പാല്‍മിറയില്‍നിന്ന് ഇസിലിനെ ഇറക്കിവിടുമ്പോള്‍

പാല്‍മിറയില്‍ ഇസില്‍ സംഘത്തിനെതിരെ നേടിയ വിജയം സൈനികമായി വലിയ കാര്യം തന്നെയാണ്. രാഷ്ട്രീയമായി ബശര്‍ അല്‍ അസദ് ഭരണകൂടത്തിന് നിര്‍ണായകമായ പ്രയോജനങ്ങള്‍ ലഭ്യമാക്കുന്നുണ്ട് ഈ വിജയം. തനിക്ക് പോരാട്ട ശേഷിയുള്ള ഒരു സൈന്യമുണ്ട് എന്ന് തെളിയിക്കാന്‍ ബശര്‍ ഇത് ഉപയോഗിക്കും. അദ്ദേഹത്തെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റി ഒരു ദേശീയ സര്‍ക്കാറിനെ വാഴിക്കുന്നതാണ് സിറിയന്‍ പ്രതിസന്ധിക്കുള്ള പരിഹാരമെന്ന അമേരിക്കന്‍ നിലപാടിനെ പ്രതിരോധിക്കാനും ബശര്‍ അല്‍ അസദിന് ഈ വിജയം ത്രാണി നല്‍കിയേക്കാം. പക്ഷേ ഒരു കാര്യം ഓര്‍ക്കണം. വന്‍ ശക്തികള്‍ തന്നെയാണ് സിറിയയില്‍ എന്ത് നടക്കണമെന്ന് തീരുമാനിക്കുന്നത്.
Posted on: April 3, 2016 11:25 am | Last updated: April 3, 2016 at 11:25 am
SHARE

palmiraസിറിയയിലെ പുരാതന നഗരമായ പാല്‍മിറയില്‍ നിന്ന് ഇസില്‍ ഭീകരവാദികളെ തുരത്തി ബശര്‍ അല്‍ അസദിന്റെ സൈന്യം നിയന്ത്രണം ഏറ്റെടുത്തത് വലിയ മുന്നേറ്റമായാണ് ആഘോഷിക്കപ്പെടുന്നത്. ഇവിടെയുള്ള പുരാതന വസ്തുക്കള്‍ കൊള്ളയടിച്ച് ഇസില്‍ സംഘം കോടിക്കണക്കിന് ഡോളര്‍ സമ്പാദിച്ചിട്ടുണ്ട്. നഗരം തകര്‍ത്ത് തരിപ്പണമാക്കിയപ്പോള്‍ ഇത്തരം വസ്തുക്കള്‍ കേടു വരുത്താതെ എടുത്തു മാറ്റി കയറ്റി അയക്കുകയാണ് അവര്‍ ചെയ്തത്. ഇത്തരം വസ്തുക്കള്‍ക്ക് സാധാരണഗതിയില്‍ കമ്പോളത്തില്‍ ലഭിക്കുന്നതിനേക്കാള്‍ എത്രയോ കുറഞ്ഞ വിലക്കാണത്രേ ഇവയൊക്കെ വിറ്റത്.

ഇസില്‍ സംഘത്തോട് യുദ്ധം പ്രഖ്യാപിച്ച പാശ്ചാത്യ രാജ്യങ്ങളിലെ ഏജന്‍സികള്‍ തന്നെയാണ് ഈ വസ്തുക്കള്‍ വാങ്ങിയതും വില്‍പ്പനക്ക് ഇടനിലക്കാരായതും. ഇസില്‍ സംഘം കൊള്ളയടിച്ച എണ്ണ വാങ്ങിയതും വന്‍ ശക്തികളാണല്ലോ. ഉപേക്ഷിക്കപ്പെട്ട നഗരമായി മാറിക്കഴിഞ്ഞ പാല്‍മിറ സിറിയന്‍ സൈന്യം തിരിച്ചു പിടിച്ചിരിക്കുന്നു. സൈനിക ദൗത്യത്തില്‍ 500 ഇസില്‍ തീവ്രവാദികള്‍ കൊല്ലപ്പെട്ടുവെന്നാണ് കണക്ക്.

