ഭൂമി ഇടപാട് : മന്ത്രി അടൂര്‍ പ്രകാശിനെതിരെ ത്വരിത പരിശോധന

Posted on: March 30, 2016 12:32 pm | Last updated: March 30, 2016 at 6:21 pm

adoor prakash]മൂവാറ്റുപുഴ: സന്തോഷ് മാധവന്‍ ഇടനിലക്കാരനായ ഭൂമിഇടപാട് കേസില്‍ റവന്യൂ മന്ത്രി അടൂര്‍ പ്രകാശിനെതിരെ ത്വരിത പരിശേധനയ്ക്ക് വിജിലന്‍സ് കോടതി ഉത്തരവ്. 15 ദിവസത്തിനകം ത്വരിത പരിശോധന പൂര്‍ത്തിയാക്കാനാണ്‌
കോടതി ഉത്തരവിട്ടത്. അതേ സമയം മുഖ്യമന്ത്രിയെക്കൂടി കേസില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം കോടതി തള്ളി. അന്വേഷണം പുരോഗമിക്കുമ്പോള്‍ മുഖ്യമന്ത്രിയുടെ പങ്ക് സംബന്ധിച്ച് സംശയം ഉണ്ടായാല്‍ അപ്പോള്‍ ഇക്കാര്യം പരിഗണിക്കാമെന്നും കോടതി നിര്‍ദേശിച്ചു. എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ അന്വേഷണം നടത്തണമെന്നും മൂവാറ്റുപുഴ വിജിലന്‍സ്കോടതി ഉത്തരവിട്ടു.

റവന്യൂമന്ത്രിക്ക് പുറമെ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി, റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി വിശ്വാസ് മേത്ത, സന്തോഷ് മാധവന്‍ എന്നിവരടക്കം അഞ്ചുപേര്‍ക്കെതിരെ അന്വേഷണം നടത്താനാണ് കോടതി ഉത്തരവ്.

കളമശ്ശേരി സ്വദേശി ഗിരീഷ് ബാബു സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് കോടതി ഉത്തരവ്. സന്തോഷ് മാധവന്റെ ബിനാമി സ്ഥാപനത്തിന് ഭൂപരിഷ്‌കരണ നിയമത്തില്‍ ഇളവ് നല്‍കി 112 ഏക്കര്‍ മിച്ചഭൂമി നല്‍കിയ സംഭവത്തിലാണ് ത്വരിതാന്വേഷണത്തിന് കോടതി ഉത്തരവിട്ടിരിക്കുന്നത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, റവന്യൂ മന്ത്രി അടൂര്‍ പ്രകാശ്, ഡോ. വിശ്വാസ് മേത്ത, സ്ഥലം ഉടമ സന്തോഷ് മാധവന്‍, ആര്‍എംഇസഡ് ഇക്കോ വേള്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടര്‍ ബി.എം. ജയശങ്കര്‍ എന്നിവരെ ഒന്നു മുതല്‍ 5 വരെ പ്രതികളാക്കി പൊതു പ്രവര്‍ത്തകനായ കളമശേരി സ്വദേശി ഗിരീഷ് ബാബു ഹര്‍ജി നല്‍കിയത്. മിച്ചഭൂമിയായി ഏറ്റെടുത്തിരുന്ന വയല്‍ ഐടി പാര്‍ക്ക് സ്ഥാപിക്കാന്‍ എന്ന പേരില്‍ തിരികെ നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചതാണ് വിവാദത്തിനും കേസിനും വഴിവച്ചത്.