Connect with us

Kerala

എല്‍ ഡി എഫ് പട്ടികയില്‍ 16 വനിതകള്‍

Published

|

Last Updated

തിരുവനന്തപുരം: എല്‍ ഡി എഫിനായി കളത്തില്‍ ഇറങ്ങുന്നവരില്‍ ഇത്തവണ 16 വനിതകള്‍. സി പി എമ്മില്‍ നിന്ന് 12ഉം സി പി ഐയില്‍ നിന്ന് നാലും പേരാണ് മത്സര രംഗത്തുള്ളത്. ഇടുക്കിയും കാസര്‍കോഡും ഒഴികെ മറ്റെല്ലാ ജില്ലകളില്‍ നിന്നും വനിതാ പ്രാതിനിധ്യമുണ്ട്.
ടി എന്‍ സീമ, ജെ മേഴ്‌സിക്കുട്ടിയമ്മ, ഐഷാ പോറ്റി, വീണാ ജോര്‍ജ്, യു പ്രതിഭാ ഹരി, ഷിജി ശിവജി, സുബൈദ ഇസ്ഹാഖ്, കെ കെ ലതിക, കെ പി സുമതി, രുഗ്മിണി സുബ്രഹ്മണ്യന്‍, കെ കെ ശൈലജ എന്നിവരാണ് സി പി എം സ്ഥാനാര്‍ഥികള്‍. ഗീതാഗോപി, ശാരദാ മോഹന്‍, ഇ എസ് ബിജിമോള്‍, സി കെ ആശ എന്നിവരാണ് സി പി ഐ സ്ഥാനാര്‍ഥികള്‍.
കേരള മഹിളാ സംഘം വൈസ് പ്രസിഡന്റും 2004 മുതല്‍ സി പി ഐ ജില്ലാ കമ്മിറ്റി അംഗവും സമരമുഖങ്ങളിലെ സജീവ സാനിധ്യവുമായ ഗീതാ ഗോപി നാട്ടിക മണ്ഡലത്തിലെ സ്ഥാനാര്‍ഥിയാണ്. മണ്ഡലത്തിലെ സിറ്റിംഗ് എം എല്‍ എ കൂടിയാണ് ഗീതാഗോപിക്ക് നിയമസഭയിലേക്ക് ഇത് രണ്ടാമൂഴമാണ്.
മുന്‍ മുഖ്യമന്ത്രി പി കെ വാസുദേവന്‍ നായരുടെ മരള്‍ ശാരദാ മോഹന്‍ പറവൂര്‍ മണ്ഡലത്തിലാണ് മത്സരിക്കുന്നത്. സി പി ഐ എറണാകുളം ജില്ലാ കമ്മിറ്റി അംഗവും കാലടിയില്‍ നിന്നുള്ള ജില്ലാ പഞ്ചായത്ത് അംഗവും വനിതാ കലാസാഹിതി സംസ്ഥാന സെക്രട്ടറിയും മഹിളാ സംഘം ജില്ലാ നിര്‍വാഹക സമിതി അംഗവുമാണ് ശാരദാ മോഹന്‍. നിയമസഭയിലേക്ക് ഇത് കന്നിയങ്കമാണ്.
പീരുമേട് മണ്ഡലത്തില്‍ സിറ്റിംഗ് എം എല്‍ എ കൂടിയായ ഇ എസ് ബിജിമോള്‍ തന്നെയാണ് ഇക്കുറിയും ഇവിടെ സ്ഥാനാര്‍ഥി. 2006ലും 2011ലും മണ്ഡലത്തില്‍നിന്ന് വിജയിച്ച ബിജിമോള്‍ക്ക് ഇത് മൂന്നാം ഊഴമാണ്. സി പി ഐ സംസ്ഥാന കൗണ്‍സില്‍ അംഗവും ജില്ലാ പഞ്ചായത്ത് അംഗവും മഹിളാ സംഘം സംസ്ഥാന വൈസ് പ്രസിഡന്റും അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാണ് ബിജിമോള്‍.
വൈക്കം മണ്ഡലത്തിലെ സി പി ഐ സ്ഥാനാര്‍ഥി സി കെ ആശക്ക് ഇത് കന്നിയങ്കമാണ്. എ ഐ വൈ എഫ് കോട്ടയം ജില്ലാ വൈസ് പ്രസിഡന്റും പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗവും മഹിളാസംഘം വൈക്കം മണ്ഡലം കമ്മിറ്റി അംഗവുമാണ് ആശ. മാത്രമല്ല യുവജന സമരങ്ങളിലും സംഘാടകത്വത്തിലും മുന്‍നിര സാനിധ്യം കൂടിയാണ് ആശ.
ഡോ. ടി എന്‍ സീമയാണ് വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ സി പി എം സ്ഥാനാര്‍ഥി. രാജ്യസഭാ എം പിയും ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റും അസോസിയേഷന്‍ ദേശീയ ഉപാധ്യക്ഷയും സി പി എം സംസ്ഥാന കമ്മിറ്റി അംഗവുമാണ് ടി എന്‍ സീമ.

---- facebook comment plugin here -----

Latest