ഈ സൈനിക വിജയത്തിന് എത്രമാത്രം പ്രാധാന്യമുണ്ട്? തകര്‍ന്നടിഞ്ഞ സിറിയയിലെ നിരാലംബരായ മനുഷ്യരുടെ ജീവിതത്തില്‍ ഈ മുന്നേറ്റം എങ്ങനെയാണ് പ്രതിഫലിക്കാന്‍ പോകുന്നത്? ഇസിലിന് തുടര്‍ തിരിച്ചടികള്‍ നല്‍കാന്‍ ഈ വിജയം പര്യാപ്തമാണോ? സിറിയയുടെ പേരില്‍ നടക്കുന്ന ചര്‍ച്ചകളെ ഇത് ഏതെങ്കിലും വിധത്തില്‍ സ്വാധീനിക്കുമോ?

ഏതായാലും സിറിയന്‍ പ്രസിഡന്റ് ബശര്‍ അല്‍ അസദിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്ന പാശ്ചാത്യ മാധ്യമങ്ങള്‍ പാല്‍മിറ വിജയത്തോടെ അദ്ദേഹത്തെ വാഴ്ത്താന്‍ തുടങ്ങിയിരിക്കുന്നു. തിരിച്ചു പിടിക്കപ്പെട്ടത് പാല്‍മിറയായത് കൊണ്ടാണ് ഇത്ര ഉച്ചസ്ഥായിയിലുള്ള ആഘോഷമെന്ന് സൂക്ഷ്മ നിരീക്ഷണത്തില്‍ വ്യക്തമാകും. രണ്ടായിരം വര്‍ഷം പഴക്കമുള്ള നഗരം സംരക്ഷിക്കപ്പെടുമല്ലോയെന്ന പുരാവസ്തുപരമായ ആശ്വാസവും സന്തോഷവും മാത്രമല്ല പാശ്ചാത്യ മാധ്യമങ്ങളുടെ ഈ തുള്ളിച്ചാടലിന് പിന്നിലുള്ളത്. മരുഭൂമിയുടെ മണവാട്ടിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ സിറിയന്‍ നഗരം ഇസ്‌ലാമിക പാരമ്പര്യത്തെയല്ല റോമന്‍ ഭരണ കാലത്തെയാണ് ഉയര്‍ത്തിപ്പിടിക്കുന്നത്. ആ നിലക്ക് അധിനിവേശത്തിന്റെയും സാമ്രാജ്യത്വ വിജയങ്ങളുടെയും പ്രതീകം കൂടിയാണ് ഈ നഗരം.

തികഞ്ഞ പാരമ്പര്യ വിരോധികളായ ഇസില്‍ ഭീകരവാദികള്‍ ഇറാഖിലെ തിക്‌രീത്തും മൂസ്വിലുമൊക്കെ പിടിച്ചടക്കിയപ്പോള്‍ തകര്‍ത്തെറിഞ്ഞ മഖ്ബറകള്‍ക്കും പുണ്യ കേന്ദ്രങ്ങള്‍ക്കും കൈയും കണക്കുമില്ല. ഇസ്‌ലാമിക ചരിത്രത്തിന്റെ അമൂല്യമായ തിരുശേഷിപ്പുകളാണ് തുടച്ച് മാറ്റപ്പെട്ടത്. അന്നൊന്നും യുനസ്‌കോയോ പാശ്ചാത്യ വിശാരദന്‍മാരോ വിലപിച്ച് കണ്ടില്ല. ഇസ്‌ലാമിക ചരിത്രത്തിന്റെ നിദര്‍ശനമായി, ആധുനിക ലോകത്ത് ആത്മീയ പ്രഭ പരത്തി നിലകൊണ്ടിരുന്ന ഈ പുണ്യസ്ഥലങ്ങള്‍ തകര്‍ത്തെറിഞ്ഞപ്പോള്‍ സത്യത്തില്‍ ഇസ്‌ലാമോഫോബിയക്കാര്‍ മുഴുവന്‍ ആഹ്ലാദിക്കുകയാണ് ചെയ്തത്. അവരുടെ ലക്ഷ്യം ഇസ്‌ലാമിക സംസ്‌കൃതിയുടെ വേരുകള്‍ അറുക്കുകയെന്നതാണല്ലോ. പാരമ്പര്യത്തെ നിഷേധിക്കുന്ന, ആധുനികവത്കരിക്കപ്പെട്ട, ആര്‍ക്കും വളച്ചൊടിക്കാവുന്ന വെറുമൊരു വിശ്വാസമായി ഈ സംസ്‌കൃതിയെ ചുരുക്കിക്കെട്ടാനാണല്ലോ അവര്‍ കിണഞ്ഞു പരിശ്രമിക്കുന്നത്.

