മോഹന്‍ ഭാഗവതും അനുയായികളും

Posted on: April 1, 2016 6:00 am | Last updated: April 1, 2016 at 12:05 am
SHARE

SIRAJ.......‘ഭാരത് മാതാ കീ ജയ്’ വിളിക്കാത്തതിന് മൂന്ന് മദ്‌റസ വിദ്യാര്‍ഥികള്‍ക്ക് കൊടിയ മര്‍ദനമേറ്റിരിക്കുന്നു തലസ്ഥാന നഗരിയില്‍. ഡല്‍ഹി ബീഗംപുരിലെ മദ്‌റസക്കടുത്ത് ബിഹാര്‍ പുര്‍ണിയ ജില്ലക്കാരായ മൂന്ന് വിദ്യാര്‍ഥികളെയാണ് സംഘ്പരിവാര്‍ ഗുണ്ടകള്‍ ക്രൂരമായി മര്‍ദിച്ചത്. വൈകീട്ട് മദ്‌റസക്ക് സമീപമുള്ള പാര്‍ക്കില്‍ നടക്കാനിറങ്ങിയ വിദ്യാര്‍ഥികളെ സമീപിച്ചു ഏതാനും സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ ഭാരത് മാതാ കീ ജയ് വിളിക്കാനാവശ്യപ്പെടുകയും വിസമ്മതിച്ചപ്പോള്‍ ബാറ്റ് കൊണ്ട് മര്‍ദിക്കുകയും തൊപ്പികളെടുത്ത് നിലത്തിട്ട് ചവിട്ടുകയുമായിരുന്നു. തൊപ്പിയും താടിയുമുള്ളവര്‍ ഭാരത് മാതാ കി ജയ് വിളിക്കാന്‍ പറഞ്ഞാല്‍ അനുസരിക്കണമെന്ന് പറഞ്ഞായിരുന്നു മര്‍ദനം. ഇത് വിളിക്കാന്‍ ആരെയും നിര്‍ബന്ധിക്കരുതെന്ന് ആര്‍ എസ് എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവത് ആഹ്വാനം ചെയ്തതിന് തൊട്ടുപിന്നാലെയായിരുന്നു സംഭവം.
ദേശസ്‌നേഹം തങ്ങളുടെ കുത്തകയാണെന്നും മതന്യൂനപക്ഷങ്ങള്‍ ദേശവിരുദ്ധരാണെന്നും വരുത്തിത്തീര്‍ക്കാനുള്ള ശ്രമത്തിലാണ് സംഘ്പരിവാര്‍. മതേതരത്വത്തിനും ജനാധിപത്യത്തിനും പകരം സവര്‍ണ ഫാസിസം അടിച്ചേല്‍പിക്കാനുള്ള ശ്രമത്തെ എതിര്‍ക്കുന്നവരും ചോദ്യം ചെയ്യുന്നവരുമെല്ലാം അവരുടെ വീക്ഷണത്തില്‍ ദേശവിരുദ്ധരാണ്. അതേസമയം തിരുവനന്തപുരത്ത് ലീഗല്‍ സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്യവെ മനുഷ്യാവകാശ കമ്മീഷന്‍ അംഗം ജ. സിറിയക് ജോസഫ് വെളിപ്പെടുത്തിയത് ഇന്ത്യയില്‍ രാജ്യദ്രോഹ പ്രവര്‍ത്തനത്തിന് ശിക്ഷിക്കപ്പെടുന്നവരില്‍ കൂടുതലും ഹിന്ദുക്കളാണെന്നാണ്. 1951 മുതലുള്ള കണക്കുകളെ ആധാരമാക്കിയായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. രാജ്യസ്‌നേഹം വിലയിരുത്തേണ്ടത് സമുദായം നോക്കിയല്ല. ഏതെങ്കിലും മുദ്രാവാക്യം മാനദണ്ഡമാക്കിയുമല്ല. പ്രത്യേക സമുദായത്തില്‍ ജനിച്ചതുകൊണ്ടു മാത്രം ആരും ദേശവിരുദ്ധരാകില്ല. സ്വാതന്ത്ര്യത്തിനായി വിയര്‍പ്പൊഴുക്കിയതിലും തുടര്‍ന്നുള്ള രാഷ്ട്ര പുനര്‍നിര്‍മാണത്തിലും നാനാജാതി മതസ്ഥരും പങ്കാളികളായിട്ടുണ്ട്.
