ലീഗിന്റെ കോട്ടയില്‍ ‘റസാഖ്’മാരുടെ പോരാട്ടം

Posted on: April 2, 2016 9:17 am | Last updated: April 2, 2016 at 9:17 am
SHARE

MANDALA PARYADANAMകോഴിക്കോട് ജില്ലയിലെ യു ഡി എഫിന്റെ ഉറച്ച സീറ്റായി വിശ്വസിക്കപ്പെടുന്ന മണ്ഡലമാണ് കൊടുവള്ളി. ഒരു പതിറ്റാണ്ടിന് ശേഷം ലീഗുകാര്‍ തമ്മിലുള്ള പോരാട്ടത്തിനാണ് കൊടുവള്ളി ഇത്തവണ സാക്ഷ്യം വഹിക്കുന്നത്.1957 ന് ശേഷം നടന്ന പതിനൊന്ന് തിരഞ്ഞെടുപ്പുകളില്‍ 2006 ലൊഴിച്ച് എല്ലാ തിരഞ്ഞെടുപ്പുകളിലും ജയിച്ചത് യു ഡി എഫാണ്. ആദ്യത്തെ രണ്ട് തിരഞ്ഞെടുപ്പുകളിലൊഴികെ എട്ട് തവണയും ജയിച്ചു കയറിയത് മുസ്‌ലിം ലീഗുകാരന്‍ ആണെന്ന പ്രത്യേകത കൂടിയുണ്ട്.
2006 ല്‍ മുസ്‌ലിം ലീഗില്‍ നിന്ന് പുറത്ത് പോയ പി ടി എ റഹീം ഇടത് മുന്നണി സ്ഥാനാര്‍ഥിയായി മത്സരിച്ച് ജയിക്കുകയായിരുന്നു. 2006 ന് നടന്നതിന് സമാനമായ മത്സരമാണ് കൊടുവള്ളിയില്‍ ഇത്തവണ അരങ്ങേറുന്നത്. മുസ്‌ലിംലീഗ് സ്ഥാനാര്‍ഥിയായി രംഗത്തിറക്കിയിരിക്കുന്നത് ജില്ലാ ജന സെക്രട്ടറി എം എ റസാഖ്് മാസ്റ്ററെയാണ്. മുസ്‌ലിം ലീഗില്‍ നിന്ന് രാജിവെച്ച കാരാട്ട് അബ്ദുല്‍ റസാഖാണ് ഇടത് മുന്നണിയുടെ സ്വതന്ത്ര സ്ഥാനാര്‍ഥി. ലീഗിന്റെ മണ്ഡലം ജന സെക്രട്ടറി കൂടിയായിരുന്നു കാരാട്ട് അബ്ദുല്‍ റസാഖ്. സിറ്റിംഗ് എം എല്‍ എയായ വി എം ഉമ്മര്‍ മാസ്റ്ററെ തിരുവമ്പാടിയിലേക്കയച്ചാണ് എം എ റസാഖ് മാസ്റ്റര്‍ക്ക് മുസ്‌ലിം ലീഗ് കൊടുവള്ളി സീറ്റ് നല്‍കിയത്. ഇതോടെയാണ് കാരാട്ട് റസാഖ് പാര്‍ട്ടി വിട്ടതും.
ജില്ലയിലെ ലീഗിന്റെ കോട്ടയായ കൊടുവള്ളിയില്‍ ഇത്തവണ പോരാട്ടം തീപാറുമെന്ന് സൂചന നല്‍കിക്കൊണ്ടാണ് ആദ്യ ഘട്ട പ്രവര്‍ത്തനങ്ങള്‍. 2006 ആവര്‍ത്തിക്കാനാണ് ഇടത് മുന്നണിയുടെ കരുനീക്കങ്ങള്‍. എന്നാല്‍ മുസ്‌ലിംലീഗും യു ഡി എഫും ഇത് തടയാനുള്ള എല്ലാ മുന്‍കരുതലോടും കൂടിയാണ് ഓരോ നീക്കവും നടത്തുന്നത്. ഇരു മുന്നണികളും ഇവിടെ പതിനെട്ടടവും പയറ്റുമെന്ന് ഏറെക്കുറെ ഉറപ്പാണ്. സിനിമാ സംവിധായകനായ അലി അക്ബറിനെയാണ് ബി ജെ പി രംഗത്തിറക്കുന്നത്.
കാരാട്ട് റസാഖിന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരെ സി പി എം, ഡി വൈ എഫ് ഐ പ്രാദേശിക ഘടകങ്ങള്‍ സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കിയതായുള്ള വാര്‍ത്തകളുണ്ടായിരുന്നുവെങ്കിലും സി പി എം ഏരിയാ നേതൃത്വം ഇത് നിഷേധിക്കുകയും കാരാട്ട് റസാഖിന് വേണ്ടി സി പി എം പ്രവര്‍ത്തകര്‍ സജീവമായി രംഗത്തിറങ്ങുകയും ചെയ്തിട്ടുണ്ട്. സ്ഥാനാര്‍ഥിയായി മുന്നണി പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ കാരാട്ട് റസാഖിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടിരുന്നു. ഔദ്യാഗിക പ്രഖ്യാപനം വന്നതോടെ കൊടുവള്ളി പ്രചാരണ ചൂടിലേക്ക് കടന്നിരിക്കുകയാണ്.
