Connect with us

Gulf

നാട്ടിലേക്ക് പോകുമ്പോള്‍ ഭാണ്ഡക്കെട്ട് ലഘൂകരിച്ചാലെന്ത്...

Published

|

Last Updated

വിദേശത്തു നിന്ന് നാട്ടിലേക്ക് മടങ്ങുമ്പോള്‍ ഏറ്റവും പ്രയാസകരമായ കാര്യം കസ്റ്റംസിനെ നേരിടുക എന്നതാണ്. ഇക്കാലത്ത് ഇന്ത്യയിലെ മിക്ക വിമാനത്താവളങ്ങളിലും മാന്യമായ പെരുമാറ്റം ഉണ്ടെങ്കിലും ഭാണ്ഡക്കെട്ടിലെ സാധനങ്ങള്‍ “അപകടകാരി”യാണോ അല്ലയോ എന്ന് ഒരു ഉറപ്പും ഇല്ലാത്തതിനാല്‍ ഏവര്‍ക്കും ആശങ്ക പതിവ്. ചില തരം കളിപ്പാട്ടങ്ങള്‍പോലും പ്രശ്‌നകാരിയാണ്. ഈയിടെ, മക്കള്‍ക്ക് വേണ്ടി, ഹെലിക്കോപ്റ്ററിന്റെ ചെറുപതിപ്പ് നാട്ടിലേക്ക് കൊണ്ടുപോയ കുടുംബം പുലിവാല് പിടിച്ചു. ആളില്ലാപേടകത്തി (ഡ്രോണ്‍)ന്റെ ഗണത്തിലുള്ളതാണ് കളിപ്പാട്ട ഹെലിക്കോപ്റ്റര്‍. ക്യാമറയോ മറ്റോ ഘടിപ്പിച്ച് പറത്തിയാല്‍ മറ്റുള്ളവരുടെ സുരക്ഷിതത്വത്തിനും സ്വകാര്യതക്കും ലംഘനമാണ്. കസ്റ്റംസ് ഹെഡ്ക്വാര്‍ട്ടേര്‍സില്‍ നിന്ന് ഉത്തരവ് വരുന്നത് വരെ കുടുംബത്തിന്റെ പാസ്‌പോര്‍ട്ട് കസ്റ്റംസ് വാങ്ങിവെച്ചു. ഉത്തരവെത്താന്‍ മൂന്നു ദിവസം കഴിഞ്ഞു. എന്നാല്‍ കളിപ്പാട്ടം തിരിച്ചുകിട്ടിയതുമില്ല. ചില കളിത്തോക്കുകള്‍ ഇതിനെക്കാള്‍ പ്രശ്‌നക്കിരിയാണ്.
എത്ര സ്വര്‍ണം കൊണ്ടുപോകാമെന്ന് ഇപ്പോഴും പലര്‍ക്കും തിട്ടമില്ല. പുരുഷനാണെങ്കില്‍ 50,000 രൂപയുടെയും സ്ത്രീയാണെങ്കില്‍ ലക്ഷം രൂപയുടെയും ആഭരണങ്ങള്‍ ആകാം. അതിനുമുകളില്‍ കൊണ്ടുപോകരുതെന്നാണ് പൊതു തത്വം. പക്ഷേ, മിക്ക സ്ത്രീകളുടെ ദേഹത്തും അഞ്ചു പവനിലധികം കാണും. നാട്ടില്‍ നിന്ന് വിമാനം കയറുമ്പോള്‍ തന്നെ ദേഹത്തുണ്ടെന്നത് ന്യായീകരണമല്ല. എന്നാലും ഒരു പരിധിവരെ, ആഭരണമാണെങ്കില്‍ കസ്റ്റംസ് കണ്ണടക്കാറുണ്ട്.
