വന്‍ നികുതി വെട്ടിപ്പുകാര്‍ ഏറെയും മോദിയുടെ നാട്ടില്‍

Posted on: April 1, 2016 9:24 am | Last updated: April 1, 2016 at 9:24 am
SHARE

TAXഅഹമ്മദാബാദ്: രാജ്യത്ത് കൂടുതല്‍ നികുതി വെട്ടിപ്പുകാരുള്ളത് മോദിയുടെ സസ്ഥാനമായ ഗുജറാത്തിലെന്ന് കണക്കുകള്‍. ഏതാനും ദിവസം മുമ്പ് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പുറത്തുവിട്ട 20 നികുതിവെട്ടിപ്പുകാരുടെ പട്ടികയില്‍ മൂന്ന് പേരും ഗുജറാത്തില്‍ നിന്നാണ്. ആദായ നികുതി വകുപ്പ് കഴിഞ്ഞ വര്‍ഷം പുറത്തുവിട്ട നികുതി വെട്ടിപ്പുകാരുടെ പട്ടികയില്‍ 67ല്‍ 24 പേരും ഗുജറാത്തില്‍ നിന്നുള്ളവരായിരുന്നു. ഇവരെല്ലാവരും ആകെ 576. 8 കോടി രൂപയാണ് നികുതിയായി അടക്കാനുള്ളത്.
15 വീതം നികുതി വെട്ടിപ്പുകാരുമായി മഹാരാഷ്ട്രയും തെലങ്കാനയാണ് ഈ പട്ടികയില്‍ ഗുജാറാത്തിന് പിന്നാലെയുള്ളത്. 2013- 14 കണക്കെടുപ്പ് വര്‍ഷം ‘പേരും മാനക്കേടും’ നയത്തിന്റെ ഭാഗമായാണ് ആദായ നികുതി വകുപ്പ് നികുതിയടക്കാത്ത 67 പേരുടെ പട്ടിക പുറത്തുവിട്ടത്. മൂന്ന് പ്രത്യേക പട്ടികയായാണ് പേരു വിവരം വെളിപ്പെടുത്തിയത്. ഇവരെല്ലാം ചേര്‍ന്ന് 3,200 കോടി രൂപയാണ് സര്‍ക്കാറിലേക്ക് അടക്കാനുള്ളത്. ഓഹരി വിപണി, വസ്ത്രവ്യാപാരം, ഹവാല, സിനിമാ വ്യവസായം തുടങ്ങിയ മേഖലകളില്‍പ്പെട്ടവരാണ് ഗുജറാത്തില്‍ പ്രധാനമായും നികുതിവെട്ടിപ്പ് നടത്തുന്നത്.
നേരത്തേ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ലോക്‌സഭയില്‍ നികുവെട്ടിപ്പുകാരുടെ പട്ടിക മേശപ്പുറത്ത് വെച്ചപ്പോള്‍, ഗുജറാത്തില്‍ നിന്ന് ബ്ലൂ ഇന്‍ഫര്‍മേഷന്‍ പ്രൈവറ്റ് ലിമിറ്റഡ്, ലിവര്‍പൂള്‍ റീടെയില്‍ ഇന്ത്യ ലിമിറ്റഡ് എന്നീ കമ്പനികളും പ്രഫുല്‍ എം അഖാനി എന്ന വ്യക്തിയുമാണ് ഉള്‍പ്പെട്ടിരുന്നത്. ഇവര്‍ മൂന്ന് പേരും 136.38 കോടി രൂപയുടെ ആദായ നികുതിയാണ് സര്‍ക്കാറിലേക്ക് അടക്കാന്‍ തയ്യാറാകാതിരുന്നത്. ധനമന്ത്രി പുറത്തുവിട്ട പട്ടികയില്‍ നികുതി വെട്ടിപ്പുകാരുടെ പേരും മേല്‍വിലാസവും, പാന്‍ നമ്പര്‍, നികുതി കുടിശ്ശിക, വരുമാന സ്രോതസ്സ് തുടങ്ങിയവയും ഉള്‍പ്പെടുത്തിയിരുന്നു. നിരവധി തവണ അറിയിപ്പ് നല്‍കിയിട്ടും ഒരു കോടിയിലധികം രൂപ നികുതി കുടിശ്ശികയുള്ളവരുടെ പേര് വിവരം ശേഖരിച്ചുവരികയാണെന്ന് അഹമ്മദാബാദിലെ ഉയര്‍ന്ന ആദായ നികുതി ഉദ്യോഗസ്ഥന്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here