കൊല്‍ക്കത്തയിലെ മേല്‍പാലം തകര്‍ന്ന സംഭവത്തില്‍ ഏഴുപേര്‍ കസ്റ്റഡിയില്‍

Posted on: April 1, 2016 4:55 pm | Last updated: April 2, 2016 at 10:06 am
SHARE

flyover-collapseകൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ നിര്‍മാണത്തിലിരുന്ന മേല്‍പാലം തകര്‍ന്ന സംഭവത്തില്‍ നിര്‍മാണക്കമ്പനി ജീവനക്കാരായ ഏഴുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഹൈദരാബാദ് ആസ്ഥാനമായ കമ്പനിയാണ് പാലത്തിന്റെ നിര്‍മാണം ഏറ്റെടുത്തിരുന്നത്. മനപ്പൂര്‍വമുള്ള നരഹത്യക്കും വിശ്വാസ വഞ്ചനക്കുമാണ് ഇവരുടെ പേരില്‍ കേസെടുത്തിരിക്കുന്നത്. കമ്പനിയുടെ കൊല്‍ക്കത്ത ഓഫീസ് പോലീസ് അടച്ചുപൂട്ടി സീല്‍ ചെയ്തു.

പാലം തകര്‍ന്നതിനെ നിസ്സാരമായി ന്യായീകരിച്ചാണ് കമ്പനി അധികൃതര്‍ ആദ്യം രംഗത്തെത്തിയത്. പാലത്തിന്റെ 45 ശതമാനം പ്രവൃത്തി കൂടി മാത്രമാണ് അവശേഷിച്ചിരുന്നത്. തൂണിനു മുകളില്‍ നിര്‍മിച്ച ഉത്തരങ്ങളിലൊന്ന് വീഴുകയായിരുന്നുവെന്നും ഇത് ‘ദൈവത്തിന്റെ പ്രവൃത്തിയാണെ’ന്നുമായിരുന്നു കമ്പനിയുടെ പ്രതികരണം.2008ല്‍ ശിലാസ്ഥാപനം നടത്തിയ വിവേകാനന്ദ ഫ്‌ളൈ ഓവറിന്റെ നിര്‍മാണം 2009ലാണ് ആരംഭിച്ചത്.

വടക്കന്‍ കൊല്‍ക്കത്തയിലെ തിരക്കേറിയ ബുരാബസാര്‍ മേഖലയില്‍ ഗിരീഷ് പാര്‍ക്കിലെ ഗണേഷ് തിയേറ്ററിനു സമീപം വ്യാഴാഴ്ച്ച ഉച്ചക്ക് 12.30 ഓടെയാണ് നിര്‍മാണത്തിലിരുന്ന മേല്‍പാലം തകര്‍ന്ന് വീണത്. 2.2 കിലോമീറ്റര്‍ നീളം വരുന്ന വിവേകാനന്ദ ഫ്‌ളൈ ഓവറിന്റെ 250 മീറ്റര്‍ ഭാഗമാണ് തകര്‍ന്നത്.

അപകടത്തില്‍ 24 പേര്‍ കൊല്ലപ്പെട്ടു. 80ല്‍ അധികമാളുകള്‍ക്ക് പരിക്കേറ്റതായി പോലീസ് പറഞ്ഞു. അവശിഷ്ടങ്ങള്‍ക്കടിയില്‍ നിന്ന് 67 പേരെ രക്ഷപ്പെടുത്തി. വെള്ളിയാഴ്ച്ച ഉച്ചയോടെ പാലത്തിനടിയില്‍ കുടുങ്ങിക്കിടന്നവരെയെല്ലാം രക്ഷപ്പെടുത്തിയതായി പോലീസ് പറഞ്ഞു. പാലത്തിന്റെ ഒരുഭാഗം ഇപ്പോഴും താഴേക്ക് തൂങ്ങി നില്‍ക്കുകയാണ്. സമീപത്തെ വീടുകള്‍ക്ക് കേടുപാടുകളുണ്ടാവാതെ ഇത് നീക്കം ചെയ്യാനാണ് രക്ഷാപ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്.

വന്‍ ശബ്ദത്തോടെയാണ് പാലം തകര്‍ന്നതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. അപകടത്തെ തുടര്‍ന്ന് പ്രദേശവാസികളാണ് രക്ഷാപ്രവര്‍ത്തനം ആദ്യം തുടങ്ങിയത്. ഇതിന് പിന്നാലെ പോലീസും ദേശീയ ദുരന്തനിവാരണ സേനയും സൈന്യവും രംഗത്തെത്തുകയായിരുന്നു. മെഡിക്കല്‍ സംഘത്തെയും എന്‍ജിനീയര്‍മാരെയും സൈന്യം വിന്യസിച്ചിരുന്നു. സൈന്യത്തിന്റെ കൈവശമുള്ള അത്യാധുനിക ഉപകരണങ്ങള്‍ ഉപയോഗിച്ചാണ് കോണ്‍ക്രീറ്റ്, സ്റ്റീല്‍ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നത്. പരുക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

Collapse_2795750a

#Visuals of the collapsed under-construction bridge near Ganesh Talkies in Kolkata pic.twitter.com/9VvxeqFIlu

 

LEAVE A REPLY

Please enter your comment!
Please enter your name here