ഫഌറ്റ് ടെലിവിഷനിലാണ് ഇപ്പോള്‍ കസ്റ്റംസ് പിടിമുറുക്കിയിരിക്കുന്നത്. ഇക്കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയും കാണിക്കാറില്ല. 32 ഇഞ്ച് ഫഌറ്റ് ടി വിയാണെങ്കില്‍ പോലും 36 ശതമാനം നികുതി കൊടുക്കേണ്ടിവരും. വലുപ്പത്തിനനുസരിച്ച് നികുതി കൂടും. 50 ഇഞ്ച് ഒക്കെയാണെങ്കില്‍ ടെലിവിഷന്‍ സെറ്റിന്റെ വില തന്നെ നികുതിയായി നല്‍കേണ്ടിവരുന്നു. എന്നാലും ലാഭമാണെന്ന് കണ്ട് പലരും കൊണ്ടുപോകുന്നത് കാണാം. വലുപ്പം കൂടുതലുള്ള ഫഌറ്റ് ടി വിയാണെങ്കില്‍ എയര്‍ലൈനറും പ്രത്യേകം ഫീസ് ഈടാക്കാറുണ്ട്.
ഭക്ഷ്യ വസ്തുക്കള്‍, വസ്ത്രങ്ങള്‍, ഒന്നോ രണ്ടോ മൊബൈല്‍ ഫോണുകള്‍, സുഗന്ധ ദ്രവ്യങ്ങള്‍ എന്നിവയാണ് ഗള്‍ഫ് മലയാളികള്‍ നാട്ടിലേക്ക് കൊണ്ടുപോകാറുള്ളത്. വലിയ അളവിലാണെങ്കില്‍ നികുതി ഈടാക്കാന്‍ കസ്റ്റംസിന് ബാധ്യതയുണ്ട്. ചില യാത്രക്കാര്‍ യാതൊരു തത്ത്വദീക്ഷയും കാണിക്കില്ല. അത് കസ്റ്റംസിനെ പ്രകോപിപ്പിക്കും. ഭാണ്ഡം അഴിക്കാന്‍ പറയും. മിക്കവരും കാര്‍ട്ടൂണിലാക്കി നെയ്‌ലോണ്‍ കയറുകൊണ്ട് വരിഞ്ഞുമുറിക്കിയാണ് സാധനങ്ങള്‍ കൊണ്ടുപോകുന്നത്. അവ, അഴിച്ചുകാണിക്കാന്‍ ആവശ്യപ്പെട്ടാല്‍ കുഴങ്ങിയതു തന്നെ. വീണ്ടും അവ വാരിക്കൂട്ടി, വിമാനത്താവളത്തില്‍ നിന്ന് പുറത്തുകടത്താന്‍ ഏറെ പ്രയാസപ്പെടും. ചിലര്‍, കരഞ്ഞും കാലുപിടിച്ചും ദേഷ്യം പിടിച്ചും രക്ഷപ്പെടാറുണ്ട്. എന്നാലും, കസ്റ്റംസിന് സംശയം തോന്നിയേക്കാവുന്ന സാധനങ്ങള്‍ എളുപ്പം തുറക്കാവുന്ന പെട്ടിയില്‍ കൊണ്ടുപോകുന്നതാണ് ഉചിതം.
നികുതിക്ക് വിധേയമാകുന്ന സാധനങ്ങള്‍ സംബന്ധിച്ച്, വിമാനത്തില്‍ നിന്ന് ലഭിക്കുന്ന സത്യവാങ്മൂലം (ഇന്ത്യന്‍ കസ്റ്റംസ് ഡിക്ലറേഷന്‍ ഫോം) ഒപ്പിട്ടു നല്‍കണമെന്നാണ് വ്യവസ്ഥ. അത്തരം സാധനങ്ങള്‍ വഹിക്കാത്ത ആളുകളും സത്യവാങ്മൂലം നല്‍കേണ്ടതുണ്ടായിരുന്നു. കഴിഞ്ഞ ദിവസം മുതല്‍ അത് കേന്ദ്ര ഭരണകൂടം നിര്‍ത്തലാക്കി. നികുതി ആവശ്യമില്ലാത്ത ഉല്‍പന്നങ്ങളാണ് കൊണ്ടുപോകുന്നതെങ്കില്‍ സത്യവാങ്മൂലം നല്‍കേണ്ടതില്ല. കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ വകയാണ് ഈ സൗജന്യം. അദ്ദേഹം ബജറ്റില്‍ വാഗ്ദാനം ചെയ്തതാണ്.
