Connect with us

Malappuram

വള്ളിക്കുന്നില്‍ കുത്തക കാക്കാന്‍ യു ഡി എഫ്, പിടിച്ചെടുക്കാന്‍ എല്‍ ഡി എഫ്

Published

|

Last Updated

തേഞ്ഞിപ്പലം:വ്യക്തമായ രാഷ്ട്രീയ ചായ്‌വുള്ള മണ്ഡലമാണ് വള്ളിക്കുന്ന്. അതുകൊണ്ട് തന്നെ വാശിയേറിയ മത്സരത്തിന് ഇത്തവണയും സാധ്യതയില്ല. മുസ്‌ലിം ലീഗിനോട് അനുഭാവമുള്ള വോട്ടര്‍മാരാണ് മണ്ഡലത്തിലധികവും. അതാണ് യു ഡി എഫ് കണക്കൂകൂട്ടല്‍. 2011ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രൂപീകൃതമായ മണ്ഡലങ്ങളിലൊന്നായ വള്ളിക്കുന്നിലെ പ്രഥമ തിരഞ്ഞെടുപ്പില്‍ യു ഡി എഫ് വന്‍ ഭൂരിപക്ഷത്തോടെയാണ് വെന്നിക്കൊടി നാട്ടിയത്.

ലീഗിലെ അഡ്വ. കെ എന്‍ എ ഖാദറിന് 18122 വോട്ടുകളുടെ ഭൂരിപക്ഷമാണ് നേടാനായത്. എന്നാല്‍ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ പലയിടത്തും മുന്നേറ്റമുണ്ടാക്കിയ ജനകീയ വികസന മുന്നണിയുടെ മാതൃകയില്‍ ചലനവും മാറ്റവും ഉണ്ടാക്കാനാണ് എല്‍ ഡി എഫിന്റെ ശ്രമം. ലീഗിലെയും കോണ്‍ഗ്രസിലെയും വിമതരെയും മറ്റ് സംഘടനകളെയും ഒപ്പം നിര്‍ത്തി തന്ത്രപരമായാണ് നീക്കം. മുസ്‌ലിം ലീഗ് നോമിനിയായ പി അബ്ദുള്‍ ഹമീദ് വള്ളിക്കുന്നില്‍ യു ഡി എഫ് സ്ഥാനാര്‍ഥിയായി സജീവമാണ്. എല്‍ ഡി എഫ് നേതൃത്വം വള്ളിക്കുന്നിലെ സീറ്റ് ഐ എന്‍ എല്ലിന് നല്‍കി പൊതുസമ്മതനായ വ്യക്തിയെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. പഴയ കൊണ്ടോട്ടി മണ്ഡലത്തിലെ പള്ളിക്കല്‍, ചേലേമ്പ്ര പഞ്ചായത്തുകളും തിരൂരങ്ങാടി മണ്ഡലത്തിലെ മൂന്നിയൂര്‍, തേഞ്ഞിപ്പലം, പെരുവള്ളൂര്‍, വള്ളിക്കുന്ന് പഞ്ചായത്തുകളും ചേര്‍ത്ത് രൂപവത്കരിച്ചതാണ് വള്ളിക്കുന്ന് മണ്ഡലം. തേഞ്ഞിപ്പലം, വള്ളിക്കുന്ന്, മൂന്നിയൂര്‍, ചേലേമ്പ്ര, പെരുവള്ളൂര്‍, പള്ളിക്കല്‍ എന്നീ ആറു പഞ്ചായത്തുകളാണ് മണ്ഡല പരിധിയില്‍ വരുന്നത്. ഇതില്‍ ചേലേമ്പ്ര ഒഴികെയുള്ള അഞ്ച് പഞ്ചായത്തുകളുടേയും ഭരണ ചക്രം കറക്കുന്നത് യു ഡി എഫാണ്. ചേലേമ്പ്രയില്‍ മാത്രമാണ് യു ഡി എഫിന് ഭരണമില്ലാത്തത്.

