വിമാനാപകടത്തിന് ശേഷവും നേതാജിയുടെ റേഡിയോ സംപ്രേഷണം

Posted on: April 1, 2016 9:12 am | Last updated: April 1, 2016 at 9:12 am
SHARE

subhash chandra bossന്യൂഡല്‍ഹി:നേതാജി സുഭാഷ് ചന്ദ്രബോസിന്റെ തിരോധാനം വീണ്ടും നിഗൂഢമാകുന്നു. കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ട രഹസ്യരേഖകളിലാണ് നേതാജി വിമാനാപകടത്തില്‍ നിന്ന് രക്ഷപ്പെട്ടിരുന്നുവെന്ന സൂചന നല്‍കുന്ന ഫയലുകള്‍ ഉള്ളത്. വിമാനപകടത്തിന് ശേഷം നേതാജി നടത്തിയതെന്ന് കരുതുന്ന റേഡിയോ സംപ്രേക്ഷണത്തിന്റെ വിവരങ്ങളാണ് സര്‍ക്കാര്‍ പുറത്തുവിട്ട രഹസ്യഫയലിലുള്ളത്.
1945 ആഗസ്റ്റ് 18 നടന്ന വിമാനപകടത്തിന് ശേഷവും നേതാജി ജീവിച്ചിരുന്നെന്ന് സൂചിപ്പിക്കുന്നതാണ് ഈ ഫയലുകള്‍. ജപ്പാനില്‍ നിന്ന് മൂന്ന് തവണ ഇന്ത്യന്‍ ജനതയെ അഭിസംബോധനം ചെയ്യുന്ന റേഡിയോ സംപ്രേഷണത്തിന്റെ രേഖകളാണ് നേതാജിയുടെ തിരോധാനം വീണ്ടും നിഗൂഢമാക്കുത്.
1945 ഡിസംബര്‍ 26, 1946 ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് റേഡിയോ സംപ്രേക്ഷണം നടത്തിയിരുന്നത്. ലോകശക്തിയുടെ സുരക്ഷിതത്വത്തിലാണ് താനെന്നും ഇതില്‍ പറയുന്നുണ്ട്. മൂന്നാം ലോകമഹായുദ്ധത്തിന് സാധ്യത കല്‍പ്പിക്കപ്പെട്ടപ്പോള്‍ അദ്ദേഹം ഇന്ത്യയിലേക്ക് തിരിച്ചുവരാന്‍ താത്പര്യപ്പെട്ടിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. ഇതില്‍ 1945 ഡിസംബര്‍ 26 തീയതിയിലുള്ള ആദ്യ സംപ്രേഷണത്തില്‍ താന്‍ ലോകശക്തികളില്‍ ഒന്നിന്റെ ഇടത്താണ് ഇപ്പോഴുള്ളതെന്ന് അദ്ദേഹം പറയുന്നു. ‘എന്റെ ഹൃദയം ഇന്ത്യക്കു വേണ്ടിയാണ് ജ്വലിക്കുന്നത്. മൂന്നാം ലോകമാഹയുദ്ധത്തിന് സാധ്യത കല്‍പ്പിക്കപ്പെടുമ്പോള്‍ ഞാന്‍ ഇന്ത്യയിലേക്ക് തിരിച്ചുപോകും’. ഇത് പത്ത് വര്‍ഷത്തിനിടയിലാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിക്കുന്നുണ്ട്. 1946 ജനുവരി ഒന്നിന് നടന്ന രണ്ടാം സംപ്രേഷണത്തില്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടണമെന്നു നേതാജി സുഭാഷ് ചന്ദ്ര ബോസ് പറയുന്നുണ്ട്.
ബ്രിട്ടീഷ് സാമ്രാജ്യത്വം തകരും. അവര്‍ ഇന്ത്ക്ക് രണ്ട് വര്‍ഷത്തിനകം സ്വാതന്ത്ര്യം നല്‍കും. ഇന്ത്യ അഹിംസാത്മകമായിരിക്കില്ല. ഗാന്ധിജിയെ താന്‍ ബഹുമാനിക്കുന്നുവെന്നും നേതാജി റേഡിയോ സംഭാഷണത്തില്‍ പറയുന്നുണ്ട്.
1946 ഫെബ്രുവരിയിലാണ് മൂന്നാമത്തെ സംപ്രേഷണം. ജപ്പാനില്‍ എത്തിയതിന് ശേഷം ഇത് മൂന്നാം തവണയാണ് ഇന്ത്യയിലെ സഹോദരങ്ങളെ അഭിസംബോധന ചെയ്യുന്നതെന്ന് നേതാജി പറയുന്നുണ്ട്. ഈ സംപ്രഷണത്തില്‍ ജയ്ഹിന്ദ് എന്ന് പറഞ്ഞാണ് നേതാജി ജനങ്ങളെ അഭിസംബോധനം ചെയ്യുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here