ഇന്‍ഡിഗോ വിമാനങ്ങളില്‍ ടിക്കറ്റ് ക്യാന്‍സലേഷന്‍ നിരക്ക് കൂട്ടുന്നു

Posted on: April 1, 2016 3:09 pm | Last updated: April 1, 2016 at 3:16 pm
SHARE

indigoമസ്‌കത്ത്:ഇന്ത്യന്‍ വിമാന കമ്പനിയായ ഇന്‍ഡിഗോ ഇന്ന് മുതല്‍ ടിക്കറ്റ് റദ്ദാക്കലിനുള്ള ചാര്‍ജ് വര്‍ധിപ്പിക്കും. ഇതുവരെ 1,250 രൂപയുണ്ടായിരുന്ന ചാര്‍ജ് ഇന്ന് മുതല്‍ 2,250 രൂപയാക്കിയാണ് കമ്പനി ഉയര്‍ത്തിയിരിക്കുന്നത്. ഇന്‍ഡിഗോ വിമാനത്തിന്റെ അഭ്യന്തര സര്‍വീസുകള്‍ നടത്തുന്ന വിമാനങ്ങള്‍ക്കാണ് ഈ നിരക്ക് ഈടാക്കുന്നത്. അന്താരാഷ്ട്ര യാത്രികരുടെ ടിക്കറ്റ് റദ്ദാക്കല്‍ നിരക്ക് 2500 എന്ന പഴയ നിരക്ക് ഇനിയും തുടരും.

ഒരു മാസത്തിനുള്ളില്‍ റദ്ദാക്കുന്നന്ന ടിക്കറ്റുകള്‍ക്കായിരുന്നു ഇതുവരെ 1,250 രൂപ ഈടാക്കിയിരുന്നത്. ഇതോടെ കണക്ഷന്‍ വിമാനങ്ങളെടുത്ത് മുംബൈ, ബംഗളൂരു, ചെന്നൈ തുടങ്ങിയ പ്രദേശങ്ങളില്‍ നിന്ന് കേരളത്തിലേക്ക് യാത്ര ചെയ്യുന്ന യാത്രക്കാര്‍ക്ക് ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യേണ്ടിവന്നാല്‍ വന്‍ തുക നഷ്ടമാകും.
നിലവില്‍ ബംഗളൂരുവില്‍ നിന്ന് കൊച്ചിയിലേക്ക് 4,700 രൂപ വരെയാണ് ചാര്‍ജ്. ഈ ടിക്കറ്റ് റദ്ദാക്കിയാല്‍ ഉപഭോക്താവിന് പകുതിയോളം തുകയാണ് നഷ്ടമാകുക. ചില റൂട്ടുകളില്‍ ടിക്കറ്റ് നിരക്കിനേക്കാള്‍ ഉയര്‍ന്ന തുകയാകും ക്യാന്‍സല്‍ ചാര്‍ജിന് ഈടാക്കേണ്ടിവരിക. സ്‌കൂളുകള്‍ അടക്കുന്ന ജൂണ്‍ മാസത്തില്‍ 3,400 ആണ് ബംഗളൂരുവില്‍ നിന്ന് കൊച്ചിയിലേക്ക് ടിക്കറ്റ് ചാര്‍ജ്. കുറഞ്ഞ നിരക്കില്‍ വേറെ ഏതെങ്കിലും വിമാന ടിക്കറ്റ് ഇതേ റൂട്ടിലേക്ക് കിട്ടിയാല്‍ ഉപഭോക്താവിന് പകുതിയിലേറെ രൂപ ടിക്കറ്റ് ചാര്‍ജ് ഇനത്തില്‍ നഷ്ടമാകും.

കുറഞ്ഞ നിരക്കിന് വിമാന ടിക്കറ്റുകള്‍ നല്‍കി വിവിധ വിമാന കമ്പനികള്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ ശ്രമിക്കുന്നത് വഴി തങ്ങളുടെ ഉപഭോക്താക്കളെ നഷ്ടമാകാതിരിക്കാനാണ് ഉയര്‍ന്ന റദ്ദാക്കല്‍ ചാര്‍ജ് ഈടാക്കുന്നത്. ഉയര്‍ന്ന റദ്ദാക്കല്‍ ചാര്‍ജ് ഈടാക്കുന്നത് ഇന്ത്യയിലെ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ വിഭാഗത്തിന്റെ നിരീക്ഷണത്തിലാണ്. ഇത് സംബന്ധിച്ച് ഡി ജി സി എ കഴിഞ്ഞ വര്‍ഷം അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ഡി ജി സി എ ഇക്കാര്യത്തില്‍ തടസവാദം ഉന്നയിച്ചില്ലെങ്കില്‍ മറ്റു വിമാന കമ്പനികളും വിമാന റദ്ദാക്കല്‍ ചാര്‍ജ് കൂട്ടിയേക്കും. ഫലത്തില്‍ ഉപഭോക്താക്കള്‍ക്ക് കുടുതല്‍ വിമാന ചാര്‍ജ് നല്‍കേണ്ടിവരുന്ന അവസ്ഥയാണുണ്ടാവുക.