അത്‌കൊണ്ട് പാല്‍മിറയെക്കുറിച്ച് അവര്‍ വലിയ ഉത്കണ്ഠ കാണിക്കും. ബഗ്ദാദിലെ ഗ്രന്ഥശാലകള്‍ അഗ്‌നിക്കിരയാക്കും. മഹാമനീഷികളുടെ മഖ്ബറകള്‍ക്ക് ബോംബിട്ട് തകര്‍ക്കുന്നവര്‍ക്ക് സ്‌ഫോടക വസ്തുക്കള്‍ എത്തിച്ചു കൊടുക്കും.
പക്ഷേ, പാല്‍മിറയില്‍ ഇസില്‍ സംഘത്തിനെതിരെ നേടിയ വിജയം സൈനികമായി വലിയ കാര്യം തന്നെയാണ്. ഇസിലിന്റെ ആധിപത്യത്തിന്‍ കീഴിലുള്ള 15 ശതമാനം പ്രദേശങ്ങളുടെ നിയന്ത്രണം അവര്‍ക്ക് നഷ്ടമായി എന്ന വാര്‍ത്തകള്‍ക്കിടെയാണ് പാല്‍മിറയിലെ സൈനിക വിജയമെന്നത് ആശ്വാസത്തിന് വക നല്‍കുന്നുമുണ്ട്്. തന്ത്രപ്രധാനമായ സ്ഥാനമാണ് പാല്‍മിറക്ക് ഉള്ളത്.

ഏറെക്കുറെ പൂര്‍ണമായി തകര്‍ക്കപ്പെട്ട ഈ നഗരം വരുതിയിലാകുന്നതും അവിടെയുള്ള വ്യോമത്താവളം നിയന്ത്രണത്തിലാകുന്നതും കിഴക്കന്‍ സിറിയയിലാകെ മുന്നേറ്റം നടത്താന്‍ സര്‍ക്കാര്‍ സൈന്യത്തെ പ്രാപ്തമാക്കും. ദേര്‍ അസൂര്‍ പോലുള്ള സമീപസ്ഥ നഗരങ്ങളെ മോചിപ്പിക്കാന്‍ അവര്‍ക്ക് ആത്മവിശ്വാസം ലഭിക്കുകയും ചെയ്യും. മാത്രമല്ല, ഇസിലിന്റെ സിറിയയിലെ തലസ്ഥാനമെന്ന് വിശേഷിപ്പിക്കപ്പെടുന്ന റഖാ നഗരത്തിനായി ഒന്നു ശ്രമിച്ചു നോക്കാന്‍ സൈന്യത്തിന് പാല്‍മിറ വിജയം പ്രാപ്തി നല്‍കിയേക്കാം. അങ്ങനെ നോക്കുമ്പോള്‍ ഇസിലിനെതിരെ സമീപകാലത്ത് നേടിയ ഏറ്റവും വലിയ സൈനിക വിജയം തന്നെയാണ് പാല്‍മിറയിലേതെന്ന് പറയേണ്ടി വരും.

കൊബാനിയില്‍ നിന്ന് ഇസിലിനെ തുരത്താനായത് ഇത്തരത്തിലുള്ള ഒരു വിജയം തന്നെയായിരുന്നു. അത് പക്ഷേ, ബശറിന്റെ സൈന്യത്തിന്റെ വിജയമായിരുന്നില്ല. അവിടെ പോരാടിയത് കുര്‍ദ് സേനയായിരുന്നു.
രാഷ്ട്രീയമായി ബശര്‍ അല്‍ അസദ് ഭരണകൂടത്തിന് നിര്‍ണായകമായ പ്രയോജനങ്ങള്‍ ലഭ്യമാക്കുന്നുണ്ട് പാല്‍മിറ വിജയം. ബശര്‍ ഭരണകൂടത്തിന് (റഷ്യയുടെ പിന്‍ബലത്തിലാണെങ്കിലും) പോരാട്ട ശേഷിയുള്ള ഒരു സൈന്യമുണ്ട് എന്ന് തെളിയിക്കാന്‍ പാല്‍മിറ വിജയം ഉപകരിക്കും. തന്നെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റി ഒരു ദേശീയ സര്‍ക്കാറിനെ വാഴിക്കുന്നതാണ് സിറിയന്‍ പ്രതിസന്ധിക്കുള്ള പരിഹാരമെന്ന അമേരിക്കന്‍ നിലപാടിനെ പ്രതിരോധിക്കാനും ബശര്‍ അല്‍ അസദിന് ഈ വിജയം ത്രാണി നല്‍കിയേക്കാം.