മുസ്‌ലിം ലീഗിലെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയില്‍ തന്നെ പ്രഖ്യാപിക്കപ്പെട്ടതാണ് എം എ റസാഖ് മാസ്റ്ററുടെ പേര്. കൊടുവള്ളിയില്‍ കോണ്‍ഗ്രസിലും മുസ്‌ലിം ലീഗിലും നിലനില്‍ക്കുന്ന പ്രാദേശിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നേതൃത്വങ്ങള്‍ സജീവമായി ഇടപെട്ടു വരികയാണ്.
എന്നാല്‍ മുസ്‌ലിം ലീഗ് മണ്ഡലം ജന സെക്രട്ടറി എന്ന നിലയില്‍ കാരാട്ട് റസാഖിനുള്ള പിന്തുണ മുസ്‌ലിം ലീഗ് നേതൃത്വത്തെ ആശങ്കയിലാക്കുന്നുണ്ട്. പി ടി എ റഹീം പാര്‍ട്ടിവിട്ടുപോയ ഒരു രാഷ്ട്രീയ സാഹചര്യമല്ല മണ്ഡലത്തിലുള്ളതെന്ന് യു ഡി എഫ് നേതാക്കള്‍ പറയുന്നു. റഹീം പാര്‍ട്ടി വിട്ടപ്പോള്‍ അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തകരില്‍ ഒരു വിഭാഗവും പാര്‍ട്ടി വിട്ടിരുന്നു. എന്നാല്‍ റസാഖ് പാര്‍ട്ടി വിട്ടപ്പോള്‍ ഒരു പ്രവര്‍ത്തകനെ പോലും കൂടെകൊണ്ട് പോകാന്‍ കഴിഞ്ഞിട്ടില്ലന്നും 2006ലെ ഇടത് തരംഗത്തില്‍ മറ്റ് പല സുരക്ഷിത മണ്ഡലങ്ങളും നഷ്ടപ്പെട്ടത് പോലെ കൊടുവള്ളിയും മറിയുകയായിരുന്നുവെന്നുമാണ് യു ഡി എഫിന്റെ നിരീക്ഷണം.
സ്ഥാനാര്‍ഥികള്‍ക്കും വോട്ട് അഭ്യര്‍ഥിച്ചുള്ള കൂറ്റന്‍ കട്ടൗട്ടുകളും ചുമരെഴുത്തുകളും മണ്ഡലത്തില്‍ നിറഞ്ഞു കഴിഞ്ഞു. അഖിലേന്ത്യാ പ്രസിഡന്റ് ഇ അഹമ്മദും ലീഗ് രാഷ്ട്രീയത്തില്‍ അതികായനായിരുന്ന പി എം അബൂബക്കറുമല്ലാം ജയിച്ച് കയറിയ മണ്ഡലത്തില്‍ പാര്‍ട്ടി വിമതനെ മുട്ടുകുത്തിക്കാനുള്ള പ്രചാരണങ്ങള്‍ ലീഗ് അണികളും തുടങ്ങി കഴിഞ്ഞു. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ നടത്തിയത് പോലെ യു ഡി എഫ് സ്ഥാനാര്‍ഥിക്കെതിരെ കിട്ടാവുന്നവരെയെല്ലാം ഒരുമിച്ച് യോജിച്ച ഒരു പോരാട്ടത്തിനാണ് എല്‍ ഡി എഫ് ശ്രമിക്കുന്നത്. മലയോര കര്‍ഷക സമിതിയടകകമുള്ള ചെറിയ പാര്‍ട്ടികളുടെ പിന്തുണ തേടാന്‍ ശ്രമം നടക്കുന്നുണ്ട്. കഴിഞ്ഞ അഞ്ച് വര്‍ഷം മണ്ഡലത്തില്‍ എം എല്‍ എയെന്ന നിലയില്‍ വി എം ഉമ്മര്‍ മാസ്റ്റര്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ തന്നെയാണ് യു ഡി എഫും മുസ്‌ലിം ലീഗും ജനങ്ങള്‍ക്ക് മുമ്പാകെ അവതരിപ്പിക്കുന്നത്. പി ടി എ റഹീം ജയിച്ച 2006ലെ തിരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗിന് പകരം ഡി ഐ സിയായിരുന്നു എതിര്‍ സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്നത്.
