ജി സി സി മേഖലയില്‍ റോമിംഗ് ചാര്‍ജ് കുറച്ചു

Posted on: April 1, 2016 3:04 pm | Last updated: April 1, 2016 at 3:04 pm
SHARE

ROAMINGമസ്‌കത്ത്: രാജ്യത്തെ ടെലികോം സേവന ദാതാക്കളായ ഡുവും ഇത്തിസലാത്തും ജി സി സി രാജ്യങ്ങള്‍ക്കിടയിലെ റോമിംഗ് ചാര്‍ജ് കുറച്ചു. ഇന്ന് മുതല്‍ ഇത് പ്രാബല്യത്തിലാവുമെന്ന് ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി വ്യക്തമാക്കി. ഇതോടെ ആറു ജി സി സി രാജ്യങ്ങള്‍ക്കിടയിലും ഡുവില്‍ നിന്ന് വിളിക്കുന്നവര്‍ക്ക് ചാര്‍ജില്‍ കുറവുണ്ടാവും. ജി സി സി രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് മിനുട്ടിന് 95 ഫില്‍സ് നല്‍കിയാല്‍ മതിയാവും. ടെക്സ്റ്റ് മെസേജുകള്‍ക്ക് 29 ഫില്‍സായിരിക്കും ഈടാക്കുക. പ്രീപെയ്ഡുകാര്‍ക്കും പോസ്റ്റ് പെയ്ഡ് കണക്ഷന്‍ ഉപയോഗിക്കുന്നവര്‍ക്കും ഡാറ്റ റോമിംഗ് ചാര്‍ജില്‍ മാറ്റം വരുത്തിയിട്ടുണ്ട്. ഒരു എംബിക്ക് 4.77 ദിര്‍ഹമാണ് ഈടാക്കുകയെന്നും ഡു അറിയിച്ചു. ഇതേ ചാര്‍ജ് തന്നെയാണ് ഈടാക്കുകയെന്ന് ഇത്തിസലാത്ത് അധികൃതരും പറഞ്ഞു.

കഴിഞ്ഞ ആഴ്ച റോമിംഗ് ചാര്‍ജില്‍ കുറവ് വരുത്തുമെന്ന് ജി സി സി അംഗ രാജ്യങ്ങള്‍ വ്യക്തമാക്കിയിരുന്നു. ഫോണ്‍ വിളികള്‍ക്കും എസ് എം എസിനും മൊബൈല്‍ ഡാറ്റക്കും ഏപ്രില്‍ ഒന്നു മുതല്‍ കുറവു വരുത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. ഒന്നാം ഘട്ടത്തില്‍ 40 ശതമാനത്തോളം കുറവായിരിക്കും വരുത്തുകയെന്ന് ജി സി സി സെക്രട്ടേറിയറ്റിന്റെ സാമ്പത്തിക വിഭാഗം അസി. സെക്രട്ടറി ജനറല്‍ അബ്ദുല്ല ബിന്‍ ജുമാ അല്‍ ഷിബിലി വെളിപ്പെടുത്തിയിരുന്നു.