പ്ലാസ്റ്റിക് വസ്തുക്കളുടെ വില കൂടും; ബജറ്റിലെ നികുതി വര്‍ധനക്ക് ഇന്ന് മുതല്‍ പ്രാബല്യം

Posted on: April 1, 2016 10:49 am | Last updated: April 1, 2016 at 10:49 am
SHARE

plasticതിരുവനന്തപുരം: യു ഡി എഫ് സര്‍ക്കാറിന്റെ അവസാന ബജറ്റിലെ നികുതി വര്‍ധന പ്രാബല്യത്തില്‍ വരുന്നതോടെ ഇന്ന് മുതല്‍ സംസ്ഥാനത്ത് ചില സാധനങ്ങള്‍ക്ക് വിലവര്‍ധനയുണ്ടാകും. എല്ലാത്തരം പ്ലാസ്റ്റിക് വസ്തുക്കള്‍ക്കും നികുതി വര്‍ധന ഏര്‍പ്പെടുത്തിയിട്ടുണ്ട്. 20 ശതമാനം നികുതി ഏര്‍പ്പെടുത്തിയതോടെ പ്ലാസ്റ്റിക് ബാഗുകള്‍ക്കാണ് ഏറ്റവും കൂടുതല്‍ വിലവര്‍ധനയുണ്ടാകുക. കുപ്പിവെള്ളം, ശീതള പാനീയങ്ങള്‍ എന്നിവയുടെ വില വര്‍ധിക്കും. തുണി സഞ്ചിയെന്ന വ്യാജേന ഉപയോഗിക്കുന്ന നോണ്‍ വുവണ്‍ പോളി പ്രൊപ്പലീന്‍ പ്ലാസ്റ്റിക് ബാഗുകള്‍ ഉള്‍പ്പെടെയുള്ള എല്ലാതരം പ്ലാസ്റ്റിക് ബാഗുകള്‍ക്കും 20 ശതമാനം നികുതി ഏര്‍പ്പെടുത്തി. ഉപയോഗിക്കാന്‍ കഴിയുന്ന പ്ലാസ്റ്റിക് കുപ്പികള്‍ പുനരുപയോഗിക്കുന്ന പദ്ധതിക്ക് ധനം കണ്ടെത്തുന്നതായി പ്ലാസ്റ്റിക് കുപ്പികളില്‍ വരുന്ന വെള്ളം, കോള, പാനീയങ്ങള്‍ എന്നിവക്ക് അഞ്ച് ശതമാനം സര്‍ചാര്‍ജ് ഏര്‍പ്പെടുത്തിയിരുന്നു.

ഇതും ഇന്ന് മുതല്‍ ബാധകമാകും. അതേസമയം നികുതിയിളവ് പ്രഖ്യാപിച്ച സാധനങ്ങളുടെ വില കുറയും. കാരുണ്യ ഫാര്‍മസി, നീതി സ്റ്റോര്‍ മരുന്നുകള്‍, ഹോസ്റ്റല്‍, വര്‍ക്കിംഗ് വുമന്‍സ് ഹോസ്റ്റല്‍ വാടക, ദ്രവീകൃത പ്രകൃതിവാതകം, ജയില്‍ ചപ്പാത്തിയും മറ്റു ഭക്ഷണങ്ങളും, പൂച്ചട്ടികള്‍, പാത്രങ്ങള്‍, പ്രതിമകള്‍, കമ്പികളുള്ള കോണ്‍ക്രീറ്റ് ജനല്‍ കട്ടിള, അന്ധര്‍ക്കുള്ള വൈറ്റ്‌കേന്‍, ഇലക്ട്രോണിക് കേന്‍, ബ്രെയില്‍ പ്രിന്റര്‍, കീടനാശിനികള്‍ കഴുകു ക്ലീനിങ് ലിക്വിഡ്, ഏലം, തദ്ദേശ കൈത്തറി ഉത്പ്പന്നം എന്നിവക്കാണ് നികുതിയിളവ് പ്രഖ്യാപിച്ചിട്ടുള്ളത്. കേരള കാര്‍ഷിക സര്‍വകലാശാലയോ മറ്റ് അംഗീകൃത സ്ഥാപനങ്ങളോ വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യ ഉപയോഗിച്ച് കമ്പനികള്‍ ഉല്‍പ്പാദിപ്പിക്കുന്ന ക്ലീനിംഗ്് ലിക്വിഡിനെയും നികുതിയില്‍നിന്നും ഒഴിവാക്കി.

ഏലത്തിന്റെ വിലത്തകര്‍ച്ചയും കര്‍ഷകരുടെ ദുരവസ്ഥയും കണക്കിലെടുത്ത് ലേല കേന്ദ്രങ്ങളിലൂടെയുള്ള ഏലത്തിന്റെ വില്‍പ്പനക്ക് നികുതിയിളവുണ്ടാകും. ലേല കേന്ദ്രങ്ങളിലൂടെ വില്‍ക്കുന്ന ഏലത്തിന്റെ വാറ്റ് നികുതി പൂര്‍ണമായും ഒഴിവാക്കി. സര്‍ക്കാര്‍ കരാറുകാര്‍ക്ക് 2014ല്‍ തുടങ്ങിയതോ പൂര്‍ത്തീകരിക്കാനുള്ളതോ ആയ കരാര്‍ പണികളുടെ നികുതി മാര്‍ച്ച് 31 വരെ 2014ല്‍ നിലവിലുണ്ടായിരുന്ന നികുതി നിരക്കില്‍ തുടരാനായിരുന്നു തീരുമാനം. ഇന്ന് മുതല്‍ നികുതി നിരക്കില്‍ വര്‍ധനയുണ്ടാകും. കാരുണ്യ ഫാര്‍മസികള്‍, നീതി സ്റ്റോറുകള്‍ എന്നിവയില്‍ക്കൂടി വില്‍ക്കുന്ന മരുന്നുകള്‍ക്ക് വാറ്റ് നികുതി ഉപേക്ഷിച്ചതിനാല്‍ വിലകുറയും. വാണിജ്യ സ്ഥാപനങ്ങള്‍ അല്ലാതെയുള്ള ഹോസ്റ്റലുകള്‍, വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റലുകള്‍ മുതലായ സ്ഥാപനങ്ങളെ ആഢംബര നികുതി ഒടുക്കുന്നതില്‍ നിന്നും ഒഴിവാക്കിയതും ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.