ഓട്ടോ പ്രദര്‍ശനം ഇന്നവസാനിക്കും; പുതിയവക്കു പുറമെ കൗതുകമായി പുരാതന കാറുകളും

Posted on: April 2, 2016 3:35 pm | Last updated: April 6, 2016 at 7:56 pm
SHARE

DSC_0180അബുദാബി: പുരാതന കാറുകള്‍ മുതല്‍ പുത്തന്‍ കാറുകള്‍ വരെ സംഗമിച്ച അബുദാബി മോട്ടോര്‍ പ്രദര്‍ശനം ഇന്ന് നാഷണല്‍ എക്‌സിബിഷന്‍ സെന്ററില്‍ സമാപിക്കും. പുരാതന കാലഘട്ടത്തില്‍ യു എ ഇയില്‍ ഉപയോഗിച്ചിരുന്ന കാറുകള്‍ മുതല്‍ നിലവില്‍ ലോകത്തിറങ്ങിയ പുത്തന്‍ വാഹനങ്ങള്‍വരെ പ്രദര്‍ശനനഗരിയിലുണ്ട്. കാറുകള്‍ക്ക് പുറമെ ലാന്റ് ക്രൂസര്‍ മോഡലിലുള്ള വാഹനങ്ങള്‍, ഇരുചക്ര, മുച്ചക്ര വാഹനങ്ങള്‍വരെ പ്രദര്‍ശനത്തിനെത്തിയിട്ടുണ്ട്.
ഏവരെയും ആകര്‍ഷിക്കുന്ന വാഹനങ്ങളാണ് ഏറെയും. പൂര്‍ണമായും ഗോള്‍ഡ് മെറ്റാലിക് പെയിന്റില്‍ അവതരിപ്പിച്ച നിസാന്‍ ജി ടി ആര്‍ ഗോള്‍ഡ് ഗോഡ്‌സിലയാണ് മുഖ്യആകര്‍ഷണം. ജപ്പാനിലെ കൂള്‍ കമ്പനിയുടെ കാര്‍ ആദ്യമായാണ് രാജ്യത്തിന് പുറത്ത് പ്രദര്‍ശിപ്പിക്കുന്നത്. 10 ലക്ഷം യു എസ് ഡോളറാണ് കാറിന്റെ വില. കാര്‍ വാങ്ങി അപകടത്തില്‍ പെട്ടാല്‍ ജപ്പാനില്‍നിന്നും സ്‌പെയര്‍ പാര്‍ട്‌സുകള്‍ എത്തിച്ചുതരും. അല്ലെങ്കില്‍ കാര്‍ ജപ്പാനിലേക്ക് തിരിച്ചയച്ചാല്‍ അറ്റകുറ്റപ്പണി നടത്തി പുത്തന്‍ വാഹനമായി തിരികെ അയക്കും.
നിസാര്‍ ആര്‍ 35 ജി ടി ആറിന്റെ 2016 വേര്‍ഷനാണ് പൂര്‍ണമായും സ്വര്‍ണം പോലുള്ള നിറം നല്‍കി കൂള്‍ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. കാറിന്റെ ഡിസൈനില്‍ കമ്പനി അധികൃതരുടെ കൈ പതിഞ്ഞിട്ടുണ്ട്. കാറിന്റെ മൊത്തം പണി പൂര്‍ത്തിയാക്കണമെങ്കില്‍ ഒരാള്‍ ആറു മാസം ജോലി ചെയ്യണം.
മോട്ടോര്‍ പ്രദര്‍ശനത്തിന് മറ്റു വാഹനങ്ങളെ അപേക്ഷിച്ച് കാറുകളും പുത്തന്‍ സ്‌കൂട്ടറുകളാണ് കൂടുതല്‍. മത്സര വാഹനങ്ങള്‍ക്ക് പുറമെ ആഡംബര വാഹനങ്ങളാണധികവും. യു എ ഇയിലെ ഏറ്റവും വലിയ മോട്ടോര്‍ പ്രദര്‍ശനം കാണുവാന്‍ ദിവസവും ആയിരങ്ങളാണ് എത്തുന്നത്.
എക്‌സിബിഷന്‍ സെന്ററിന് പുറത്ത് പ്രത്യേകം തയ്യാറാക്കിയ സ്ഥലത്ത് വാഹനങ്ങളുടെ അഭ്യാസവും ഒരുക്കിയിട്ടുണ്ട്. 50 ദിര്‍ഹമാണ് പ്രദര്‍ശനം കാണുന്നതിനുള്ള നിരക്ക്. ആദ്യമായാണ് അന്താരാഷ്ട്ര മോട്ടോര്‍ ഷോ അബുദാബിയില്‍ നടക്കുന്നത്. പുത്തന്‍ വാഹനങ്ങള്‍ ഏറ്റവും മികച്ച വിലയിലാണ് ഇവിടെ ലഭ്യമാകുന്നത്. പ്രധാന വാഹന നിര്‍മാതാക്കളായ ക്രൈസര്‍, ഡോഡ്ജ്, വോള്‍വോ, ഷെവര്‍ലെറ്റ്, ജി എം സി, പ്യൂഷോ, റിനോ, നിസാന്‍, ഇന്‍ഫിനിറ്റി തുടങ്ങിയവ നിരവധി കമ്പനികള്‍ തങ്ങളുടെ പുതിയ വാഹനങ്ങളുമായി പ്രദര്‍ശനത്തിന് എത്തിയിട്ടുണ്ട്. കമ്പനി മോഡലുകള്‍ക്ക് പുറമെ ഉപഭോക്താക്കളുടെ ഇഷ്ടത്തിനനുസരിച്ച് വാഹനങ്ങള്‍ പരിഷ്‌കരിച്ച് നല്‍കുന്ന സ്ഥാപനങ്ങളും പ്രദര്‍ശനത്തിലുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here