ഉത്തരാഖണ്ഡിലെ രാഷ്ട്രപതി ഭരണത്തിനു ഹൈക്കോടതി സ്‌റ്റേ; സര്‍ക്കാരിന് വിശ്വാസ വോട്ട് തേടാം

Posted on: March 29, 2016 3:37 pm | Last updated: March 30, 2016 at 11:08 am

harish rawathഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ രാഷ്ട്രപതി ഭരണത്തിനു ഹൈക്കോടതിയുടെ സ്‌റ്റേ. മുഖ്യമന്ത്രി ഹരീഷ് റാവത്തിന് വെള്ളിയാഴ്ച വിശ്വാസവോട്ട് തേടാമെന്നും നൈനിറ്റാള്‍ ഹൈക്കോടതി ഉത്തരവിട്ടു. അതേസമയം, പുറത്താക്കപ്പെട്ട വിമതഎംഎല്‍മാര്‍ക്കും വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കാമെന്ന് ഹൈക്കോടതി അറിയിച്ചിട്ടുണ്ട്. ബിജെപി നേതൃത്വത്തിലുള്ള പ്രതിപക്ഷത്തിന് കനത്ത തിരിച്ചടിയായി ഹൈക്കോടതി ഉത്തരവ്.
വിശ്വാസവോട്ട് തേടേണ്ടതിന്റെ തലേ ദിവസമാണ് ഇവിടെ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയത്. ഭരണത്തകര്‍ച്ചയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് സര്‍ക്കാറിനെ പിരിച്ചുവിട്ട് കഴിഞ്ഞ ദിവസം കേന്ദ്രം രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തിയത്. കേന്ദ്ര സര്‍ക്കാറിന്റെ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് കാണിച്ചാണ് കോണ്‍ഗ്രസ് ഹൈക്കോടതിയെ സമീപിച്ചത്.
ഹരീഷ് റാവത്തിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാറിനെതിരെ ഒമ്പത് പാര്‍ട്ടി എം എല്‍ എമാര്‍ വിമത നീക്കം നടത്തിയതോടെയാണ് ഉത്തരാഖണ്ഡില്‍ രാഷ്ട്രീയ പ്രതിസന്ധി ആരംഭിച്ചത്. സംസ്ഥാന ബജറ്റ് പാസാക്കാനൊരുങ്ങുമ്പോഴായിരുന്നു ഒമ്പത് കോണ്‍ഗ്രസ് എം എല്‍ എമാര്‍ സര്‍ക്കാറിനെതിരെ രംഗത്തെത്തിയത്. മുന്‍ മുഖ്യമന്ത്രിയും ഹരീഷ് റാവത്തിന്റെ എതിരാളിയുമായ വിജയ് ബഹുഗുണയുടെ നേതൃത്വത്തിലായിരുന്നു വിമത നീക്കം.

കഴിഞ്ഞ നാല് വര്‍ഷമായി കോണ്‍ഗ്രസ് അധികാരത്തിലിരിക്കുന്ന ഉത്തരാഖണ്ഡില്‍ നിയമസഭയിലുള്ള ആകെയുള്ള എഴുപതംഗങ്ങളില്‍ 36 കോണ്‍ഗ്രസ് അംഗങ്ങളും പുരോഗമന ജനാധിപത്യ സഖ്യത്തിലെ ആറംഗങ്ങളും ഹരീഷ് റാവത്തിനെ പിന്തുണച്ചിരുന്നു.
എന്നാല്‍ 28 അംഗങ്ങളുള്ള ബി ജെ പിക്ക് ഒമ്പത് വിമതരുടെ പിന്തുണ കൂടി ലഭിക്കുമ്പോള്‍ കേവല ഭൂരിപക്ഷം ലഭിക്കുമെന്നതിനാല്‍ തങ്ങളെ സര്‍ക്കാറുണ്ടാക്കാന്‍ ക്ഷണിക്കണമെന്നാണ് ഗവര്‍ണറോട് ആവശ്യപ്പെട്ടിരുന്നത്.