Connect with us

Wayanad

മുതുമല കടുവാസംരക്ഷണ കേന്ദ്രത്തിലേക്ക് സഞ്ചാരികളുടെ പ്രവാഹം

Published

|

Last Updated

ഗൂഡല്ലൂര്‍:പദക്ഷിണേന്ത്യയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ മുതുമല കടുവാസംരക്ഷണ കേന്ദ്രത്തിലേക്ക് സഞ്ചാരികളുടെ പ്രവാഹം. മഴയുടെ കുറവ് ഈ മേഖലയെ കാര്യമായി ബാധിച്ചിട്ടുണ്ടെങ്കിലും സഞ്ചാര കേന്ദ്രങ്ങള്‍ ജനനിബിഡമാണ്.

പാതയോരങ്ങളില്‍ മേയുന്ന കാട്ടാനക്കൂട്ടങ്ങളെയും, മാന്‍ കൂട്ടങ്ങളെയും സഞ്ചാരികള്‍ക്ക് കാണാനാകുന്നുണ്ട്. കാട്ടാനക്കൂട്ടമാണ് മുതുമലയിലെ പ്രധാന ആകര്‍ഷണീയം. സമീപത്തെ കര്‍ണാടകയിലെ ബന്ദിപ്പൂര്‍ വനമേഖലയില്‍ നിന്നും ധാരാളം കാട്ടാനകള്‍ മുതുമല വന്യജീവി സങ്കേതത്തിലെത്തുന്നുണ്ട്. കുട്ടികളുമായി നടന്നു നീങ്ങുന്ന കാട്ടാനക്കൂട്ടങ്ങള്‍ സഞ്ചാരികളുടെ മനംകവരുകയാണ്. കൂടാതെ കാട്ടുപോത്തുകള്‍, കടുവകള്‍, പുള്ളിമാനുകള്‍, കടമാനുകള്‍, മയിലുകള്‍, കരടികള്‍, വാനരന്മാര്‍ തുടങ്ങിയ ഒട്ടേറെ വന്യമൃഗങ്ങളും സങ്കേതത്തിലുണ്ട്. പാതയോരങ്ങളില്‍ മാനുകള്‍ കൂട്ടമായി മേയുന്ന കാഴ്ച സഞ്ചാരികള്‍ക്ക് വലിയ കൗതുക കാഴ്ചയായിട്ടുണ്ട്. ദക്ഷിണേന്ത്യയിലെ ആദ്യത്തെ കടുവാസംരക്ഷണ കേന്ദ്രമാണ് മുതുമല. കടുവകളെ അപൂര്‍വമായെ കാണാറുള്ളുവെങ്കിലും ഉള്‍വനങ്ങളില്‍ ഒറ്റയായും കൂട്ടമായും കടുവകള്‍ മേയുന്ന കാഴ്ചകളും കാണാം. സഞ്ചാരികളെ വരവേല്‍ക്കാന്‍ മുതുമലയില്‍ വന്‍ ഒരുക്കങ്ങളാണ് വനംവകുപ്പ് നടത്തിയിരിക്കുന്നത്. ആഘോഷവേളകളിലും അവധി ദിവസങ്ങളിലും ആയിരക്കണക്കിന് വിനോദസഞ്ചാരികളാണ് ഇവിടെയെത്തുന്നത്. ഈസ്റ്റര്‍ ആഘോഷത്തിന് വേണ്ടി കരളത്തില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ മുതുമലയിലെത്തിയിരുന്നത്. കാനന ഭംഗി ആസ്വദിക്കാനായി നിരവധി വിദേശ സഞ്ചാരികളും ഇവിടെയെത്തുന്നുണ്ട്. മുതുമലയില്‍ കാട്ടാനകള്‍ വര്‍ധിച്ചിട്ടുണ്ടെന്ന് വനംവകുപ്പ് അധികൃതര്‍ പറയുന്നു. മുതുമല തൊപ്പക്കാടില്‍ ആന വളര്‍ത്ത് കേന്ദ്രവുമുണ്ട്. ഇവിടെ 26 വളര്‍ത്താനകളാണുള്ളത്. നാട്ടിന്‍ പുറങ്ങളില്‍ നാശം വിതക്കുന്ന കാട്ടാനകളെ വനത്തിലേക്ക് തുരത്താന്‍ പ്രത്യേകം പരിശീലനം ലഭിച്ച താപ്പാനകളും ഇവിടെയുണ്ട്. ആനസവാരിയാണ് മുതുമലയിലെ മറ്റൊരു പ്രത്യേകത. ആനപ്പുറത്തേറി വനത്തിനുള്ളില്‍ ചുറ്റി സഞ്ചരിച്ച് വന്യജീവികളെ കാണാനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കുടുംബത്തിലെ നാല് പേര്‍ക്ക് ഒന്നിച്ച് സഞ്ചരിക്കാം. ആന സവാരിക്ക് നാല് പേര്‍ക്ക് 860 രൂപയാണ് ചാര്‍ജ് ഈടാക്കുന്നത്. വാഹന സവാരിക്ക് ഒരാള്‍ക്ക് 135 രൂപയാണ് ചാര്‍ജ് ഈടാക്കുന്നത്. കൂടാതെ വനംവകുപ്പ് വാഹന സവാരിയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാവിലെയും വൈകുന്നേരവുമാണ് വന്യമൃഗങ്ങള്‍ പാതയോരങ്ങളിലെത്തുക. വിദേശികള്‍ ദിവസങ്ങളോളം തങ്ങിയാണ് കാനനഭംഗി ആസ്വദിക്കുന്നത്. ഊട്ടി ഉള്‍പ്പെടെയുള്ള നീലഗിരിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലെല്ലാം ഇപ്പോള്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. സഞ്ചാരികളെ ആകര്‍ഷിപ്പിക്കുന്നതിനുള്ള പലവിസ്മയ കാഴ്ചകളും ഇവിടെ ഒരുക്കിയിട്ടുണ്ട്.

Latest