ഇവിടെ ജനകീയ വികസന മുന്നണിയുടെ സഹായത്തോടെ എല്‍ ഡി എഫാണ് ഭരിക്കുന്നത്. കഴിഞ്ഞ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പഞ്ചായത്ത് ലീഗിലെ അനൈക്യമാണ് ചേലേമ്പ്ര ഇടതിന് ആധിപത്യം നേടിക്കൊടുത്തത്. എന്നാല്‍ ഇത്തവണ പല പഞ്ചായത്തുകളിലും കോണ്‍ഗ്രസിലും ലീഗിലുമുണ്ടായ വിഭാഗീയതകളും ഏറെക്കുറേ തീര്‍ക്കാനായത് ലീഗിന് ആശ്വാസമാണ്. വിഭാഗീയത രൂക്ഷമായിരുന്ന ചേലേമ്പ്ര ലീഗിലെ പ്രശ്‌നം നേതൃത്വം ഇടപെട്ട് പരിഹരിച്ചത് ഇത്തവണ പ്രവര്‍ത്തനത്തിന് കരുത്തേകുമെന്നാണ് നേതൃത്വത്തിന്റെ പ്രതീക്ഷ. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലത്തിനുള്ളില്‍ ഉണ്ടായ വികസന നേട്ടങ്ങള്‍ നിരത്തിയാണ് യു ഡി എഫ് വീണ്ടും പ്രചാരണത്തിനിറങ്ങുന്നത്. മണ്ഡല വികസനത്തില്‍ വന്‍ മുന്നേറ്റം നടത്തിയെന്നാണ് യു ഡി എഫിന്റെ അവകാശം.

മാതാപുഴ, കാര്യാട്കടവ്, പുല്ലിക്കടവ് പാലങ്ങള്‍ യാഥാര്‍ഥ്യമാക്കിയതും മണ്ഡലത്തിലെ മുഴുവന്‍ സ്‌കൂളുകളിലും സ്മാര്‍ട്ട് ക്ലാസ് റൂം പദ്ധതി നടപ്പാക്കിയതും റോഡ് നവീകരണം, പ്രധാന കേന്ദ്രങ്ങളില്‍ ഹൈമാസ്റ്റ് ലൈറ്റുകള്‍, വള്ളിക്കുന്ന് റയില്‍വെ സ്റ്റേഷന്‍ അണ്ടര്‍ ബ്രിഡ്ജ്, ആനങ്ങാടിയിലെ ഫിഷ് ലാന്റിംഗ് സെന്റര്‍ നവീകരണം, ഇരുമ്പോത്തിങ്ങല്‍ റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ വികസന നേട്ടങ്ങളായാണ് യു ഡി എഫ് ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നത്. എന്നാല്‍ എല്ലാവരിലേക്കും വികസനം എത്തിക്കുന്നതില്‍ യു ഡി എഫ് പരാജയമാണെന്നാണ് എല്‍ ഡി എഫ് നേതൃത്വം പറയുന്നത്.
ജലക്ഷാമം പോലുള്ള ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കാതെ റോഡുകളും പാലങ്ങളും മാത്രം ഉണ്ടാക്കി പേരെടുക്കാനാണ് യു ഡി എഫ് ശ്രമിച്ചതെന്നും എല്‍ ഡി എഫ് ആരോപിക്കുന്നു. ബി ജെ പിയും എസ് ഡി പി ഐയും വള്ളിക്കുന്നില്‍ മത്സര രംഗത്തുണ്ട്. പി ഹനീഫ ഹാജിയാണ് എസ് ഡി പി ഐ സ്ഥാനാര്‍ഥി. പുതിയ കണക്കനുസരിച്ച് മണ്ഡലത്തില്‍ ആകെ 181559 വോട്ടര്‍മാരുണ്ട്.

Latest