ജനീവയില്‍ നടന്നവരുന്ന സമാധാന ചര്‍ച്ചകളുടെ ദിശ തന്നെ മാറ്റാന്‍ ഇത് കാരണമായേക്കും. അസദിനെ മാറ്റുന്ന കാര്യത്തില്‍ റഷ്യയും അമേരിക്കയും തമ്മില്‍ കൃത്യമായ ധാരണയിലെത്തിയിട്ടില്ലെങ്കിലും അദ്ദേഹത്തെ സംരക്ഷിച്ച് നിര്‍ത്തുകയെന്നത് വലിയ ബാധ്യതയാണെന്ന തിരിച്ചറിവില്‍ റഷ്യ എത്തിച്ചേര്‍ന്നിട്ടുണ്ട്. വലിയ വിട്ടുവീഴ്ചകള്‍ക്ക് അസദ് തയ്യാറാകേണ്ടി വരുമെന്ന സന്ദേശം റഷ്യ നല്‍കിക്കഴിഞ്ഞു. കുര്‍ദ് സ്വയംഭരണ പ്രദേശം പ്രഖ്യാപിക്കുന്നതിനോട് റഷ്യയുടെ സമീപനം നോക്കിയാല്‍ ഇത് വ്യക്തമാകും. വടക്കന്‍ സിറിയയില്‍ കുര്‍ദ് നിയന്ത്രണത്തിലുള്ള മൂന്ന് മേഖലകളെ (അഫ്രിന്‍, കൊബാനെ, ജാസിറ) സ്വയംഭരണ ഫെഡറല്‍ സംവിധാനമായി സിറിയന്‍ കുര്‍ദ് ഡെമോക്രാറ്റിക് യൂനിയന്‍ പാര്‍ട്ടി (പി വൈ ഡി)യും മറ്റു സഖ്യപാര്‍ട്ടികളും പ്രഖ്യാപിച്ചിരിക്കുകയാണ്.

മൂന്ന് കുര്‍ദ് മേഖലകളെയും ഒരൊറ്റ ഫെഡറല്‍ സംവിധാനത്തിന് കീഴിലാക്കുന്നതാണ് ഈ പദ്ധതി. സിറിയയെ വിഭജിക്കുന്നതിന് തുല്യമാണ് ഈ നീക്കമെന്ന് ബശര്‍ അല്‍ അസദും പ്രതിപക്ഷ കക്ഷികളും ഒരു പോലെ വിലപിക്കുന്നു. രാഷ്ട്രത്തിനകത്ത് മറ്റൊരു രാഷ്ട്രം പണിയുന്ന ഈ ഏര്‍പ്പാടിനെതിരെ അന്താരാഷ്ട്ര കക്ഷികള്‍ രംഗത്ത് വരണമെന്ന് സര്‍ക്കാറും വിമതരും പ്രതിപക്ഷ ഗ്രൂപ്പുകളുമെല്ലാം ആവശ്യപ്പെട്ടിട്ടും ഒരുത്തനും തിരിഞ്ഞു നോക്കിയിട്ടില്ല. അതോടെ ഒരു കാര്യം വ്യക്തമായി. ആപല്‍ബാന്ധവരെന്ന് സിറിയയിലെ ഭരണകൂടവും പ്രതിപക്ഷവും വിശ്വസിച്ചിരുന്നവരുടെയെല്ലാം ആശീര്‍വാദത്തോടെയാണ് കുര്‍ദുകള്‍ ‘സ്വന്തം രാജ്യം’ പണിയുന്നത്. ഇറാഖില്‍ യസീദികളെ ഇസില്‍ തീവ്രവാദികളില്‍ നിന്ന് മോചിപ്പിക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചതോടെ ഈയടുത്ത കാലത്ത് യു എസുമായി കുര്‍ദ് നേതൃത്വം ഏറെ അടുപ്പം പുലര്‍ത്തുന്നു.

