Connect with us

National

പത്ത് ദിവസത്തിനിടെ രണ്ട് തവണ ചോദ്യപേപ്പര്‍ ചോര്‍ന്നു; കര്‍ണാടക പ്രീ യൂനിവേഴ്‌സിറ്റി പരീക്ഷ വീണ്ടും മാറ്റി

Published

|

Last Updated

ബെംഗളൂരു: ചോദ്യപേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് കര്‍ണാടക രണ്ടാം വര്‍ഷ പ്രീ യൂനിവേഴ്‌സിറ്റി കെമിസ്ട്രി പരീക്ഷ വീണ്ടും മാറ്റിവെച്ചു. കഴിഞ്ഞ 21ന് നടത്തേണ്ടിയിരുന്ന പരീക്ഷ, ചോദ്യ പേപ്പര്‍ ചോര്‍ന്നതിനെ തുടര്‍ന്ന് ഇന്നലത്തേക്ക് മാറ്റി നിശ്ചയിച്ചിരുന്നു.
എന്നാല്‍ ചോദ്യപേപ്പര്‍ വീണ്ടും ചോര്‍ന്നതായി കണ്ടെത്തുകയായിരുന്നു. ചോദ്യപേപ്പര്‍ പുറത്തായ കാര്യം ഇന്നലെ പുലര്‍ച്ചെ മൂന്നിനാണ് സി ഐ ഡി കണ്ടെത്തിയത്. തുടര്‍ന്ന് രാവിലെ എട്ടിന് പരീക്ഷ മാറ്റിവെച്ചതായും ഈ മാസം 12ന് വീണ്ടും നടത്തുമെന്നും അറിയിച്ചു. 968 കേന്ദ്രങ്ങളിലായി സംസ്ഥാനത്തെ 1.74 ലക്ഷം വിദ്യാര്‍ഥികളാണ് പി യു പരീക്ഷയെ അഭിമുഖീകരിക്കുന്നത്. അതിനിടെ, സംഭവവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പിലെ 40 ഓളം ജീവനക്കാരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തതായി കര്‍ണാടക വിദ്യാഭ്യാസ മന്ത്രി കിമ്മന രത്‌നാകര്‍ അറിയിച്ചു. സംഭവത്തില്‍ സംസ്ഥാനത്ത് കനത്ത പ്രതിഷേധം തുടരുകയാണ്. വിദ്യാഭ്യാസ മന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് നിയമസഭയിലും പ്രതിപക്ഷം ബഹളം വെച്ചു. അതെ സമയം, പത്ത് ദിവസം മുമ്പ് ചോദ്യ പേപ്പര്‍ ചോര്‍ന്നതില്‍ പ്രതികളെ ഇതുവരേയും പിടികൂടാനായിട്ടില്ല. ഇത് സംബന്ധിച്ച് അന്വേഷണം നടത്തിയ കര്‍ണാടക ക്രിമിനല്‍ അന്വേഷണ സംഘം സമൂഹ മാധ്യമങ്ങളിലൂടെയാണ് പേപ്പര്‍ ചോര്‍ന്നതെന്ന നിഗമനത്തിലെത്തിയിരുന്നു.
പരീക്ഷാ തലേന്ന് ചോദ്യപേപ്പറിന്റെ കോപ്പി വാട്‌സാപ്പിലൂടേയും ഫേസ്ബുക്കിലൂടേയും വിദ്യാര്‍ഥികളിലെത്തുകയായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാരുടെ ഫോണ്‍കോളുകളും മറ്റും പരിശോധിച്ചു വരികയാണ്. ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടു വരണമെന്ന് എസ് എസ് എഫ് കര്‍ണാടക ക്യാമ്പസ് സെല്‍ ആവശ്യപ്പെട്ടു.
പരീക്ഷയുടെ മൂല്യം നശിപ്പിക്കുന്ന രീതിയിലുള്ള നിരുത്തവരവാദപരമായുള്ള അധികൃതരുടെ സമീപനം വലിയ പ്രത്യാഘാതമുണ്ടാക്കുമെന്ന് യോഗം അഭിപ്രായപ്പെട്ടു. ശാഫി സഅദി, കെ മുഹമ്മദ് ശരീഫ്, മുജീബ് സഖാഫി, സ്വാദിഖ് മാസ്റ്റര്‍ സംബന്ധിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് പ്രീ യൂനിവേഴ്‌സിറ്റി ഓഫീസുകള്‍ക്ക് മുമ്പില്‍ എസ് എസ് എഫ് ഇന്ന് പ്രതിഷേധ പ്രകടനം നടത്തും.

Latest