സ്ഥാനാര്‍ഥികളില്‍ 20 ശതമാനവും ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍

Posted on: April 2, 2016 9:21 am | Last updated: April 2, 2016 at 9:21 am

criminal1കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ സ്ഥാനാര്‍ഥികളില്‍ അഞ്ചിലൊന്നും ക്രിമിനല്‍ കുറ്റം ആരോപിക്കപ്പെട്ടവര്‍. സ്ഥാനാര്‍ഥികളുടെ സത്യവാങ്മൂലം പരിശോധിച്ച തിരഞ്ഞെടുപ്പ് നിരീക്ഷകരാണ് ഇക്കാര്യം അറിയിച്ചത്. ആദ്യഘട്ട തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളില്‍ 17 ശതമാനം പേരും കൊലപാതകം, ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, കവര്‍ച്ച എന്നിങ്ങനെയുള്ള കേസില്‍ കുറ്റാരോപിതരാണ്.
ഏറ്റവും കൂടുതല്‍ ക്രിമിനല്‍ സ്ഥാനാര്‍ഥികള്‍ നിറഞ്ഞ പാര്‍ട്ടി ബി ജെ പിയാണ്. 15 കുറ്റവാളികള്‍ ബി ജെ പിയില്‍ നിന്ന് ജനവിധി തേടുമ്പോള്‍ 12 പേര്‍ തൃണമൂല്‍ ഒമ്പത് പേര്‍ കോണ്‍ഗ്രസ്, നാല് പേര്‍ സി പി എം എന്നി പാര്‍ട്ടികളില്‍ നിന്നുള്ളവരാണ്. സല്‍ബോനി നിയോജക മണ്ഡലത്തില്‍ നിന്ന് ജനവിധി തേടുന്ന സി പി എം സ്ഥാനാര്‍ഥി ഗോബോര്‍ദന്‍ ബഗ്ദി രണ്ട് കൊലപാതക കുറ്റം ചുമത്തപ്പെട്ട ഒരേഒരു സ്ഥാനാര്‍ഥിയാണ്.
കുറ്റവാളികളും കുറ്റാരോപിതരുമായ സ്ഥാനാര്‍ഥികള്‍ തന്നെ ജനവിധി തേടുമ്പോള്‍ വോട്ടെടുപ്പ് സമാധാനപരമാകുന്നതെങ്ങനെയെന്ന് പശ്ചിമ ബംഗാള്‍ തിരഞ്ഞെടുപ്പ് ഇലക്ഷന്‍ വാച്ച് (ഡബ്ല്യു ബി ഇ ഡബ്ല്യു) കോഓര്‍ഡിനേറ്റര്‍ ബിപാല്‍ബ് ഹാലിം ചോദിക്കുന്നു.
സ്ഥാനാര്‍ഥികളില്‍ എട്ട് ശതമാനവും ഒരു കോടിയിലധികം ആസ്ഥിയുള്ളവരാണ്. ഭരണകക്ഷിയിലുള്ള സ്ഥാനാര്‍ഥികളിലാണ് ഏറ്റവും കൂടുതല്‍ ധനികര്‍ ജനവിധി തേടുന്നത്. ദുര്‍ഗാപൂര്‍ മണ്ഡലത്തില്‍ നിന്ന് ജനവിധി തേടുന്ന തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രതീപ് കുമാറാണ് ആദ്യഘട്ട വോട്ടെടുപ്പിലെ സ്ഥാനാര്‍ഥികളില്‍ ഏറ്റവും വലിയ ധനികന്‍.