അസാറാം ബാപ്പുവിനെതിരെ കുറ്റപത്രം

Posted on: March 29, 2016 9:56 am | Last updated: March 29, 2016 at 9:56 am

asaram bappurഅഹമ്മദാബാദ്: സ്വയം പ്രഖ്യാപിത ആള്‍ദൈവം അസാറാം ബാപ്പു ഉള്‍പ്പെടെ ഏഴ് പേര്‍ക്കെതിരെ ലൈംഗിക പീഡന കേസില്‍ ഗാന്ധിനഗര്‍ കോടതി കുറ്റപത്രം സമര്‍പ്പിച്ചു. ആശ്രമത്തിലെ അന്തേവാസിയായിരുന്ന സമയത്ത് അസാറാം ബാപ്പു തന്നെ നിരന്തരം പീഡിപ്പിച്ചിരുന്നുവെന്ന് സൂറത്ത് സ്വദേശിനിയുടെ പരാതിയിലാണ് കുറ്റപത്രം. മറ്റൊരു ബലാത്സംഗ കേസില്‍ ജോധ്പൂര്‍ ജയിലില്‍ കഴിയുന്ന അസാറാമിനെ കോടതിയില്‍ ഹാജരാക്കാന്‍ പോലീസ് വൈകിയതിനാലാണ് കുറ്റപത്രം സമര്‍പ്പിക്കല്‍ നീണ്ടുപോയത്. ഒടുവില്‍ വീഡിയോ ലിങ്ക് വഴിയാണ് സെഷന്‍സ് ജഡ്ജി റിസ്‌വാന്‍ ഘോഘരിയുടെ മുന്നില്‍ അസാറാം ബാപ്പു ഹാജരായത്. തനിക്കെതിരെയുള്ള കുറ്റം അസാറാം കോടതിയില്‍ നിഷേധിച്ചു. വിചാരണാ നടപടികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു. കേസ് ഏപ്രില്‍ 13ന് കോടതി പരിഗണിക്കെടുക്കും. തടങ്കലില്‍ പാര്‍പ്പിക്കല്‍, ഗൂഢാലോചന കുറ്റം എന്നിവ ചുമത്തിയാണ് മറ്റ് ആറ് പേര്‍ക്കെതിരെ കേസെടുത്തിരുന്നത്. അസാറാം ബാപ്പുവിന്റെ ഭാര്യ ലക്ഷ്മി, മകള്‍ ഭാരതി, സ്ത്രീ സഹചാരികളായ ധ്രുവ്‌ബെന്‍, നിര്‍മല, ജസ്സി, മീര എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍.