തിയത്. തീവ്ര ഹിന്ദുത്വതയുടെ അട്ടഹാസങ്ങളില്‍ വിറങ്ങലിച്ച് പോകുന്നവര്‍ക്ക്, നിശ്ശബ്ദരാകുന്നവര്‍ക്ക് ഹൈദരാബാദ് യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥികളില്‍ നിന്ന് ഒട്ടേറെ പഠിക്കാനുണ്ട്. അടിച്ചമര്‍ത്തുന്തോറും ഊര്‍ജം സംഭരിച്ച് ധാര്‍ഷ്ട്യത്തിനു നേരെ വിരല്‍ ചൂണ്ടുന്ന വിപ്ലവത്തിന്റെ പാഠമാണത്.
സമരം ഇപ്പോഴും തീര്‍ന്നിട്ടില്ല. കുറ്റവാളികള്‍ യൂനിവേഴ്‌സിറ്റിയില്‍ നിന്നെങ്കിലും പുറത്താകുന്നത് വരെ തീരുകയുമില്ല. രോഹിത്തിന്റെ പ്രതിമയടക്കം സമരത്തിന്റെ സര്‍വ നിഴലുകളെയും പുറന്തള്ളാനുള്ള നടപടിയിലേക്കാണ് അപ്പാ റാവു തയ്യാറെടുക്കുന്നത്. രക്ഷിതാക്കള്‍ക്കോ മറ്റാര്‍ക്കെങ്കിലുമോ സന്ദര്‍ശിക്കാനാകാത്ത വിധം ഒരു സര്‍വകലാശാല താഴിട്ട് പൂട്ടിയിട്ടും പ്രതികരിക്കാന്‍ മടിക്കുന്നവരുടെ മൗനം തന്നെയാണ് ജനാധിപത്യത്തിന്റെ ഭീഷണി. അതു തിരിച്ചറിയാത്തിടത്തോളം രോഹിത്തുമാര്‍ക്ക് മരണം തന്നെയാകും പോംവഴി.

 

LEAVE A REPLY

Please enter your comment!
Please enter your name here