ദുരിതങ്ങള്‍ക്കൊടുവില്‍ അബ്ദുള്‍ ഫര്‍ഹാന്‍ നാട്ടിലേക്ക് തിരിച്ചു

Posted on: March 29, 2016 9:27 pm | Last updated: March 29, 2016 at 9:27 pm
SHARE
farhan
കാപ്പില്‍ ബാബുരാജ് അബ്ദുള്‍ ഫര്‍ഹാന് യാത്രാരേഖകള്‍ കൈമാറുന്നു.

റിയാദ്: മാസങ്ങളോളം ജോലിയും ശമ്പളവുമില്ലാതെയും നാട്ടിലേക്ക് തിരിച്ചുപോകാന്‍ കഴിയാതെയും ദുരിതമനുഭവിച്ചിരുന്ന കോഴിക്കോട് പന്നിയങ്കര സ്വദേശി അബ്ദുള്‍ ഫര്‍ഹാന് കേളി ജീവകാണ്യ വിഭാഗത്തിന്റെ ഇടപെടലിനെ തുടര്‍ന്ന് എംബസ്സിയുടെ സഹായത്തോടെ നാട്ടിലേക്ക് തിരിച്ചുപോകാനായി.
മൂന്നര വര്‍ഷം മുന്‍പാണ് നാട്ടില്‍ നിന്ന് ഒരു പ്രമുഖ ഇന്റര്‍നാഷണല്‍ ഫുഡ് കമ്പനിയിലേക്കുള്ള വിസ എന്ന പത്രപരസ്യം കണ്ട് വന്‍തുക നല്‍കി വിസ വാങ്ങി അബ്ദുള്‍ ഫര്‍ഹാന്‍ സൗദിയിലെത്തിയത്. ഇവിടെ എത്തിയതിനു ശേഷമാണ് അറിയുന്നത് മാന്‍പവ്വര്‍ സപ്ലൈ കമ്പനിയുടെ വിസയിലാണ് ജോലിക്ക് എത്തിയതെന്ന്. കൃത്യമായി ശമ്പളമോ ജോലിയോ ഇല്ലാതെ രണ്ട് വര്‍ഷത്തോളം മാന്‍പവ്വര്‍ സപ്ലൈ കമ്പനിയില്‍ ജോലി ചെയ്തു. എന്നാല്‍ രണ്ട് വര്‍ഷം കഴിഞ്ഞപ്പോള്‍ നാട്ടില്‍ വിടാന്‍ കമ്പനി തയ്യാറായില്ല. മാസങ്ങളോളം ജോലിയോ ശമ്പളമോ ഇല്ലാതെയും നാട്ടില്‍ പോകാന്‍ കഴിയാതെയും ദുരിതം അനുഭവിക്കേണ്ടിവന്ന അവസ്ഥയില്‍ ഫര്‍ഹാന്‍ ഇന്ത്യന്‍ എംബസ്സിയെ സമീപിക്കുകയായിരുന്നു. എംബസ്സിയുടെ നിര്‍ദ്ദേശപ്രകാരം ലേബര്‍ ഓഫീസില്‍ പരാതി നല്‍കി. ഒരു വര്‍ഷത്തിലേറെ കേസിന്റെ നടപടികള്‍ തുടര്‍ന്നു പോയെങ്കിലും ഒടുവില്‍ ഫര്‍ഹാനെ നാട്ടിലേക്ക് തിരിച്ചയക്കാന്‍ കമ്പനിയോട്് ആവശ്യപ്പെട്ട് കേസ് വിധിയായി. എന്നാല്‍ കേസിന്റെ വിധിയില്‍ ഫയല്‍ നമ്പര്‍ തെറ്റായി രേഖപ്പെടുത്തിയിരുന്ന തിനാല്‍ വിധി നടപ്പാക്കാന്‍ കമ്പനി തയ്യാറായില്ല. തുടര്‍ന്ന് ഫര്‍ഹാന്‍ വീണ്ടും എംബസ്സിയെ സമീപിച്ചു. എംബസ്സിയുടെ നിര്‍ദ്ദേശപ്രകാരം കേളി ജീവകാരുണ്യവിഭാഗം കണ്‍വീനര്‍ കാപ്പില്‍ ബാബുരാജ് കമ്പനി അധികൃതരുമായി നിരന്തരമായി നടത്തിയ ചര്‍ച്ചയുടെ ഫലമായി കേസ് പിന്‍വലിച്ചാല്‍ നാട്ടില്‍ കയറ്റി വിടാം എന്ന ധാരണയായി. നീണ്ട പരിശ്രമങ്ങള്‍ക്കൊടുവില്‍ എക്‌സിറ്റ് അടിക്കാന്‍ തയ്യാറായപ്പോള്‍് ഫര്‍ഹാന്റെ പാസ്‌പോര്‍ട്ട് കാണാനില്ലന്ന് ഏജന്റ് അറിയിച്ചു. തുടര്‍ന്ന് ബാബുരാജിന്റെ ശ്രമഫലമായി ഇന്ത്യന്‍ എംബസ്സിയില്‍ നിന്ന് ഔട്ട്പാസ്സ് വാങ്ങി എക്‌സിറ്റ് അടിപ്പിച്ചാണ് കഴിഞ്ഞദിവസം ഫര്‍ഹാന് നാട്ടിലേക്ക് മടങ്ങാനായത്. തന്നെ സഹായിച്ച ഇന്ത്യന്‍ എംബസ്സി ഉദ്യോഗസ്ഥരോടും കേളി ജീവകാരുണ്യ പ്രവര്‍ത്തകരോടും നന്ദി പറഞ്ഞ് ദുരിതങ്ങള്‍ക്കൊടുവില്‍ ഫര്‍ഹാന്‍ നാട്ടിലേക്ക് മടങ്ങി.

 

LEAVE A REPLY

Please enter your comment!
Please enter your name here