Connect with us

Kozhikode

സര്‍ക്കാര്‍ ഉത്തരവുണ്ടായിട്ടും നിയമനാംഗീകാരംഇല്ല; അധ്യാപകര്‍ പ്രക്ഷോഭത്തിലേക്ക്

Published

|

Last Updated

താമരശ്ശേരി: സര്‍ക്കാര്‍ ഉത്തരവുണ്ടായിട്ടും കോഴിക്കോട് ജില്ലയിലെ അധ്യാപക നിയമനത്തിന് അംഗീകാരം നല്‍കുന്നില്ലെന്നാരോപിച്ച് അധ്യാപകര്‍ പ്രക്ഷോഭത്തിലേക്ക്. 2011 മുതലുള്ള നിയമനങ്ങള്‍ക്ക് അംഗീകാരം നല്‍കാനുള്ള ഹൈക്കോടതി ഉത്തരവു പ്രകാരം സര്‍ക്കാര്‍ പുറത്തിറക്കിയ നിര്‍ദ്ദേശം കോഴിക്കോട് ജില്ലയില്‍ നടപ്പാക്കുന്നില്ലെന്നാണ് ആരോപണം. 2011-12 അധ്യായന വര്‍ഷത്തില്‍ പ്രവേശനം നേടിയ അധ്യാപകര്‍ക്ക് കേരള വിദ്യാഭ്യാസ റൂള്‍ പ്രകാരം അംഗീകാരം നല്‍കാനുള്ള ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് സര്‍ക്കാര്‍ പുതിയ ഉത്തരവിറക്കിയത്.

രാജി, മരണം, റിട്ടയര്‍മെന്റ്, പ്രമോഷന്‍, സ്ഥലം മാറ്റം എന്നിവ പ്രകാരമുള്ള ഒഴിവുകളില്‍ നിയമിക്കപ്പെട്ടവര്‍ക്ക് തസ്തിത ലഭ്യമാണെങ്കില്‍ അംഗീകാരം നല്‍കാമെന്ന് 29/16 നമ്പര്‍ സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. എല്‍ പി വിഭാഗത്തില്‍ 1: 30, യു പി വിഭാഗത്തില്‍ 1: 35, ഹൈസ്‌കൂളില്‍ 1: 45 എന്നതാണ് വിദ്യാര്‍ത്ഥികളുടെ അനുപാതമായി നിശ്ചയിച്ചത്. 2011-12 വര്‍ഷത്തില്‍ അധിക തസ്തികകളില്‍ നിയമിക്കപ്പെട്ടവര്‍കര്ക് കെ ഇ ആര്‍ വ്യവസ്ഥ പ്രകാരം 1: 45 അനുപാതത്തില്‍ കുട്ടികള്‍ ലഭ്യമാണെങ്കില്‍ മാത്രമേ അനുമതി നല്‍കേണ്ടതുള്ളൂ എന്നും ഉത്തരവില്‍ പറയുന്നു. ഇതു പ്രകാരം വിവിധ ജില്ലകളില്‍ നിരവധി അധ്യാപകര്‍ക്ക് നിയമന അംഗീകാരം നല്‍കിയപ്പോള്‍ സാങ്കേതികത്വത്തിന്റെ പേരില്‍ കോഴിക്കോട് ജില്ലയില്‍ ഉത്തരവ് നടപ്പാക്കുന്നില്ലെന്നാണ് പരാതി.

സര്‍ക്കാര്‍ ഉത്തരവിലെ അവ്യക്തതയാണ് നിയമനാംഗീകാരത്തന് തടസ്സമാവുന്നതെന്നാണ് അധികൃതരുടെ വിശദീകരണം. വിദ്യാര്‍ത്ഥികളുടെ അനുപാതം സംബന്ധിച്ച പരാമര്‍ശത്തില്‍ രണ്ടാമത്തെ ഡിവിഷനില്‍ അധ്യാപകരെ നിയമിക്കുന്നതിനു എത്ര വിദ്യാര്‍ത്ഥികള്‍ വേണമെന്നത് വ്യക്തമല്ല. ഇതു സംബന്ധിച്ച് കോടതിയില്‍ നിന്നും വ്യക്തത വരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചില്ലെന്നും പറയപ്പെടുന്നു.

ജില്ലയില്‍ ആയിരത്തില്‍പരം അധ്യാപകരാണ് അഞ്ചു വര്‍ഷത്തോളം ജോലി ചെയ്തിട്ടും ശമ്പളം ലഭിക്കാത്തവരായുള്ളത്. കുടുംബം പുലര്‍ത്താന്‍ രാത്രിയിലും അവധി ദിവസങ്ങളിലും വേറെ ജോലിക്കു പോവുകയാണ് പതിവെന്നും അധ്യാപകരുടെ ദുരിതം അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്നും അധ്യാപകര്‍ പറയുന്നു.