ജനദ്രോഹ നിയമങ്ങളെ സ്വീകരിച്ച് അടങ്ങി നില്‍ക്കാന്‍ മുസ്‌ലിം ജമാഅത്ത് തയ്യാറല്ല: കാന്തപുരം

Posted on: April 1, 2016 10:52 am | Last updated: April 1, 2016 at 10:52 am
SHARE

KANTHAPURAMകൊച്ചി: സര്‍ക്കാര്‍ എന്ത് നിയമം കൊണ്ട് വന്നാലും അംഗീകരിച്ച് അടങ്ങി നില്‍ക്കാന്‍ കേരള മുസ്‌ലിം ജമാഅത്ത് തയ്യാറല്ലെന്ന് അഖിലേന്ത്യാ സുന്നി ജം ഇംയ്യത്തത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറിയും കേരള മുസ്‌ലിം ജമാഅത്ത് പ്രസിഡന്റുമായ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍.

കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സാരഥികള്‍ക്ക് കൊച്ചിയില്‍ നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ ആലോചിച്ച് നിയമം കൊണ്ട് വന്നില്ലെങ്കില്‍ ആദ്യം എതിര്‍ക്കും. തിരുത്തിയില്ലെങ്കില്‍ ചോദ്യം ചെയ്യും. ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്ന അനാഥാലയങ്ങള്‍ ബാലനീതി നിയമ പ്രകാരം വീണ്ടും രജിസ്റ്റര്‍ ചെയ്യണമെന്ന നിലപാട് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.

സംസ്ഥാനത്ത് വിദ്യാര്‍ഥികള്‍ക്ക് മികച്ച വിഭ്യാഭ്യാസം നല്‍കുന്ന സംവിധാനമുണ്ട്. ഇതിനെ തകര്‍ക്കണം എന്നല്ലാതെ മറ്റൊരു ലക്ഷ്യവും ഈ നിയമത്തിന് പിന്നിലില്ല. ഇത്തരം നിയമങ്ങള്‍ നടപ്പാക്കുന്നതില്‍ വേദനയുണ്ട്. അനാവശ്യമായി ചില നിയമങ്ങള്‍ കൊണ്ട് വരുന്നുണ്ട്. കേരളത്തില്‍ നിന്നും മറ്റു സംസ്ഥാനങ്ങളില്‍ പോയി പഠിക്കുന്ന വിദ്യാര്‍ഥികളുണ്ട്.
എന്നാല്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും ഇവിടെ വന്ന് ഒരു വര്‍ഷത്തോളം പഠിക്കുകയും നാട്ടില്‍ പോയി മടങ്ങി വരുകയും ചെയ്യുന്ന വിദ്യാര്‍ഥികളെ റെയില്‍വേ സ്റ്റേഷനില്‍ പിടിച്ച് വെക്കുകയും ഇത് മനൂഷ്യക്കടത്താണെന്ന് പറയുന്നത് അംഗീകരിക്കാനാകില്ല. കേരളത്തില്‍ നിന്ന് മറ്റുസംസ്ഥാനങ്ങളില്‍ പോയി പഠിക്കുന്നത് മണുഷ്യക്കടത്തല്ലെങ്കില്‍ അവിടെ നിന്നും ഇങ്ങോട്ട് വരുന്നത് എങ്ങനെ മനുഷ്യക്കടത്താകുമെന്ന് കാന്തപുരം ചോദിച്ചു.

കേരള മുസ്‌ലിം ജമാഅത്തിന് രാഷ്ട്രീയമില്ല. ഭരിക്കുന്നവരും പ്രതിപക്ഷത്തിരിക്കുന്നവരും ഞങ്ങള്‍ക്ക് ഭരിക്കുന്നവരെപോലെയാണ്. ഭരണ പക്ഷം എന്ത് ചെയ്താലും എതിര്‍ക്കുകയും പ്രതിപക്ഷം എന്ത് പറഞ്ഞാലും അംഗീകരിക്കാതിരിക്കുകയും ചെയ്യുന്ന രീതി ശരിയല്ല. പ്രതിപക്ഷവും ഭരണ പക്ഷവും രാജ്യത്തിന്റെ നന്‍മക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവരാകണമെന്നും കാന്തപുരം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here