അറബി റിയാലിറ്റി ഷോയില്‍ മീനാക്ഷിക്ക് കിരീടം

Posted on: April 2, 2016 3:37 pm | Last updated: April 7, 2016 at 6:43 pm
SHARE
ഷാര്‍ജ ടെലിവിഷന്‍ നടത്തിയ സംഗീത റിയാലിറ്റി ഷോയില്‍ ജേതാവായ മീനാക്ഷി,  യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയില്‍ നിന്ന് കിരീടം ഏറ്റുവാങ്ങുന്നു
ഷാര്‍ജ ടെലിവിഷന്‍ നടത്തിയ സംഗീത റിയാലിറ്റി ഷോയില്‍ ജേതാവായ മീനാക്ഷി,
യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയില്‍ നിന്ന് കിരീടം ഏറ്റുവാങ്ങുന്നു

ദുബൈ: ഷാര്‍ജ ടിവിയുടെ റിയാലിറ്റി ഷോയില്‍ മലയാളി പെണ്‍കുട്ടിക്ക് കിരീടം. ഷാര്‍ജ ജെംസ് മില്ലെനിയം സ്‌കൂളിലെ ഏഴാംതരം വിദ്യാര്‍ഥിനിയായ മീനാക്ഷി ജയകുമാറാണ് റിയാലിറ്റി ഷോയില്‍ വിജയിച്ചത്. അറബ് ജനതയെ പോലും വിസ്മയിപ്പിച്ചുകൊണ്ട് അറബി സംഗീതാലാപനത്തില്‍ മികവുറ്റ പ്രകടനം കാഴ്‌വെച്ചാണ് വ്യാഴാഴ്ച രാത്രി നടന്ന ഫൈനല്‍ റൗണ്ടില്‍ മീനാക്ഷി വിജയിച്ചത്.
ഷാര്‍ജ ഭരണാധികാരി ശൈഖ് ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയില്‍ നിന്ന് മീനാക്ഷി ഉപഹാരവും വിജയകിരീടവും ഏറ്റുവാങ്ങി. കുട്ടികള്‍ക്കായുള്ള അറബ് ഗാന മല്‍സരമായ മുന്ഷിദ് ഷാര്‍ജയുടെ എട്ടാം എഡിഷനിലാണ് മീനാക്ഷി ജേതാവായത്. 91 രാജ്യങ്ങളില്‍ നിന്നായി 1,14,251 വോട്ടും മീനാക്ഷിക്ക് ലഭിച്ചിരുന്നു. സമ്മാനത്തുക പുറത്തുവിട്ടിട്ടില്ല.
യു എ ഇ സുപ്രീംകൗണ്‌സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന് ബിന്‍ മുഹമ്മദ് അല്‍ ഖാസിമി രക്ഷാധികാരിയായ ഷാര്‍ജ ടി വി നടത്തുന്ന അറബിഗാന റിയാലിറ്റിഷോ ആയ മുന്‍ഷിദ് ഷാര്‍ജ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് വേണ്ടിയുള്ളതാണ്.
സോപാനസംഗീതമായ അഷ്ടപദി ആലപിക്കുന്ന യു എ ഇ യിലെ അപൂര്‍വം ഗായകരില്‍ ഒരാള്‍കൂടിയാണ് മീനാക്ഷി. സംഗീതമത്സരങ്ങളില്‍ നിരവധി പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്.
യു എ ഇയില്‍ എന്‍ജിനീയറായ എറണാകുളം അങ്കമാലി സ്വദേശി ജയകുമാറിന്റെയും ആയുര്‍വേദ ഡോക്ടര്‍ രേഖയുടെയും മകളാണ് മീനാക്ഷി. പാരമ്പര്യമായി സംഗീതത്തില്‍ താത്പര്യമുള്ള കുടുംബത്തില്‍നിന്നാണ് അമ്മ രേഖ. അമ്മയില്‍നിന്നാണ് സംഗീതത്തിന്റെ ആദ്യപാഠം മീനാക്ഷി നുകര്‍ന്നത്. സഹോദരി കല്യാണിയും പാട്ടില്‍ ഒട്ടും പിന്നിലല്ല. അഞ്ചുവര്‍ഷമായി അബുദാബിയിലെ ദിവ്യ വിമലിന്റെ കീഴില്‍ സംഗീതം അഭ്യസിക്കുന്നുണ്ട് മീനാക്ഷി. നാട്ടിലെ റിയാലിറ്റിഷോകളില്‍ മകളെ പങ്കെടുപ്പിക്കാന്‍ ജോലിത്തിരക്കുകാരണം ജയകുമാറിന് സാധിച്ചിരുന്നില്ല. ഈ അവസരത്തിലാണ് ഷാര്‍ജ ടി വി യിലെ റിയാലിറ്റിഷോയില്‍ അവസരം കിട്ടുന്നത്.