ഹാജരായില്ല ഹൈദരാബാദ് സര്‍വകലാശാലാ വി സിയെ നീക്കിയേക്കും

Posted on: March 29, 2016 9:52 am | Last updated: March 29, 2016 at 9:52 am

APPA RAOഹൈദരാബാദ്/ന്യൂഡല്‍ഹി: ദളിത് വിദ്യാര്‍ഥി രോഹിത് വെമുലയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാല വൈസ് ചാന്‍സിലര്‍ അപ്പാ റാവുവിനെ തല്‍സ്ഥാനത്ത് നിന്ന് നീക്കിയേക്കും. അടുത്തയാഴ്ച ചേരുന്ന സര്‍വകലാശാലാ കോര്‍ട്ടില്‍ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്നാണ് അറിയുന്നത്.

ആരോപണവിധേയനായ ശേഷം അവധിയില്‍ പ്രവേശിച്ച റാവു കഴിഞ്ഞ ആഴ്ച സര്‍വകലാശാലയില്‍ തിരിച്ചെത്തിയിരുന്നു. ഇതോടെ സമരം ശക്തമാകുകയും വി സിയുടെ ഔദ്യോഗിക വസതയിലേക്ക് മാര്‍ച്ച് നടത്തിയ വിദ്യാര്‍ഥികളെ പോലീസ് ക്രൂരമായി മര്‍ദിക്കുകയും ചെയ്തിരുന്നു. ഈ സംഭവവികാസങ്ങള്‍ രാജ്യവ്യാപക പ്രതിഷേധത്തിന് കാരണമായി. അന്താരാഷ്ട്ര അക്കാദമിക വിദഗ്ധരും സര്‍വകലാശാലാ സംയുക്ത സമര സമിതിക്ക് പിന്തുണയുമായെത്തി. ഈ സാഹചര്യത്തിലാണ് അപ്പാ റാവുവിനെതിരെ സര്‍വകലാശാലാ ഭരണ വിഭാഗത്തില്‍ നിന്ന് തന്നെ കടുത്ത വിമര്‍ശമുയരുന്നത്. അപ്പാ റാവുവിന്റെ കസേര തെറിക്കുന്നതിലേക്കാണ് ഇക്കാര്യങ്ങളെല്ലാം നീങ്ങുന്നതെന്ന് വിലയിരുത്തപ്പെടുന്നു.
റാവുവിനെ വി സി സ്ഥാനത്ത് നിന്ന് മാറ്റുന്ന കാര്യം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തുമെന്ന് തെലങ്കാനാ മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു നേരത്തേ അറിയിച്ചിരുന്നു. സര്‍വകലാശാലയിലെ വിദ്യാര്‍ഥി മര്‍ദനം പ്രതിപക്ഷ പാര്‍ട്ടകള്‍ നിയമസഭയില്‍ ഉന്നയിച്ചപ്പോഴാണ് കെ സി ആര്‍ ഈ ഉറപ്പ് നല്‍കിയത്. വി സിയെ സംരക്ഷിക്കുന്ന നിലപാട് തന്റെ ഭാഗത്ത് നിന്നുണ്ടാകില്ലെന്ന് കെ സി ആര്‍ തുറന്ന് പറഞ്ഞിട്ടുണ്ട്.

വി സിയെ തിരിച്ചുവിളിക്കണമെന്നാവശ്യപ്പെടുന്ന പ്രമേയം നിയമസഭ പാസ്സാക്കണമെന്ന് കോണ്‍ഗ്രസും എം ഐ എമ്മും ആവശ്യപ്പെട്ടിരുന്നു. ഭരണകക്ഷിയായ ടി ആര്‍ എസിനും ഇക്കാര്യത്തില്‍ അനുകൂല നിലപാടായിരുന്നെങ്കിലും കേന്ദ്ര സര്‍വകലാശാല സംസ്ഥാനത്തിന്റെ പരിധിയില്‍ വരാത്തതിനാല്‍ പ്രമേയം പാസ്സാക്കാനാകില്ലെന്നായിരുന്നു സ്പീക്കറുടെ തീരുമാനം.

അപ്പാ റാവുവിനെ മാറ്റുന്നതില്‍ കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിനും താത്പര്യമുണ്ടെന്നാണ് ഉന്നത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. എല്ലാ കുറ്റവും വി സിയില്‍ കെട്ടിവെച്ച് രോഹിത് വെമുലയുടെ ആത്മഹത്യ മുതലുള്ള സംഭവവികാസങ്ങളില്‍ നിന്ന് തലയൂരാനാണ് കേന്ദ്ര സര്‍ക്കാറും ബി ജെ പി നേതൃത്വവും ശ്രമിക്കുന്നത്. അതോടെ വെമുലയെ പുറത്താക്കണമെന്ന് നിരന്തരം ആവശ്യപ്പെട്ട കേന്ദ്ര തൊഴില്‍ മന്ത്രി ബന്ധാരു ദത്താത്രേയയും ഇതിനായി കരുക്കള്‍ നീക്കിയ എച്ച് ആര്‍ ഡി മന്ത്രി സ്മൃതി ഇറാനിയും രക്ഷപ്പെടുകയും ചെയ്യും.

പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണം സര്‍വകലാശാലാ ഭരണവിഭാഗമാണെന്ന് കേന്ദ്ര സര്‍ക്കാറിലെ ഉന്നതര്‍ നേരത്തേ കുറ്റപ്പെടുത്തിയിരുന്നു. മാത്രമല്ല, അവധി റദ്ദാക്കി അപ്പാ റാവു തിരികെ പ്രവേശിച്ചത് മാനവവിഭവ ശേഷി മന്ത്രാലയത്തിന്റെ അറിവോടെയല്ലെന്നും അവര്‍ പറയുന്നു.
കൂടുതല്‍ സര്‍വകാലാശാലകളിലേക്ക് പ്രക്ഷോഭം പടരുന്ന സാഹചര്യത്തില്‍ സമരത്തിന്റെ മുനയൊടിക്കാനും അപ്പാ റാവുവിന്റെ പടിയിറക്കം അനിവാര്യമാണെന്ന് ബി ജെ പി നേതൃത്വം വിലയിരുത്തുന്നു.