കുപ്പിവെള്ളമെടുത്തതിന് ട്രെയിനില്‍ യുവാവിന് മര്‍ദനം

Posted on: March 30, 2016 5:54 am | Last updated: March 29, 2016 at 11:55 pm
അക്രമികള്‍ ട്രെയിന്‍ ജനാലയില്‍ കെട്ടിയിട്ട യുവാവ്‌
അക്രമികള്‍ ട്രെയിന്‍ ജനാലയില്‍ കെട്ടിയിട്ട യുവാവ്‌

ഇതാര്‍സി (മധ്യപ്രദേശ്): കുപ്പിയില്‍ നിന്ന് വെള്ളം എടുത്ത് കുടിച്ചതിന് സഹയാത്രികനെ മൂന്ന് യുവാക്കള്‍ ട്രെയിന്‍ ജനാലയില്‍ കെട്ടിയിട്ട് മര്‍ദിച്ചു. പാറ്റ്‌ന- ലോക്മാന്യ തിലക് ടെര്‍മിനസ് സൂപ്പര്‍ ഫാസ്റ്റ് ട്രയിനില്‍ ജോധ്പൂരിന് സമീപമാണ് സംഭവം. മുംബൈയില്‍ ജോലി ചെയ്യുന്ന സുമിതാണ് സഹയാത്രികരുടെ ക്രൂരതക്ക് ഇരയായത്.
ജോലി കഴിഞ്ഞ് വീട്ടിലേക്ക് ട്രെയിനില്‍ മടങ്ങവെ സീറ്റില്‍ അടുത്തുണ്ടായിരുന്ന കുപ്പിയില്‍ നിന്ന് രണ്ട് കവിള്‍ വെള്ളം സുമിത് കുടിക്കുകയായിരുന്നു. തുടര്‍ന്ന് ഈ കുപ്പിവെള്ളത്തിന്റെ ഉടമകള്‍ സുമിതുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയും മര്‍ദിക്കുകയുമായിരുന്നു.
എന്നിട്ടും അരിശം തീരാത്ത യുവാക്കള്‍ അപായച്ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തിക്കുകയും യുവാവിനെ പുറത്തേക്ക് തള്ളിയിട്ട ശേഷം ജനലഴിയില്‍ ബന്ധിപ്പിക്കുകയും വീണ്ടും മര്‍ദിക്കുകയും ചെയ്തു. ഈ സംഭവങ്ങളറിയാതെ, ജനലില്‍ തൂങ്ങിക്കിടക്കുന്ന സുമിതിനെയും കൊണ്ട് ട്രെയിന്‍ വീണ്ടും നാല് മണിക്കൂറോളം ഓടി. ട്രെയിന്‍ ഇതരാസി റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോള്‍ പ്ലാറ്റ്‌ഫോമിലുണ്ടായിരുന്നവരാണ് ക്രൂരദൃശ്യം കണ്ടത്. ട്രെയിന്‍ സ്റ്റേഷനില്‍ നിര്‍ത്തിയ ഉടനെ ചാടിയിറങ്ങിയ യുവാക്കള്‍ സുമിതിനെ വീണ്ടും മര്‍ദിച്ചു. അതിനിടെ, അവിടെയെത്തിയ ആള്‍ക്കൂട്ടം സുമിതിനെ രക്ഷപ്പെടുത്തുകയായിരുന്നു.
പാറ്റ്‌ന സ്വദേശികളായ മൂന്ന് പേരാണ് ആക്രമണം നടത്തിയതെന്നും അവര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും ആര്‍ പി എഫ് അറിയിച്ചു.