ഇന്ത്യയുടെ തോല്‍വിയുടെ പേരില്‍ സംഘര്‍ഷം: ശ്രീനഗര്‍ എന്‍ഐടി താല്‍ക്കാലികമായി അടച്ചു

Posted on: April 2, 2016 10:13 am | Last updated: April 2, 2016 at 2:42 pm
SHARE

SrinagarNITശ്രീനഗര്‍: ലോകകപ്പ് ട്വന്റി20യില്‍ ഇന്ത്യയുടെ തോല്‍വിയുടെ പേരില്‍ ശ്രീനഗറിലെ എന്‍ഐടിയില്‍ സംഘര്‍ഷം. കാശ്മീരി വിദ്യാര്‍ഥികളും ഇതരസംസ്ഥാനങ്ങളിലെ വിദ്യാര്‍ഥികളും തമ്മിലാണ് ഏറ്റുമുട്ടിയത്. ശ്രീനഗറിലെ ഹസ്രത്ബല്‍ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയില്‍ വെള്ളിയാഴ്ചയാണ് സംഭവം. വാക്കുതര്‍ക്കത്തില്‍ തുടങ്ങിയ പ്രശ്‌നം സംഘര്‍ഷത്തില്‍ കലാശിച്ചതോടെ ഇന്‍സ്റ്റിറ്റിയൂട്ട് അനിശ്ചിത കാലത്തേക്ക് അടച്ചു. ഇനിയൊരു അറിയിപ്പ് ലഭിക്കുന്നത് വരെ എന്‍ഐടി തുറക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു.

ട്വന്റി-20 ലോകപ്പിന്റെ സെമിയില്‍ ഇന്ത്യയെ വെസ്റ്റ് ഇന്‍ഡീസ് തോല്‍പ്പിച്ചപ്പോള്‍ കാശ്്മീരി വിദ്യാര്‍ഥികള്‍ ആഹ്ലാദം പ്രകടിപ്പിച്ചതാണു മറ്റു വിദ്യാര്‍ഥികളെ ചൊടിപ്പിച്ചത്. വിദ്യാര്‍ഥികളുടെ സംഘര്‍ഷം അതിരുവിട്ടതോടെ സിആര്‍പിഎഫും പോലീസ് സ്ഥലത്തെത്തി കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്തു. ആക്രമിച്ചവര്‍ക്കെതിരെ നടപടിയെടുക്കണമെന്നു കാശ്മീരി വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടു. എന്നാല്‍ കാശ്മീരി വിദ്യാര്‍ഥികളും തങ്ങളെ ആക്രമിച്ചതായി മറ്റു വിദ്യാര്‍ഥികള്‍ ആരോപിച്ചു.

ഇന്ത്യയുടെ പുറത്താകല്‍ ഒരുകൂട്ടം വിദ്യാര്‍ഥികള്‍ പടക്കംപൊട്ടിച്ച് ആഘോഷിച്ചതായാണു റിപ്പോര്‍ട്ട്. ഇതോടെ കാമ്പസിനുള്ളിലെ കാശ്മീരി വിദ്യാര്‍ഥികളും പാക്കിസ്ഥാന്‍ അനുകൂല മുദ്രാവാക്യം വിളികളുമായി ആഹ്ലാദപ്രകടനം നടത്തുകയായിരുന്നു. ഇതോടെ മറ്റുവിദ്യാര്‍ഥികള്‍ ഇതിനെ ചോദ്യം ചെയ്യുകയും പിന്നീട് സംഘര്‍ഷവും കലാശിക്കുകയുമായിരുന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് സ്ഥിതിഗതികള്‍ ശാന്തമാക്കി. ഇതേതുടര്‍ന്നു എന്‍ഐടി അനിശ്ചിതകാലത്തേക്ക് അടച്ചിടാന്‍ തീരുമാനിക്കുകയായിരുന്നു.