കെ മുരളീധരനായിരുന്നു യു ഡി എഫിനായി കൊടുവള്ളിയില്‍ മത്സരിച്ചത്. 7506 വോട്ടിനായിരുന്നു പി ടി എ റഹീം ജയിച്ചത്. അന്ന് കോണ്‍ഗ്രസിലെ ഒരു വിഭാഗം കാലുവാരിയതിനെ തുടര്‍ന്നാണ് മുരളീധരന്‍ തോറ്റതെന്ന ആരോപണവും ഉയര്‍ന്നിരുന്നു. 1957ലും 1960ലും കോണ്‍ഗ്രസിലെ ഗോപാലന്‍കുട്ടി നായരാണ് മണ്ഡലത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടത്. 1977ല്‍ ഇ അഹമ്മദ് മണ്ഡലത്തില്‍ നിന്ന് ജയിച്ചതോടെ പിന്നീടിങ്ങോട്ട് ലീഗിന്റെ പടയോട്ടമായിരുന്നു. 1980ലും 1982ലും പി വി മുഹമ്മദ്, 1987ല്‍ പി എം അബൂബക്കര്‍, 1991ല്‍ വീണ്ടും പി വി മുഹമ്മദ്, 1996ല്‍ സി മോയിന്‍കുട്ടി, 2001ല്‍ സി മമ്മൂട്ടി, 2011ല്‍ വി എം ഉമ്മര്‍ മാസ്റ്റര്‍ എന്നീ ലീഗ് സ്ഥാനാര്‍ഥികള്‍ മണ്ഡലത്തില്‍ നിന്ന് ജയിച്ച് കയറി.
2006ല്‍ പി ടി എ റഹീം 7506 വോട്ടിനാണ് ജയിച്ചതെങ്കില്‍ 2011ല്‍ ജില്ലയിലെ ഏറ്റവും വലിയ ഭൂരിപക്ഷമായ 16,552 വോട്ടിനാണ് ഉമ്മര്‍ മാസ്റ്റര്‍ മണ്ഡലം തിരിച്ചുപിടിച്ചത്. കഴിഞ്ഞ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പിലും യു ഡി എഫിന് കൊടുവള്ളിയില്‍ നല്ല ഭൂരിപക്ഷം ലഭിച്ചു.
കോഴിക്കോട് എം പിയായ എം കെ രാഘവന് കൊടുവള്ളിയില്‍ നിന്ന് മാത്രം കിട്ടിയത് 16599 വോട്ടിന്റെ ഭൂരിപക്ഷമാണ്. 2011 ലെ വിജയം ഇത്തവണയും ആവര്‍ത്തിക്കുമെന്ന് ലീഗ് നേതാക്കള്‍ പറയുന്നു. എന്നാല്‍ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ യു ഡി എഫിന്റെ ഭൂരിപക്ഷത്തില്‍ വലിയ ഇടിവാണ് മണ്ഡലത്തില്‍ സംഭവിച്ചത്. തദ്ദേശ ഭരണ തിരഞ്ഞെടുപ്പില്‍ യു ഡി എഫിന്റെ ലീഡ് 3742 ആയി കുറഞ്ഞിരുന്നു. ഇത് ഇടത് മുന്നണിക്ക് പ്രതീക്ഷ നല്‍കുന്നു. മണ്ഡലത്തിലെ കൊടുവള്ളി മുനിസിപ്പാലിറ്റി, ഓമശ്ശേരി, താമരശ്ശേരി, കിഴക്കോത്ത്, മടവൂര്‍ പഞ്ചായത്തുകള്‍ യു ഡി എഫ് നേടിയപ്പോള്‍ കട്ടിപ്പാറ, നരിക്കുനി പഞ്ചായത്തുകള്‍ എല്‍ ഡി എഫ് കരസ്ഥമാക്കി.
ഇതില്‍ കൊടുവള്ളി മുനിസിപ്പാലിറ്റിയില്‍ സീറ്റുകളുടെ എണ്ണത്തില്‍ യു ഡി എഫ് മുന്നിലാണെങ്കിലും കൂടുതല്‍ വോട്ട് ലഭിച്ചത് എല്‍ ഡി എഫിനാണ്. മണ്ഡലത്തില്‍ ബി ജെ പിക്ക് വലിയ സ്വാധീനമുണ്ടാക്കാനായിട്ടില്ലങ്കിലും അലി അക്ബറിന്റെ സ്ഥാനാര്‍ഥിത്വത്തോടെ സ്വാധീനമുണ്ടാക്കാനാകുമെന്ന പ്രതീക്ഷയിലാണ് അവര്‍. തദ്ദേശ ഭരണ തിരഞ്ഞെടുപ്പിലും കോഴിക്കോട് കോര്‍പ്പറേഷനില്‍ ബി ജെ പി സ്ഥാനാര്‍ഥിയായി അലി അക്ബര്‍ മത്സരിച്ചിരുന്നു.

