Connect with us

Kerala

സൗജന്യ അരി വിതരണത്തിന് തിര.കമ്മീഷന്‍ അനുമതി ലഭിച്ചേക്കില്ല

Published

|

Last Updated

തിരുവനന്തപുരം:സൗജന്യഅരി വിതരണത്തിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി ഇനിയും ലഭ്യമായില്ല. പെരുമാറ്റചട്ടം വിലക്കുന്നതിനാല്‍ അരി വിതരണത്തിന് കമ്മീഷന്റെ അനുമതി ലഭിക്കില്ലെന്നാണ് സൂചന. തിരഞ്ഞെടുപ്പ് കമ്മീഷന്‍ കനിഞ്ഞാല്‍ സൗജന്യ അരി നല്‍കുന്ന രണ്ടാമത്തെ സംസ്ഥാനമെന്ന ബഹുമതി കേരളത്തിന് ലഭിക്കും. നിലവില്‍ തമിഴ്‌നാട്ടില്‍ മാത്രമാണ് സൗജന്യ അരി നല്‍കുന്നത്. 2016 ഏപ്രില്‍ ഒന്ന് മുതല്‍ സൗജന്യ അരി നല്‍കാനുള്ള ഉത്തരവിറങ്ങിയത് മാര്‍ച്ച് മൂന്നിനാണ്. തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്നത് നാലിനും. സംസ്ഥാനത്ത് ഭക്ഷ്യഭദ്രതാ നിയമം നടപ്പാക്കുന്നതുവരെ എല്ലാ ബി പി എല്‍ കുടുംബങ്ങള്‍ക്കും 25 കിലോ അരിയും എ എ വൈ കുടുംബങ്ങള്‍ക്ക് 35 കിലോ അരിയും വീതം സൗജന്യമായി നല്‍കാനുള്ള 2016 ലെ ബജറ്റ് പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഉത്തരവ്. 95 ലക്ഷം പേര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
കഴിഞ്ഞ അഞ്ചുവര്‍ഷം 95 ലക്ഷം പേര്‍ക്ക് ഒരു രൂപക്ക് അരി നല്‍കി. ഇതിനായി 3,500 കോടി രൂപ സബ്‌സിഡി നല്‍കി. ഒരു വര്‍ഷം 700 കോടി രൂപയാണ് ഇതിനായി സര്‍ക്കാര്‍ ചെലവഴിക്കുന്നത്. സപ്ലൈകോ, ഹോര്‍ട്ടികോര്‍പ്പ്, കണ്‍സ്യൂമര്‍ഫെഡ് എന്നിവക്ക് 837 കോടി രൂപ സബ്‌സിഡി നല്‍കി. ഇവയിലൂടെ വിതരണം ചെയ്യുന്ന അരിക്കും സബ്‌സിഡി നല്‍കി. അവശ്യസാധനങ്ങള്‍ സബ്‌സിഡി നിരക്കില്‍ വിതരണം ചെയ്തതു വഴി വിലക്കയറ്റം വലിയ തോതില്‍ പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാറിനു കഴിഞ്ഞു. ദേശീയ തലത്തില്‍ വിലക്കയറ്റ പ്രശ്‌നം നിലനില്‍ക്കേയാണിത്.

Latest