Connect with us

National

ഹൈദരാബാദ് സര്‍വകലാശാലയില്‍ കേരള എം പിമാരെ തടഞ്ഞു

Published

|

Last Updated

എം പിമാരായ എ സമ്പത്ത്, എം ബി രാജേഷ്, പി കെ ബിജു എന്നിവര്‍ സര്‍വകലാശാലാ കവാടത്തിന് മുന്നില്‍ പ്രതിഷേധിക്കുന്നു

ഹൈദരാബാദ്: ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയില്‍ വിദ്യാര്‍ഥി സമരത്തിന് ഐക്യദാര്‍ഢ്യവുമായെത്തിയ കേരളത്തില്‍ നിന്നുള്ള എം പിമാരെ പോലീസ് തടഞ്ഞു. എം ബി രാജേഷ്, പി കെ ബിജു, എ സമ്പത്ത് എന്നിവരെയാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ സര്‍വകലാശാലക്ക് മുന്നില്‍ തടഞ്ഞത്. ഇതേ ത്തുടര്‍ന്ന് എം പിമാര്‍ പ്രവേശന കവാടത്തില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പൗരാവകാശ പ്രവര്‍ത്തക ടീസ്ത സെറ്റല്‍വാദിനെയും സര്‍വകലാശാലയുടെ മുഖ്യ കവാടത്തില്‍ ഉദ്യോഗസ്ഥര്‍ തടഞ്ഞു. പുറത്തുനിന്നുള്ളവരെ ക്യാമ്പസിലേക്ക് പ്രവേശിപ്പിക്കരുതെന്ന് കഴിഞ്ഞ ദിവസം സര്‍വകലാശാല രജിസ്ട്രാര്‍ ഉത്തരവിറക്കിയിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് നടപടി.
രോഹിത് വെമുലയുടെ മരണത്തിന് ഉത്തരവാദിയെന്ന് ആരോപിക്കപ്പെടുന്ന വൈസ് ചാന്‍സിലര്‍ അപ്പാ റാവു ചുമതലയില്‍ തിരിച്ചെടുത്തതിനെതിരെ വിദ്യാര്‍ഥികള്‍ കഴിഞ്ഞ ദിവസം മുതല്‍ സമരം ശക്തമാക്കിയിരിക്കുകയാണ്. അതിനിടെ, സര്‍വകലാശാലയിലെ സമരത്തിന്റെ കേന്ദ്രമായ രോഹിത് വെമുലാ സ്തൂപം പൊളിച്ചുമാറ്റാന്‍ വൈസ് ചാന്‍സലര്‍ അപ്പറാവു നിര്‍ദേശിച്ചു. അനധികൃതമായി നിര്‍മിച്ചതാണെന്ന് ആരോപിച്ചാണ് സ്തൂപം പൊളിച്ചുമാറ്റാന്‍ നീക്കം. രോഹിത് വെമുലയുടെ ചിത്രങ്ങള്‍, അദ്ദേഹത്തിന്റെ വാക്കുകള്‍, അര്‍ധകായ പ്രതിമ എന്നിവ ചേര്‍ന്നതാണ് ഈ സ്മാരകം. ജനുവരിയില്‍ രോഹിത് വെമുല ആത്മഹത്യ ചെയ്തതിനെ തുടര്‍ന്ന് സര്‍വകലാശാലയില്‍ നടന്ന പ്രതിഷേധങ്ങളുടെയും പ്രക്ഷോഭങ്ങളുടെയും കേന്ദ്രമായിരുന്നു ഈ സ്തൂപം.

 

Latest