റഷ്യയുമായും അവര്‍ക്ക് ബന്ധങ്ങളുണ്ട്. മോസ്‌കോയില്‍ നയതന്ത്ര ഓഫീസ് വരെയുണ്ട്. ഈ രണ്ട് വന്‍ ശക്തികളുടെയും പിന്തുണ കുര്‍ദ് സ്വയംഭരണ മേഖലക്ക് ഔദ്യോഗിക സ്വഭാവം നല്‍കുന്നു. കുര്‍ദ് വിഘടനവാദം കൊണ്ട് പൊറുതി മുട്ടുന്ന തുര്‍ക്കിയെയാണ് ഈ സ്ഥിതിവിശേഷം വിഷമവൃത്തത്തിലാക്കുന്നത്. മാത്രമല്ല റഷ്യയുടെ സൈനിക പിന്‍മാറ്റത്തിന് തൊട്ടു പിറകേ കുര്‍ദ് പ്രഖ്യാപനം വന്നത് യാദൃച്ഛികമല്ല താനും. ബശര്‍ അല്‍ അസദിന് കൃത്യമായ സന്ദേശം നല്‍കുകയാണ് റഷ്യ. പാല്‍മിറ ചൂണ്ടിക്കാണിച്ച് അസദിന് ഇപ്പോള്‍ ഇങ്ങനെ വാദിക്കാനാകും: ‘സിറിയയില്‍ ഇപ്പോള്‍ വേണ്ടത് ശക്തമായ ഭരണകൂടമാണ്.

ഇസിലിനെ തുരത്തി രാജ്യത്തെ മോചിപ്പിക്കാന്‍ അത്തരമൊരു സംവിധാനത്തിനേ സാധിക്കൂ. തീര്‍ച്ചയായും റഷ്യയുടെയും അമേരിക്കയുടെയും മറ്റു സഹായദാതാക്കളുടെയും പിന്തുണ ഫലപ്രദമായി ഉപയോഗിക്കും. വിമത ഗ്രൂപ്പുകളെയും വിശ്വാസത്തിലെടുക്കും’. പക്ഷേ ചോദ്യമിതാണ്. ബശറിന്റെ കാര്യത്തില്‍ റഷ്യയും അമേരിക്കയും എത്തിച്ചേര്‍ന്ന ധാരണ എന്താണ്?
പാല്‍മിറ വിജയത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യ അതിന്റെ നില ഭദ്രമാക്കുന്നുവെവെന്ന് കൂടി കാണേണ്ടതുണ്ട്. സിറിയയില്‍ നേരിട്ട് ഇടപെടാന്‍ അമാന്തിച്ചു നിന്ന റഷ്യ പൊടുന്നനെ കളത്തിലിറങ്ങുകയായിരുന്നുവല്ലോ. അതോടെ യു എസിന് നില്‍ക്കക്കള്ളിയില്ലാതെയായി. ഇസിലിനെ തുരത്താനെന്ന പേരില്‍ സിറിയന്‍ ആകാശത്ത് അവകാശം സ്ഥാപിച്ച അമേരിക്കക്ക് റഷ്യയുടെ കടന്നുവരവ് ഒട്ടും രസിച്ചില്ല. അതോടെ അവര്‍ എതിര്‍ പ്രചാരണം തുടങ്ങി.

ശീതസമരകാലത്തിന്റെ ആവര്‍ത്തനം നടക്കുന്ന പല വേദികളിലൊന്നായി സിറിയ അധഃപതിച്ചു. ബശര്‍വിരുദ്ധ ഗ്രൂപ്പുകളെ ലക്ഷ്യമിട്ടാണ് റഷ്യന്‍ വ്യോമസേന ആക്രമണം നടത്തുന്നത് എന്നായിരുന്നു അമേരിക്കയുടെയും കൂട്ടാളികളുടെയും പ്രധാന ആരോപണം. ഇറാന്‍, ലബനാനിലെ ഹിസ്ബുല്ല, റഷ്യ എന്നിവ ചേര്‍ന്ന് ബശറിനെ സംരക്ഷിക്കാന്‍ ഒരു മുന്നണി ഉണ്ടാക്കിയിരിക്കുകയാണെന്നും ആരോപിക്കപ്പെട്ടു. ഇസിലിനെതിരെ നിര്‍ണായക വിജയമൊന്നും റഷ്യക്ക് നേടാന്‍ കഴിയാതിരുന്നത് ഈ ആരോപണങ്ങള്‍ക്ക് ശക്തി പകര്‍ന്നു. ഇപ്പോള്‍ പാല്‍മിറയില്‍ ബശറിന്റെ സൈന്യം വിജയിച്ചിരിക്കുന്നത് റഷ്യയുടെ പിന്‍ബലത്തോടെയാണ്. അത്‌കൊണ്ട് തങ്ങള്‍ പോരാടുന്നത് ഇസിലിനോട് തന്നെയാണെന്ന് റഷ്യക്ക് ഇനിയുള്ള നാളുകളില്‍ നിവര്‍ന്ന് പറയാനുള്ള ഹേതുവായി പാല്‍മിറ ഉപയോഗിക്കപ്പെടും.

