Connect with us

Kerala

ഹജ്ജ് യാത്രാ കൂലി ഗണ്യമായി വര്‍ധിക്കും

Published

|

Last Updated

കൊണ്ടോട്ടി: ഈ വര്‍ഷത്തെ ഹജ്ജ് യാത്രാ കൂലി ഗണ്യമായി കൂടും. വിമാനയാത്രാ കൂലിയും ഗ്രീന്‍, അസീസിയ പ്രദേശങ്ങളിലെ കെട്ടിട വാടകയിലുണ്ടായ വര്‍ധനവുമാണ് ഹജ്ജ് യാത്രാ ചെലവ് കൂടാന്‍ പ്രധാനമായും കാരണമാകുന്നത്. വര്‍ഷം തോറും ഹജ്ജ് യാത്രാ ചെലവ് കൂടിക്കൊണ്ടിരിക്കയാണ്.വിദേശ രാജ്യങ്ങള്‍ക്കുള്ള ഹജ്ജ് ക്വാട്ട കഴിഞ്ഞ രണ്ട് വര്‍ഷമായി സഊദി ഭരണകൂടം 20 ശതമാനം കുറവു വരുത്തിയതോടെ വിമാനക്കമ്പനികള്‍ക്കുള്ള സര്‍വീസും ലാഭവും ഗണ്യമായി കുറഞ്ഞു.ഈ കമ്മി നികത്തുന്നതിനു വിമാനക്കമ്പനികള്‍ ചാര്‍ജ്ജ് വര്‍ധിപ്പിക്കുന്നതും ഹാജിമാര്‍ക്ക് ബാധ്യത ഏറുകയാണ്. വിമാനക്കമ്പനികള്‍ വലിയ സംഖ്യക്കാണ് ഹജ്ജ് യാത്രാ കരാര്‍ ഏറ്റെടുക്കുന്നത്. 2014ല്‍ അസീസിയ കാറ്റഗറിയിലെ ഹാജിമാര്‍ക്ക് ഒന്നും രണ്ടും ഗഡുക്കളായി 99,100 രൂപയും ഗ്രീന്‍ കാറ്റഗറിയിലെ ഹാജിമാര്‍ 1,31,850 രൂപയുമാണ് അടക്കേണ്ടിയിരുന്നതെങ്കില്‍ 2015 ല്‍ ഗ്രീന്‍ കാറ്റഗറിയിലെ ഹാജിമാര്‍ 2,12,850 രുപയും അസീസിയ കാറ്റഗറിയിലെ ഹാജിമാര്‍ 1,80,000 രൂപയുമാണ് ഹജ്ജ് കമ്മിറ്റിയില്‍ അടച്ചിരുന്നത്. ഒരു വര്‍ഷത്തിനിടയില്‍ ഗ്രീന്‍ കാറ്റഗറിയിലെ ഹാജിമാര്‍ക്ക് 21,850 രൂപയും അസീസിയ കാറ്റഗറിയില്‍ 15,100 രൂപയും വര്‍ധനവുണ്ടായി. ഈ വര്‍ഷം ഗ്രീന്‍ കാറ്റഗറിയിലെ ഹാജിമാര്‍ക്ക് 2,35,000 രൂപയും അസീസിയ കാറ്റഗറിയിലെ ഹാജിമാര്‍ക്ക് രണ്ട് ലക്ഷം രൂപയും അടക്കേണ്ടി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹാജിമാര്‍ ആദ്യ ഗഡുവായ 81,000 രൂപ അടുത്ത മാസമാണ് ബാങ്കിലടക്കേണ്ടത്. രണ്ടാം ഗഡു തുക മെയ് അവസാനത്തോടെ അടക്കണം.