പദ്ധതി പ്രവര്‍ത്തനങ്ങള്‍ ഉഴപ്പിക്കുമ്പോള്‍

Posted on: April 2, 2016 6:00 am | Last updated: April 1, 2016 at 11:37 pm
SHARE

SIRAJ.......തിരഞ്ഞെടുപ്പ് വര്‍ഷമായിട്ടും പദ്ധതി വിഹിതം ചെലവഴിക്കുന്നതില്‍ ഇത്തവണയും സംസ്ഥാനം ഏറെ പിന്നില്‍. മാര്‍ച്ച് 30 വരെയുള്ള കണക്കനുസരിച്ച് 2015-16 വര്‍ഷത്തേക്ക് പ്രഖ്യാപിച്ച 20,000 കോടിയുടെ പദ്ധതിയില്‍ 13,228.8 കോടിയാണ് ചെലവിട്ടത്. 66.14 ശതമാനം. മരാമത്ത് വകുപ്പ് മാത്രമാണ് തുക പൂര്‍ണമായും വിനിയോഗിച്ചത്. മാര്‍ച്ച് ആദ്യ വാരം വരെ 50 ശതമാനത്തോളം മാത്രമായിരുന്നു മൊത്തം പദ്ധതി തുകയുടെ വിനിയോഗം. പല വകുപ്പുകളും പണം നഷ്ടപ്പെടാതിരിക്കാന്‍ പിന്നീടുള്ള മൂന്നാഴ്ചക്കിടയില്‍ പണികള്‍ ധൃതി പിടിച്ചെടുക്കുകയായിരുന്നു. എന്നോ ചെയ്തുതീര്‍ക്കേണ്ട റോഡു ടാറിംഗ് പണി അവസാന ദിവസങ്ങളില്‍ ധൃതിപിടിച്ചെടുത്താണ് പൊതുമരാമത്ത് വകുപ്പ് ബില്ലുകള്‍ പാസാക്കിയെടുത്തത്. കേന്ദ്ര സഹായപദ്ധതികള്‍ക്ക് അനുവദിച്ച തുകയുടെ കാര്യവും വ്യത്യസ്തമല്ല. 7686.32 കോടിയുടെ കേന്ദ്രവിഹിതത്തില്‍ 42.8 ശതമാനമാണ് ചെലവിട്ടത്.
തദ്ദേശ വകുപ്പിന്റെ പ്രകടനം ഇക്കുറി അല്‍പ്പം മെച്ചമാണ്. ഇടക്കാലത്ത് തിരഞ്ഞെടുപ്പും ഭരണമാറ്റവുമെല്ലാം ഉണ്ടായിട്ടും 71.48 ശതമാനം പണം വിനിയോഗിച്ചു. എന്നാല്‍, ജനുവരി വരെയുള്ള കണക്ക് പരിശോധിക്കുമ്പോള്‍ തദ്ദേശ സ്ഥാപനങ്ങളും മുന്‍ വര്‍ഷത്തേക്കാള്‍ പിന്നിലായിരുന്നു. ഗ്രാമപഞ്ചായത്തുകളില്‍ 32.64ഉും ബ്ലോക്ക് പഞ്ചായത്തില്‍ 31.75ഉം ജില്ലാ പഞ്ചായത്തില്‍ 23.77 ഉം മുനിസിപ്പാലിറ്റികളില്‍ 25.90ഉം കോര്‍പ്പറേഷേനുകളില്‍ 18.12ഉം ശതമാനമായിരുന്നു ജനുവരി അവസാനം വരെയുള്ള വിനിയോഗം. ശരാശരി ചെലവ് 29.02 ശതമാനം. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പിന്നീട് മന്ത്രി മുന്‍കൈയെടുത്ത് മേഖലാ തല പദ്ധതി അവലോകന യോഗങ്ങള്‍ വിളിച്ചു ചേര്‍ത്തതിന്റെ ഫലമായാണ് വിഹിതം ഇത്രയും ഉയര്‍ത്താനായത്. വികസന പ്രവര്‍ത്തനത്തിലെ മുരടിപ്പ് നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷം ആയുധമാക്കുമെന്നും പദ്ധതി ചെലവ് അടിയന്തിരമായി ഉയര്‍ത്താന്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും അവലോകന യോഗങ്ങളില്‍ മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു.
എങ്കിലും തദ്ദേശ സ്ഥാപനങ്ങളുടെ അക്കൗണ്ടില്‍ ഇപ്പോഴും 2327 കോടി രൂപ ചെലവഴിക്കാന്‍ കഴിയാതെ കിടപ്പുണ്ടെന്നാണ് ഗ്രാമ പഞ്ചായത്ത് അസോസിയേഷന്‍ പറയുന്നത്. ഈ തുക അടുത്ത സാമ്പത്തിക വര്‍ഷം ചെലവഴിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് അസോസിയേഷന്‍ നിവേദനം നല്‍കിയിട്ടുമുണ്ട്. നീക്കിവെച്ച തുക നിശ്ചിത തിയ്യതിക്കകം ചെലവഴിക്കാനാകാതെ വരുമ്പോള്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ സമയ പരിധി നീട്ടിക്കൊടുക്കാറുണ്ട്. 2014-15 വര്‍ഷത്തില്‍ 2015 ഡിസമ്പര്‍ വരെ സമയം ദീര്‍ഘിപ്പിച്ചിരുന്നു.
