ആശങ്കയുടെ മണിക്കൂറുകള്‍; വിമാനം റാഞ്ചിയത് ഭാര്യയെ കാണാന്‍

Posted on: March 30, 2016 9:18 am | Last updated: March 30, 2016 at 9:18 am
SHARE
egypt air
റാഞ്ചിയ വിമാനത്തില്‍െ നിന്ന് കോക്പിറ്റ് വഴി പുറത്തേക്കിറങ്ങുന്ന ജീവനക്കാരന്‍

ലാര്‍ണാക/ കൈറോ: ലോകത്തെ മണിക്കൂറുകളോളം ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തിയ വിമാന റാഞ്ചലിന് ശുഭപര്യവസാനം. ഈജിപ്ത് എയറിന്റെ വിമാനം റാഞ്ചി സൈപ്രസിലെ ലാര്‍ണാക വിമാനത്താവളത്തിലിറക്കിയ റാഞ്ചല്‍ നാടകത്തിനൊടുവില്‍ മുഴുവന്‍ യാത്രക്കാരെയും സുരക്ഷിതരായി സ്വതന്ത്രരാക്കി. വിമാനം റാഞ്ചിയ സൈഫുദ്ദീന്‍ മുസ്തഫയെ സൈപ്രസ് അധികൃതര്‍ അറസ്റ്റ് ചെയ്തു. വിമാന റാഞ്ചലിന് തീവ്രവാദവുമായി ബന്ധമില്ലെന്നും എല്ലാ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്നും സൈപ്രസ് പ്രസിഡന്റ് നിക്കോസ് അനസ്താസിയാദസ് പറഞ്ഞു.

man
വിമാനം റാഞ്ചിയുടേതായി സാമൂഹിക മാധ്യമങ്ങളില്‍ പുറത്തുവന്ന ചിത്രം

ഇന്നലെ രാവിലെയാണ് ഈജിപ്തിലെ അലക്‌സാന്‍ഡ്രിയയില്‍ നിന്ന് തലസ്ഥാനമായ കൈറോയിലേക്കുള്ള ഈജിപ്ത് എയറിന്റെ എം എസ് 181 വിമാനം റാഞ്ചിയെന്ന വാര്‍ത്ത പുറത്തുവന്നത്. ബെല്‍റ്റ് ബോംബ് ധരിച്ചിട്ടുണ്ടെന്ന് വിമാനത്തിലെ ജീവനക്കാരെ ഭീഷണിപ്പെടുത്തിയ ശേഷം വിമാനം സൈപ്രസിലേക്ക് തിരിച്ചുവിടാന്‍ യാത്രക്കാരനായ സൈഫുദ്ദീന്‍ മുസ്തഫ ആവശ്യപ്പെടുകയായിരുന്നു. ഇയാളുമായി അകന്നുകഴിയുന്ന സൈപ്രസിലുള്ള മുന്‍ ഭാര്യയെ കാണുന്നതിനായാണ് വിമാനം റാഞ്ചിയതിന് പിന്നിലെന്നാണ് വിവരം. ഈജിപ്തിലുള്ള എല്ലാ വനിതാ തടവുകാരെയും മോചിപ്പിക്കണമെന്ന ആവശ്യവും ഇയാള്‍ മുന്നോട്ടുവെച്ചതായും റിപ്പോര്‍ട്ടുണ്ട്.
26 വിദേശികള്‍ ഉള്‍പ്പെടെ 56 യാത്രക്കാരും ആറ് ജീവനക്കാരുമായിരുന്നു വിമാനത്തിലുണ്ടായിരുന്നതെന്ന് ഈജിപ്ത് എയര്‍ അധികൃതര്‍ അറിയിച്ചു. 81 യാത്രക്കാര്‍ വിമാനത്തിലുണ്ടായിരുന്നുവെന്നാണ് ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ട്. വിമാനം ലാര്‍ണാക വിമാനത്താവളത്തിലിറക്കിയതിനു പിന്നാലെ അനുരഞ്ജന ശ്രമങ്ങള്‍ നടന്നു. അറബിയില്‍ എഴുതിയ നാല് പേജ് വരുന്ന കത്ത് ഇയാള്‍ വിമാനത്തില്‍ നിന്ന് പുറത്തേക്കിട്ടതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതിന് പിന്നാലെ മുസ്തഫയുടെ മുന്‍ ഭാര്യയെ വിമാനത്താവളത്തിലെത്തിക്കുകയായിരുന്നു. മൂന്ന് യാത്രക്കാരെയും നാല് ജീവനക്കാരെയും ഒഴികെ ശേഷിക്കുന്നവരെ ആദ്യം മോചിപ്പിച്ചതായി ഈജിപ്തിലെ സിവില്‍ വ്യോമയാന മന്ത്രി ശരീഫ് ഫെതി പറഞ്ഞു. പിന്നീട് ശേഷിക്കുന്നവരെയും മോചിപ്പിക്കുകയായിരുന്നു. ഇതിനിടെ കോക്പിറ്റിലെ വാതില്‍ വഴി ജീവനക്കാരിലൊരാള്‍ പുറത്തേക്ക് ചാടിയത് പരിഭ്രാന്തി പരത്തി.
പ്രാദേശിക സമയം 2.40 ഓടെയാണ് മുസ്തഫ വിമാനത്തില്‍ നിന്ന് ഇറങ്ങിയത്. ഇയാളുടെ കൈവശം ആയുധങ്ങളുണ്ടായിരുന്നില്ലെന്നാണ് സൈപ്രസ് അധികൃതര്‍ പറയുന്നത്. ഇയാള്‍ മാനസികരോഗിയാണോയെന്നും സംശയിക്കുന്നുണ്ട്. വിമാനം റാഞ്ചിയയാള്‍ ഈജിപ്ത് പൗരനാണെന്ന് ഈജിപ്ത് പ്രധാനമന്ത്രി ശരീഫ് ഇസ്മാഈല്‍ സ്ഥിരീകരിച്ചു.