ഇന്ത്യന്‍ കമ്യൂണിറ്റി ഫെസ്റ്റിവല്‍ ഏപ്രില്‍ 14, 15 തിയതികളില്‍

Posted on: April 1, 2016 8:15 pm | Last updated: April 2, 2016 at 3:32 pm
SHARE
അംബാസഡര്‍ സഞ്ജീവ് അറോറ വാര്‍ത്താസമ്മേളനം നടത്തുന്നു. ഗിരീഷ്‌കുമാര്‍,  ആര്‍ കെ സിംഗ്, സുനില്‍ തപ്ലിയാല്‍ സമീപം
അംബാസഡര്‍ സഞ്ജീവ് അറോറ വാര്‍ത്താസമ്മേളനം നടത്തുന്നു. ഗിരീഷ്‌കുമാര്‍,
ആര്‍ കെ സിംഗ്, സുനില്‍ തപ്ലിയാല്‍ സമീപം

ദോഹ: ഇന്ത്യന്‍ എംബസി സഹകരണത്തോടെ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ (ഐസിസി) സംഘടിപ്പിക്കുന്ന ‘എ പാസേജ് ടു ഇന്ത്യ’ സാംസ്‌കാരികോത്സവം ഈ മാസം 14, 15 തിയതികളില്‍ മ്യൂസിയം ഓഫ് ഇസ്‌ലാമിക് ആര്‍ട്ടില്‍ നടക്കും. ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകവും വൈവിധ്യവും പ്രദര്‍ശിപ്പിക്കുന്നതായിരിക്കും സാംസ്‌കാരികമേളയെന്ന് അംബാസിഡര്‍ സഞ്ജീവ് അറോറ, ഐ സി സി പ്രസിഡന്റ് ഗിരീഷ്‌കുമാര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഇന്ത്യന്‍ കമ്യൂണിറ്റി ഫെസ്റ്റിവലിന്റെ മൂന്നാമത്തെ എഡിഷനാണ് ഇത്തവണ നടക്കുന്നത്. 14ന് വൈകുന്നേരം ആറിന് ഉദ്ഘാടനം നടക്കും. 15ന് രാത്രി പത്തു വരെയാണു പ്രദര്‍ശനം. ഇന്ത്യന്‍ റയില്‍വേ, മംഗള്‍യാന്‍ എന്നിവയാകും പ്രദര്‍ശനത്തിന്റെ ശ്രദ്ധാകേന്ദ്രം. കഴിഞ്ഞ വര്‍ഷം കതാറയില്‍ 10 മീറ്റര്‍ ഉയരത്തില്‍ നിര്‍മിച്ച ‘ഇന്ത്യാഗേറ്റ്’ മാതൃക ശ്രദ്ധയാകര്‍ഷിച്ചിരുന്നു. അതിനെ വെല്ലുന്ന രീതിയില്‍ ഇന്ത്യന്‍ റയില്‍വേ ട്രെയിന്‍ എന്‍ജിന്‍ മാതൃകയാണ് ഇത്തവണ ഒരുക്കുന്നത്്. ഭക്ഷ്യ സ്റ്റാളുകള്‍ ഉള്‍പ്പെടെ നാല്‍പതിലധികം പവലിയനുകള്‍ ഉണ്ടാകും. ഐ സി സിയുടെ കീഴിലുള്ള വിവിധ സംഘടനകളും കമ്പനികളും സ്റ്റാളുകള്‍ ഒരുക്കുന്നുണ്ട്.
കലാപരിപാടി അവതരിപ്പിക്കാന്‍ ഇന്ത്യയില്‍ നിന്നുള്ള പ്രശസ്ത നാടോടി നൃത്തസംഘം എത്തും. പ്രമുഖ രാജസ്ഥാനി കലാകാരന്‍ സുപ്കിയുടെ നേതൃത്വത്തിലുള്ള 12 അംഗസംഘം കല്‍വേലിയ നാടോടി നൃത്തം അവതരിപ്പിക്കും. ഐ സി സി സംഘടനകളും വിവിധ സ്‌കൂള്‍ വിദ്യാര്‍ഥികളും കലാപരിപാടികള്‍ അവതരിപ്പിക്കും. ഇന്ത്യയുടെ സാംസ്‌കാരിക വൈവിധ്യവും വിവിധ മേഖലകളിലുള്ള വളര്‍ച്ചയും ചിത്രീകരിക്കുന്നതിനാണു പാസേജ് ടു ഇന്ത്യ സംഘടിപ്പിക്കുന്നെതെന്ന് അംബാസഡര്‍ സഞ്ജീവ് അറോറ പറഞ്ഞു. ഡോ. ബി ആര്‍ അംബേദ്കറുടെ 125ാം ജന്മവാര്‍ഷിക ദിനത്തിലാണ് സാംസ്‌കാരികോത്സവം തുടങ്ങുന്നത് എന്ന പ്രത്യേകതയുമുണ്ട്. അംബേദ്കറെക്കുറിച്ചും ഇന്ത്യന്‍ ഭരണഘടനയെ കുറിച്ചുമുള്ള പവലിയന്‍ ഉണ്ടാകും. ഇന്ത്യയുടെ രുചിവൈവിധ്യം വ്യക്തമാക്കുന്ന ഭക്ഷ്യവസ്തുക്കള്‍, കരകൗശല വസ്തുക്കള്‍, ജ്വല്ലറി, തുണിത്തരങ്ങള്‍, ഡ്രൈ ഫ്രൂട്‌സ് തുടങ്ങിയവയാണ് സ്റ്റാളുകളിലുണ്ടാകുക. മേളക്ക് ഖത്വറിന്റെ പൂര്‍ണ പിന്തുണയുണ്ടെന്നും ഖത്വര്‍ മ്യൂസിയം ചെയര്‍പേഴ്‌സണ്‍ ശൈഖ അല്‍ മയാസ ബിന്‍ത് ഹമദ് അല്‍താനി സഹകരണം വാഗ്ദാനം ചെയ്തതായും അദ്ദേഹം പറഞ്ഞു. ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ ആര്‍ കെ സിംഗ്, എംബസി സെക്കന്‍ഡ് സെക്രട്ടറി സുനില്‍ തപ്ലിയാല്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here