എല്ലാ വര്‍ഷവും ഇതാണ് സ്ഥിതി. പദ്ധതികളൊന്നും നിശ്ചിത സമയത്ത് ആരംഭിക്കുകയോ സമയ ബന്ധിതമായി പൂര്‍ത്തിയാക്കുകയോ ചെയ്യാറില്ല. സാമ്പത്തിക വര്‍ഷത്തിന്റെ ഓരോ പാദത്തിലും വിനിയോഗത്തിന് ലക്ഷ്യം നിശ്ചയിക്കും. അത് നടപ്പാകാറില്ല. പദ്ധതി വിനിയോഗം വേഗത്തിലാക്കാന്‍ ധനകാര്യ സെക്രട്ടറി മുന്‍കൂട്ടി വകുപ്പ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നെങ്കിലും വകുപ്പുകള്‍ മുഖവിലക്കെടുത്തില്ല. മാര്‍ച്ചിലേക്ക് കടന്നതോടെയാണ് പല വകുപ്പുകളും കണ്ണ് തുറന്നത്. അവസാന നിമിഷമാണ് ഫയലുകളില്‍ നടപടി പൂര്‍ത്തിയാക്കിയത്. അതിനിടെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഏര്‍പ്പെടുത്തിയ നയന്ത്രണങ്ങളും പദ്ധതി പ്രവര്‍ത്തനങ്ങളെ ബാധിച്ചു. അസാധാരണമായ നിയന്ത്രണമാണ് ഇത്തവണ കമ്മീഷന്‍ ഏര്‍പ്പെടുത്തിയത്. വേനല്‍ രൂക്ഷമായിരിക്കെ വരള്‍ച്ച ആശ്വാസ നടപടികള്‍ക്ക് പോലും ഇളവ് അനുവദിച്ചിട്ടില്ല.
വികസനക്കുതിപ്പ് വാഗ്ദാനം നല്‍കിയാണ് ഓരോ സര്‍ക്കാറും അധികാരമേല്‍ക്കുന്നത്. ബജറ്റില്‍ ഒട്ടേറെ പദ്ധതികളും പ്രഖ്യാപിക്കും. എന്നാല്‍ നടപ്പാകുന്നത് ചെറിയൊരു അംശം മാത്രം. 2015-16 വര്‍ഷത്തില്‍ പ്രഖ്യാപിച്ച പദ്ധതികളില്‍ തന്നെ ഇനിയും പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകാത്തവയുണ്ട്. അതിനിടെ ഈ വര്‍ഷത്തെ ബജറ്റിലും വാഗ്ദാനങ്ങളുടെ പെരുമഴയായിരുന്നു. ബജറ്റ് നടപടികള്‍ പൂര്‍ത്തിയായി പദ്ധതി പ്രവര്‍ത്തനങ്ങളിലേക്ക് പ്രവേശിക്കുമ്പോള്‍ ജൂണ്‍-ജൂലൈ ആകും. പിന്നീട് ആറ് മാസത്തോളം ഒഴുക്കന്‍ മട്ടിലാണ് കാര്യങ്ങള്‍ നീങ്ങൂന്നത്. സാമ്പത്തിക വര്‍ഷം അവസാന ഘട്ടത്തിലെത്തുമ്പോഴാണ് പ്രവര്‍ത്തനങ്ങള്‍ക്ക് ഗതിവേഗത കൈവരുന്നത്. പിന്നെ എങ്ങനെയെങ്കിലും പണം ചെലവിടാനുള്ള തത്രപ്പാടില്‍ ഗുണനിലവാരവും കാര്യക്ഷമതയും കണക്കിലെടുക്കാതെ അപ്പംചുട്ടെടുക്കുന്നു. പല റോഡുകളും നിര്‍മാണം പൂര്‍ത്തിയായി ദിവസങ്ങള്‍ക്കകം പൊട്ടിപ്പൊളിയുന്നതും പാലങ്ങളില്‍ വിള്ളലുകള്‍ പ്രത്യക്ഷപ്പെടുന്നതും ഇതുകൊണ്ടാണ്. എങ്ങനെയും പദ്ധതി പണം ചെലവിടണമെന്നതിനാല്‍ സൂക്ഷ്മമായ പരിശോധയില്ലാതെ ബില്ലുകള്‍ അനുവദിക്കുകയും ചെയ്യുന്നു. ബില്ലുകള്‍ മുന്‍കൂട്ടി നല്‍കണമെന്ന വ്യവസ്ഥ പോലും പാലിക്കപ്പെടാറില്ല. അവസാന സമയങ്ങളില്‍ സ്‌പെഷ്യല്‍ ഓര്‍ഡറുകളും ധാരാളം വരുന്നു. അഴിമതിക്കാര്‍ക്കും ഇടത്തട്ടുകാര്‍ക്കുമാണ് ഇതിന്റെ ഗുണം. സര്‍ക്കാറിന്റെ ഈ പ്രവര്‍ത്തന ശൈലിയില്‍ സമൂല മാറ്റം അനിവാര്യമാണ്.