കൊടുവള്ളി
കൊടുവള്ളി മുന്‍സിപ്പാലിറ്റി, ഒമശ്ശേരി, താമരശ്ശേരി, കിഴക്കോത്ത്, മടവൂര്‍, കട്ടിപ്പാറ, നരിക്കുനി പഞ്ചായത്തുകള്‍
വോട്ടുരേഖ
2011ലെ നിയമസഭാ തിരഞ്ഞെടുപ്പ്
വി എം ഉമ്മര്‍ മാസ്റ്റര്‍ (മുസ്‌ലിം ലീഗ്) 60,365
എം മെഹബൂബ് (സി പി എം) 43,813
ഗിരീഷ് തേവള്ളി (ബി ജെ പി) 6,519
ഭൂരിപക്ഷം 16,552

2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ്
(കൊടുവള്ളി)
എം കെ രാഘവന്‍ (യു ഡി എഫ്) ………………..16,519ന്റെ ഭൂരിപക്ഷം

2015ലെ തദ്ദേശ തിരഞ്ഞെടുപ്പ് ഫലം
എല്‍ ഡി എഫ് രണ്ട് പഞ്ചായത്ത്
യു ഡി എഫ് മുന്‍സിപ്പാലിറ്റി, നാല് പഞ്ചായത്ത്

LEAVE A REPLY

Please enter your comment!
Please enter your name here