വാഹന പരിശോധന: ഒറിജിനല്‍ ലൈസന്‍സ് ഹാജരാക്കണമെന്ന് ഡിജിപിയുടെ സര്‍ക്കുലര്‍

Posted on: April 2, 2016 9:22 pm | Last updated: April 3, 2016 at 12:09 pm

dgp-senkumarകോഴിക്കോട്: വാഹന പരിശോധന നടത്തുന്ന പോലീസ് ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടാല്‍ ഒറിജിനല്‍ ലൈസന്‍സ് ഹാജരാക്കണമെന്ന് വ്യക്തമാക്കി ഡിജിപി ടിപി സെന്‍കുമാറിന്റെ സര്‍ക്കുലര്‍. ഡ്രൈവിംഗ് ലൈസന്‍സ് നിയമപ്രകാരം എവിടെയങ്കിലും സമര്‍പ്പിക്കപ്പെട്ട സാഹചര്യത്തിലോ പിടിച്ചെടുക്കപ്പെട്ട സാഹചര്യത്തിലോ മാത്രമേ ഇതില്‍ ഇളവുള്ളൂവെന്നും ഡിജിപി പുറത്തിറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. പൊതുനിരത്തില്‍ വാഹനമോടിക്കുമ്പോള്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് വാഹനപരിശോധനയില്‍ ആവശ്യപ്പെട്ടാവുന്ന രേഖകള്‍ സംബന്ധിച്ച് പുറത്തിറക്കിയ പ്രത്യേക സര്‍ക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. വാഹനപരിശോധനയില്‍ ചില ഉദ്യോഗസ്ഥര്‍ നിയമപിന്‍ബലമില്ലാത്ത രേഖകള്‍ ആവശ്യപ്പെട്ടുന്നത് നിമിത്തം വാഹനങ്ങളില്‍ സഞ്ചരിക്കുന്നവര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഇത്തരമൊരു സര്‍ക്കുലര്‍ പുറത്തിറക്കുന്നതെന്നും സര്‍ക്കുലറില്‍ പറയുന്നു.

1988ലെ മോട്ടോര്‍ വാഹന നിയമം 130(1)-ാം വകുപ്പ് പ്രകാരം പൊതു നിരത്തിലുള്ള ഒരു മോട്ടോര്‍ വാഹനത്തിന്റെ ഡ്രൈവര്‍ തന്റെ ലൈസന്‍സിന്റെ അസ്സല്‍ രേഖ യൂനിഫോം ധരിച്ച പോലീസ് ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടുന്നതനുസരിച്ച് പരിശോധനക്ക് ഹാജരാക്കണം. എന്നാല്‍ ഡ്രൈവിംഗ് ലൈസന്‍സ് നിയമപ്രകാരം ഏതെങ്കിലും ഉദ്യോഗസ്ഥനോ അധികാരസ്ഥാനത്തിനോ സമര്‍പ്പിക്കപ്പെട്ടിട്ടുള്ള സാഹചര്യത്തിലും നിയമപ്രകാരം ഉത്തവാദപ്പെട്ട ഉദ്യോഗസ്ഥര്‍ ഡ്രൈവിംഗ് ലൈസന്‍സ് പിടിച്ചെടുത്ത സാഹര്യത്തിലും പ്രസ്തുത ഉദ്യോഗസ്ഥന്‍ നല്‍കിയ രസീസിന്റെ അസ്സല്‍ ലൈസന്‍സിന് പകരം ഹാജരാക്കേണ്ടതും പിന്നീട് നിശ്ചിത സമയപരിധിക്കുള്ളില്‍ ആവശ്യം ഉന്നയിച്ച് പോലീസ് ഉദ്യോഗസ്ഥന്‍ മുമ്പാകെ അസ്സല്‍ ഹാജരാക്കേണ്ടതുമാണെന്ന് സര്‍ക്കുലറില്‍ പറയുന്നു.

കേന്ദ്ര മോട്ടോര്‍ വാഹന ചട്ടങ്ങളിലെ 139ാം ചട്ടപ്രകാരം ഡ്രൈവര്‍ക്ക് അസ്സല്‍ രേഖകള്‍ കൈയിലില്ലെങ്കില്‍ ഡ്രൈവിംഗ് ലൈസന്‍സിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍ക്ക് ഹാജരാക്കാമെന്ന് പരാമര്‍ശിക്കുന്നുണ്ട്. എന്നാല്‍ കേന്ദ്ര ചട്ടങ്ങളിലെ വ്യവസ്ഥകള്‍ക്ക് കേന്ദ്ര നിയമത്തിലെ വ്യവസ്ഥകളുമായി വൈരുദ്ധ്യമുള്ള പക്ഷം കേന്ദ്ര നിയമത്തിലെ വ്യവസ്ഥകള്‍ നിലനില്‍ക്കുന്നതാണെന്ന് സര്‍ക്കുലര്‍ ചൂണ്ടിക്കാട്ടുന്നു.

ഡ്രൈവിംഗ് ലൈസന്‍സിന് പുറമെ ഇന്‍ഷൂറന്‍സ് സര്‍ട്ടിഫിക്കറ്റ്, രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ട്രാന്‍സ്‌പോര്‍ട്ട് വാഹനമാണെങ്കില്‍ ആക്ടിന്റെ 56ാം വകുപ്പില്‍ പരാമര്‍ശിക്കുന്ന വാഹനവുമായി ബന്ധപ്പെട്ട ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണമെന്ന് സര്‍ക്കുലറില്‍ പറയുന്നു.

സർക്കുലറിൻെറ പൂർണരൂപം

12671743_1017754191652018_7827918815791310937_o12901314_1017754418318662_9173637020394309468_o11257120_1017754541651983_6852914790631926477_o