ജവാന്മാര്‍ കൊല്ലപ്പെട്ട സംഭവം: സൈനിക വിവരം ചോര്‍ന്നെന്ന് സി ആര്‍ പി എഫ്

Posted on: April 1, 2016 9:17 am | Last updated: April 1, 2016 at 9:17 am
SHARE

CRPFന്യൂഡല്‍ഹി: സൈനിക നീക്കം സംബന്ധിച്ച വിവരം ചോര്‍ന്നതിനാലാണ് ഛത്തിസ്ഗഢില്‍ ഏഴ് ജവാന്മാര്‍ കുഴി ബോംബ് പൊട്ടി മരിച്ചതെന്ന് സി ആര്‍ പി എഫ്. വിവരം ചോര്‍ത്തിയത് അര്‍ധസൈനിക വിഭാഗത്തിന്റെ അകത്തുനിന്നാണോ പുറത്തുനിന്നാണോ എന്നത് സംബന്ധിച്ച് അന്വേഷണം നടക്കും. സി ആര്‍ പി എഫിന്റെ നീക്കം സംബന്ധിച്ച വിവരം ചോര്‍ന്നു എന്നത് ഉറപ്പാണ്. എവിടെ നിന്നോ ഏതോ ഘട്ടത്തില്‍ അത് സംഭവിച്ചിട്ടുണ്ട്- സി ആര്‍ പി എഫ് ഡയരക്ടര്‍ ജനറല്‍ കെ ദുര്‍ഗാ പ്രസാദ് പറഞ്ഞു. പരമാവധി രഹസ്യ സ്വഭാവം ഉറപ്പാക്കിയാണ് സൈനികര്‍ മാവോയിസ്റ്റ് വേട്ടക്ക് നിയോഗിക്കപ്പെട്ടത്. സി ആര്‍ പി എഫ് ക്യാമ്പിന് സമീപത്തെ സാധാരണക്കാരാണ് ഈ വിവരം ചോര്‍ത്തി നല്‍കിയതെന്നത് തള്ളിക്കളയാനാകില്ലെന്നും ഡി ജി പി പറഞ്ഞു.

കൊല്ലപ്പെട്ട സി ആര്‍ പി എഫികാര്‍ യൂനിഫോമും ആയുധവും ഉപയോഗിക്കാതെ യാത്ര ചെയ്തതിനെ ഛത്തീസ്ഗഢ് ആഭ്യന്തര മന്ത്രി അജയ് ചന്ദ്രാകര്‍ കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തിയിരുന്നു. തയ്യാറെടുപ്പുകളൊന്നുമില്ലാതെ അതീവ ജാഗ്രതാ നിര്‍ദേശമുള്ള പ്രദേശത്തുകൂടി സൈനികര്‍ സഞ്ചരിച്ചത് ചട്ടലംഘനമാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു. എന്നാല്‍, അകമ്പടി വാഹനങ്ങളില്ലാതെ സൈനികര്‍ ജാഗ്രതാ മേഖലയില്‍ കൂടി സഞ്ചരിക്കുമ്പോള്‍ ശത്രുക്കള്‍ തിരിച്ചറിയാതിരിക്കാന്‍ യൂനിഫോം ഒഴിവാക്കാറുണ്ടെന്ന് സൈനികവൃത്തങ്ങള്‍ സൂചിപ്പിച്ചു.
സി ആര്‍ പി എഫ് സംഘം ട്രക്കില്‍ സഞ്ചരിക്കവേ ദന്തേവാദ ജില്ലയില്‍പ്പെട്ട ബസാറസ്- കുവാകോന്ദ മേഖലക്ക് സമീപം മെലാവാദാ ഗ്രാമത്തില്‍ ബുധനാഴ്ച വൈകുന്നേരം നാലോടെ ഉണ്ടായ കുഴിബോംബ് സ്‌ഫോടനത്തിലാണ് ഏഴ് സി ആര്‍ പി എഫുകാര്‍ കൊല്ലപ്പെട്ടത്. സ്‌ഫോടനത്തില്‍ വാഹനം ചിന്നഭിന്നമാകുകയും റോഡില്‍ അഞ്ചടി ആഴത്തില്‍ ഗര്‍ത്തം രൂപപ്പെടുകയും ചെയ്തു. നക്‌സല്‍ വിരുദ്ധ സൈനികനീക്കത്തിന് നിയോഗിക്കപ്പെട്ട സൗത്ത് ബസ്താര്‍ മേഖലയിലെ 230ാം ബറ്റാലിയന്‍ സി ആര്‍ പി എഫ് സംഘമാണ് ദന്തേവാദയില്‍ ആക്രമണത്തിന് ഇരയായത്. സൈനികരുടെ ആയുധങ്ങള്‍ കവര്‍ച്ച ചെയ്യപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ബുധനാഴ്ച രാവിലെ ബീജാപൂര്‍ ജില്ലയിലുണ്ടായ മറ്റൊരു കുഴിബോംബ് ആക്രമണത്തില്‍ രണ്ട് സി ആര്‍ പി എഫുകാരും കൊല്ലപ്പെട്ടിരുന്നു.