ചാരായ നിരോധനത്തിന് രണ്ട് പതിറ്റാണ്ട് പിന്നിടുമ്പോള്‍

Posted on: April 2, 2016 5:57 am | Last updated: April 2, 2016 at 9:58 am
SHARE

charayamകേരളത്തില്‍ ചാരായ നിരോധം നിലവില്‍ വന്നിട്ട് 20 വര്‍ഷം പിന്നിടുകയാണ്.1996 ഏപ്രില്‍ ഒന്നിനായിരുന്നു അത്. ചാരായ നിരോധത്തിന്റെ ഗുണഫലങ്ങള്‍ സാധാരണക്കാരുടെ കുടുംബങ്ങളില്‍ പ്രതിഫലിച്ചു. കുറച്ചുപേര്‍ വിശേദ മദ്യത്തിലേക്ക് തിരിഞ്ഞെങ്കിലും ഏറെപ്പേര്‍ മദ്യപാനം ഉപേക്ഷിക്കാനിടവന്നു. ചാരായ നിരോധത്തിന്റെ ഗുണങ്ങള്‍ തൊട്ടടുത്ത മാസങ്ങളില്‍ കേരളത്തിലെ കുടുംബങ്ങള്‍ക്ക് മനസ്സിലാക്കാനും സാധിച്ചു. മുക്കിന് മുക്കിന് ചാരായഷാപ്പുകള്‍ നാട്ടിലുണ്ടായിരുന്നു. അവയുടെ പരിസരങ്ങള്‍ മദ്യപാനികളുടെ വിഹാരകേന്ദ്രങ്ങളായിരുന്നു. തെറിയും ആര്‍പ്പുവിളികളും ആക്രോശങ്ങളും അടിപിടിയും അന്ന് നിത്യസംഭവങ്ങളായിരുന്നു. ചാരായനിരോധത്തോടെ നാട്ടിന്‍ പുറങ്ങളില്‍ സമാധാനം കൈവന്നു.
മദ്യനിരോധത്തിന്റെ ഫലപ്രദമായ ഒരു ഘട്ടമാണ് ചാരായ നിരോധത്തിലൂടെ കേരളത്തില്‍ സംജാതമായത്. ചാരായ നിരോധത്തിനെതിരായി ഉയര്‍ത്തിയ വാദങ്ങളൊന്നും വിലപ്പോയില്ല. വിഷമദ്യദുരന്തങ്ങളും ഉണ്ടായില്ല. ചാരായ നിരോധനത്തിനു ശേഷം കേരളത്തില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ബാറുകളുടെ നിരോധം കൊണ്ടുവന്നു. പഞ്ചനക്ഷത്ര ബാറുകള്‍ ഒഴികെ മറ്റു ബാറുകളെല്ലാം അടച്ചുപൂട്ടി. സുപ്രീം കോടതിയും സര്‍ക്കാര്‍ തീരുമാനത്തെ ശരിവെച്ചു. ഇതിന്റെ ഫലമായി ചരിത്രത്തിലാദ്യമായി കേരളത്തില്‍ മദ്യ ഉപഭോഗത്തില്‍ 24 ശതമാനം കുറവുവന്നു. ബാറുകള്‍ അടച്ചുപൂട്ടിയതോടെ ആക്രമണകേസുകള്‍, ഗാര്‍ഹിക പീഡനങ്ങള്‍, ആത്മഹത്യകള്‍, കൊലപാതകങ്ങള്‍ എന്നിവയില്‍ ഗണ്യമായ കുറവുണ്ടായി. കുടുംബങ്ങളില്‍ സമാധാനം കൈവന്നു. മദ്യദുരന്തങ്ങളും സംഭവിച്ചില്ല. മദ്യനിരോധം ഫലപ്രദമാകുന്നതിന്റെ സൂചനകളാണിവ.
അടച്ച ബാറുകളില്‍ ബിയര്‍-വൈന്‍ പാലര്‍ലറുകള്‍ ആരംഭിച്ചത് മദ്യനിരോധത്തിന്റെ അന്തഃസത്തക്ക് ചേരാത്ത നടപടിയായിപ്പോയി. ബിയര്‍-വൈന്‍ പാലര്‍ലറുകള്‍ മദ്യപാന നേഴ്‌സറികളാണ്. അവയും അടച്ചു പൂട്ടണം. മദ്യനിരോധത്തെ കേരളജനത സ്വാഗതം ചെയ്തുകഴിഞ്ഞു. ഇനി സര്‍ക്കാര്‍ മാറി വന്നാലും അടച്ച ബാറുകള്‍ തുറക്കുവാന്‍ കഴിയില്ല.
ലോകത്തിലെ ഏതൊരു ഭരണകൂടവും പാലിക്കേണ്ട മൗലികത്വം പാവങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്തുകയും നന്നാക്കുകയും ചെയ്യുന്ന നയങ്ങള്‍ ആവിഷ്‌കരിക്കുക എന്നതാണ്. രാഷ്ട്രപിതാവായ മാഹാത്മാഗാന്ധി പറയുന്നു “ഈ രാജ്യത്തെ ഏറ്റവും ദരിദ്രനായ മനുഷ്യന്റെ മുഖം മുന്നില്‍കാണുക. എന്നിട്ട് നാം എടുക്കുന്ന തീരുമാനം അവനെ എങ്ങനെ ബാധിക്കുമെന്ന് നോക്കുക. എന്നിട്ട് തീരുമാനിക്കുക”. ഏത് സര്‍ക്കാര്‍ വന്നാലും അബ്കാരി വേണോ തൊഴിലാളി വേണോ ദരിദ്രനാരായണന്മാരുടെ ഉന്നമനം വേണോ എന്ന് തീരുമാനിക്കുക. മദ്യമെന്ന വിപത്ത് കേരളീയ സമൂഹത്തെ കാര്‍ന്നുതിന്നുന്ന വേളയില്‍ അതിന്റെ ആഘാതം പരമാവധി കുറക്കാനുള്ള ശ്രമമാണ് ജനക്ഷേമം ആഗ്രഹിക്കുന്ന ഒരു ഭരണകൂടത്തില്‍ നിന്ന് ഉണ്ടാകേണ്ടത്. ലക്ഷോപലക്ഷം കുടുംബങ്ങളെ ദരിദ്രമാക്കിക്കൊണ്ടാണ് സര്‍ക്കാറും മദ്യശാലകളും പണം വാരിക്കൂട്ടുന്നത്. മദ്യലഭ്യതയും വിതരണവും സുഗമമാക്കി പാവപ്പെട്ടവന്റെ പോക്കറ്റടിച്ച് അവനെ അധാര്‍മികനാക്കി മാറ്റുന്നത് കൊടിയ തിന്മയാണ്. ദാരിദ്ര്യ നിര്‍മാര്‍ജനവും ദരിദ്രരുടെ സമുദ്ധാരണവും മുഖ്യ അജന്‍ഡയാക്കുന്നുവെങ്കില്‍ മദ്യനിരോധ നയങ്ങള്‍ സര്‍ക്കാറുകള്‍ തുടരണം.

 

LEAVE A REPLY

Please enter your comment!
Please enter your name here