വിമാനമിറങ്ങി, ലഗേജ് സ്വീകരിച്ച് ഗ്രീന്‍ചാനല്‍ വഴി പുറത്തേക്ക് കടക്കാം. 50,000 രൂപ വരെ വിലയുള്ള സാധനങ്ങള്‍ക്കാണ് നികുതി വേണ്ടാത്തത്. 25,000 രൂപ വരെ കറന്‍സിയായും കൊണ്ടുപോകാം. വിദേശ കറന്‍സിയാണെങ്കില്‍ 10,000 ഡോളറോ തത്തുല്യമായതോ ആകാം. ഭക്ഷ്യോല്‍പന്നങ്ങളില്‍ മാംസ്യം, മത്സ്യം എന്നിവ പാടില്ല. വിത്ത്, തൈ തുടങ്ങിയവക്കും നിയന്ത്രണമുണ്ട്. കുറഞ്ഞത് 365 ദിവസം വിദേശത്ത് തങ്ങിയവര്‍, 75,000 രൂപവരെ വിലയുള്ള, ഉപയോഗിച്ച സാധനങ്ങള്‍ കൊണ്ടുപോകാറുണ്ട്. വിലകൂടിയവയാണെങ്കിലും കസ്റ്റംസ് ഇളവ് തരും.
ഇതിനിടെ, ഹാന്‍ഡ് ബാഗേജ് പലരെയും വിഷമവൃത്തത്തിലാക്കുന്നു. മിക്ക വിമാനത്താവളാധികൃതരും, വിമാനം കയറുന്നതിന് മുമ്പ് ഹാന്‍ഡ് ബാഗേജ്, ലഗേജിലേക്ക് മാറ്റാന്‍ ആവശ്യപ്പെടുന്നു.
വിമാനത്തിന്റെ ക്യാബിനില്‍ കൊള്ളുന്ന ഹാന്‍ഡ് ബേഗ് പോലും അനുവദിക്കാത്തത് പ്രതിഷേധത്തിനിടയാക്കാറുണ്ട്. ചില ജീവനക്കാര്‍ യാത്രക്കാരെ പീഡിപ്പിക്കാനുള്ള ഉപാധിയായാണ് ഇതിനെ കാണുന്നത്. ആഭരണങ്ങള്‍ അടക്കം വിലപിടിപ്പുള്ളവ കൈയിലേന്തിക്കൊണ്ടുപോകാന്‍ അവസരം നല്‍കില്ല. വിമാനം കയറുന്നതിന് തൊട്ടുമുമ്പാണ് ഇത്തരത്തിലുള്ള ഇരുട്ടടി. ക്യാബിന്‍ ബേഗ് ലഗേജിലേക്ക് മാറ്റേണ്ടിവരുന്നത് നിരാശപ്പെടുത്തും. അടുത്തകാലത്താണ് ഇക്കാര്യത്തില്‍ കര്‍ശന നിയമം വന്നത്. ഒരു കണക്കിന്, ഗള്‍ഫ് ഇന്ത്യക്കാര്‍ തന്നെയാണ് ഈ അവസ്ഥക്ക് ഉത്തരവാദികള്‍. ഹാന്‍ഡ് ബാഗേജില്‍ സാധനങ്ങള്‍ കുത്തിനിറച്ച് വിമാനത്തിന്റെ ഭാരം ഊഹാതീതമാക്കിയതോടെ എയര്‍ലൈനറുകളും, വിമാനത്താവളാധികൃതരും പരുക്കന്‍ സമീപനം കൈക്കൊണ്ടുവെന്നുവേണം പറയാന്‍.
ചില ശീലങ്ങള്‍ മാറ്റേണ്ട സമയമായിരിക്കുന്നു. ഉറ്റവര്‍ക്ക് വാരിക്കോരി സമ്മാനങ്ങള്‍ നല്‍കി സ്‌നേഹം പിടിച്ചുപറ്റാമെന്നത് മിഥ്യാധാരണയാണ്. മറ്റൊന്ന്, വിദേശത്ത് ലഭിക്കുന്ന ഉല്‍പന്നങ്ങളെല്ലാം ഇപ്പോള്‍ അതേ ഗുണ നിലവാരത്തില്‍ നാട്ടിലും ലഭിക്കുന്നു. പിന്നെയെന്തിന് വലിയഭാരം ചുമക്കണം?

---- facebook comment plugin here -----

Latest