രാജ്യത്തെ സംഘ്പരിവാര്‍ വൃത്തങ്ങളില്‍ അസഹിഷ്ണുത കൂടുകയും അപരമതങ്ങളെ അംഗീകരിക്കാനുള്ള മനോനില പാടേ നശിച്ചുകൊണ്ടിരിക്കുകയുമാണ.് സാംസ്‌കാരിക വൈവിധ്യങ്ങളെയും മാനവിക ഗുണങ്ങളെയും ആദരിക്കുകയും സ്വീകരിക്കുകയും ചെയ്യുന്ന പാരമ്പര്യമാണ് നമ്മുടേത്. പല മതങ്ങളില്‍ വിശ്വസിക്കുന്നവരുണ്ട് ഇന്ത്യക്കാരില്‍. പശുവിന് മഹത്വം കല്‍പ്പിക്കുന്നവരും അല്ലാത്തവരുമുണ്ട്. മഹത്വവും മാതൃത്വവും കാണുന്നവര്‍ക്ക് അങ്ങനെയാകാം. പാലിനും മാംസത്തിനുമുള്ള വളര്‍ത്തുമൃഗമെന്ന വീക്ഷണക്കാര്‍ക്ക് ആ നിലയിലും കൈകാര്യം ചെയ്യാം. ‘ഭാരത് മാതാ കീ’യില്‍ ആവേശം തോന്നുന്നവര്‍ അത് വിളിക്കട്ടെ. താത്പര്യമില്ലാത്തവര്‍ വിളിക്കാതിരിക്കട്ടെ. ഇന്ത്യയെ വേര്‍തിരിച്ചു നിര്‍ത്തിയതും രാജ്യത്തിന്റെ സൗഹൃദാന്തരീക്ഷം പ്രശംസിക്കപ്പെട്ടതും സഹിഷ്ണുതാപരമായ ഈ നിലപാടായിരുന്നു. അടുത്ത കാലത്തായി ഈ നല്ല ഗുണങ്ങളെല്ലാം നഷ്ടപ്പെട്ടുകൊണ്ടരിക്കുകയും വര്‍ഗീയതയും അസഹിഷ്ണുതയും വര്‍ധിച്ചു കൊണ്ടിരിക്കുകയുമാണ്. മതന്യൂനപക്ഷങ്ങള്‍ക്ക് ജീവിക്കാന്‍ പറ്റാത്ത അവസ്ഥ. ഇക്കാര്യം ചൂണ്ടിക്കാട്ടിയാല്‍ രാജ്യത്തെ അസഹിഷ്ണുതയുള്ള രാജ്യമായി ചിത്രീകരിക്കാനുള്ള ദുഷ്പ്രവണതയായി കുറ്റപ്പെടുത്തി ഉത്തരാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറുകയാണ് അധികൃതര്‍. ഹിന്ദുത്വ ഫാസിസത്തിന്റെ അതിരുകടക്കുന്ന അസഹിഷ്ണുതയില്‍ പ്രതിഷേധിച്ച് എഴുത്തുകാരും ചിന്തകരും പുരസ്‌കാരങ്ങള്‍ തിരിച്ചുനല്‍കിയപ്പോള്‍ അരുണ്‍ ജെയ്റ്റ്‌ലിയുടെ പ്രതികരണം ആ വിധത്തിലായിരുന്നല്ലോ.
ചരിത്രത്തിലാദ്യമായി ബി ജെ പി ഒറ്റക്ക് ഭൂരിപക്ഷം നേടിയതിന്റെ ഹുങ്കില്‍ രാജ്യത്തെ ഹിന്ദുത്വ രാജ്യമാക്കി പരിവര്‍ത്തിപ്പിക്കാമെന്ന വ്യമോഹത്തിലാണ് സംഘ്പരിവാര്‍. രാജ്യത്തിന്റെ കഴിഞ്ഞകാല ചരിത്രം അവര്‍ നന്നായി പഠിക്കേണ്ടതുണ്ട്. ശിവജിയെയും ഝാന്‍സി റാണിയെയും മാര്‍ത്താണ്ഡ വര്‍മയെയും പോലെ അക്ബറും ബാബറും ഹൈദറലിയും ടിപ്പു സുല്‍ത്താനുമൊക്കെ ഭരിക്കുകയും കെട്ടിപ്പടുക്കുകയും ചെയ്ത നാടാണ് ഇന്ത്യ. ഗാന്ധിജിക്കും നെഹ്‌റുവിനുമൊപ്പം അബുല്‍ കലാം ആസാദും അലി സഹോദരന്മാരും അബ്ദുര്‍റഹ്മാന്‍ സാഹിബും മറ്റനേകരും ചേര്‍ന്ന് നേടിയ സ്വാതന്ത്ര്യമാണ് രാജ്യം ഇന്നനുഭവിക്കുന്നത്. വിവിധ മതങ്ങളില്‍ വിശ്വസിക്കുന്നവര്‍, ഒന്നിലും വിശ്വസിക്കാത്തവര്‍, വ്യത്യസ്ത ഭാഷകള്‍ സംസാരിക്കുന്നവര്‍, പല വേഷങ്ങള്‍ ധരിക്കുന്നവര്‍-അതാണ് ഇന്ത്യ. അതൊരു മുദ്രാവാക്യത്തിലോ ദേശീയഗാനത്തിന്റെ ഏതാനും വരികളിലോ ഒതുങ്ങുന്നതല്ല. അതുകൊണ്ട് ഇപ്പേരിലുള്ള സംഘര്‍ഷവും കൊലവിളിയും ഇനിയെങ്കിലും അവസാനിപ്പിക്കേണ്ടിയിരിക്കുന്നു. തങ്ങളുടെ ആശയങ്ങളെയും ചിന്തകളെയും മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിക്കരുതെന്നും മറ്റുള്ളവര്‍ക്ക് പ്രചോദനമാകേണ്ട രീതിയിലാണ് നാം ജീവിക്കേണ്ടതെന്നുമാണ് മോഹന്‍ ഭാഗവത് ലക്‌നോവില്‍ പറഞ്ഞത.് ആ സന്ദേശം ജീവിതത്തില്‍ പകര്‍ത്തട്ടെ അനുയായികള്‍.