തങ്ങളുടെ മണ്ണില്‍ സ്‌ഫോടനങ്ങള്‍ തുടര്‍ക്കഥയായതോടെ അതിര്‍ത്തിയില്‍ കൈകൊണ്ട അതീവ ജാഗ്രതയുടെ ഫലമാണ് ഇസിലിന്റെ തളര്‍ച്ചയെന്ന് തുര്‍ക്കി അവകാശപ്പെടുന്നുണ്ട്. ആ വ്യാഖ്യാനം അംഗീകരിച്ചാല്‍, തുര്‍ക്കി ഇതിനു മുമ്പ് ഇസില്‍ സംഘത്തോട് മൃദു സമീപനം പുലര്‍ത്തിയിരുന്നുവെന്ന് സമ്മതിക്കേണ്ടി വരും.
സാമ്രാജ്യത്വശക്തികളുടെ പല അടരുകളുള്ള താത്പര്യങ്ങളുടെ നടത്തിപ്പു ചുമതലയാണ് ഇസില്‍ അടക്കമുള്ള മുഴുവന്‍ തീവ്രവാദ ഗ്രൂപ്പുകളും ഏറ്റെടുത്തിട്ടുള്ളത് എന്നതിനാല്‍ അവരെ ആക്രമിച്ച് കീഴ്‌പ്പെടുത്തിയെന്നതിനെ കേവലമായ അര്‍ഥത്തില്‍ മാത്രം വിശകലനം ചെയ്യാനോ ആശ്വസിക്കാനോ സാധ്യമല്ല. ഇസില്‍ സംഘം ഉപയോഗിക്കുന്നത് വന്‍ ശക്തികളെന്ന് വിളിക്കപ്പെടുന്നവര്‍ നല്‍കുന്ന ആയുധങ്ങളാണ്.

പല ഘട്ടങ്ങളിലായി ഇവര്‍ക്ക് പരിശീലനം നല്‍കിയിട്ടുള്ളത് ഈ ശക്തികളുടെ തന്നെ രഹസ്യാന്വേഷണ വിഭാഗങ്ങളാണ്. ഇറാഖ് അടക്കമുള്ള വ്യവസ്ഥാപിത ഭരണകൂടങ്ങള്‍ നിലനിന്ന രാജ്യങ്ങളെ വംശീയതയുടെയും പെട്രോ രാഷ്ട്രീയത്തിന്റെയും ഭൗമരാഷ്ട്രീയ കുതന്ത്രങ്ങളുടെയും പിന്‍ബലത്തില്‍ ശിഥിലമാക്കിയാണ് ഇത്തരം ശക്തികള്‍ക്ക് വേരാഴ്ത്തി വളരാന്‍ അമേരിക്കയും കൂട്ടാളികളും അവസരമൊരുക്കിയത്. എന്നിട്ടിപ്പോള്‍ അവര്‍ തന്നെ വിലപിക്കുന്നു, ചരിത്രത്തിലെ ഏറ്റവും ഭീകരമായ പ്രസ്ഥാനമാണ് ഇസിലെന്ന്. ഇതേ ശക്തികള്‍ തന്നെയാണ് സിറിയയില്‍ എന്ത് നടക്കണമെന്ന് തീരുമാനിക്കുന്നത്. അവരുടെ തീര്‍പ്പില്‍ നിന്ന് മോചിതമാകാത്തിടത്തോളം കാലം അവിടെ ഒരു ഭരണകൂടമുണ്ടെന്ന് പറയാനാകില്ല. ഒറ്റപ്പെട്ട വിജയങ്ങള്‍ കൊണ്ട് അവിടുത്തെ ജനങ്ങള്‍ സ്വാസ്ഥ്യത്തിലേക്ക് ഉണരുമെന്ന് പ്രത്യാശിക്കാനും തരമില്ല.

 

 

LEAVE A REPLY

Please enter your comment!
Please enter your name here