പരീക്ഷാ മൂല്യനിര്‍ണയത്തിന് ഒരു വര്‍ഷം പരിചയമുള്ള അധ്യാപകര്‍ക്കും അവസരം

Posted on: March 29, 2016 5:18 am | Last updated: March 29, 2016 at 12:18 am

university of calicutതേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയില്‍ പരീക്ഷാ മൂല്യനിര്‍ണയത്തിന് അംഗീകൃത കോളജുകളില്‍ ഒരു വര്‍ഷത്തെ അധ്യാപന പരിചയമുള്ളവരെയും പരിഗണിക്കാന്‍ സെനറ്റ് യോഗത്തില്‍ തീരുമാനമായി. കുറഞ്ഞത് രണ്ട് വര്‍ഷമെങ്കിലും അധ്യാപന പരിചയമുള്ളവരെ മാത്രമാണ് ഉത്തരക്കടലാസ് മൂല്യനിര്‍ണയത്തിന് ഇതു വരെ നിയോഗിച്ചിരുന്നത്.
മൂല്യനിര്‍ണയത്തിന് ആവശ്യമായ അധ്യാപകരുടെ അഭാവം മൂലം പരീക്ഷാ ഫലപ്രഖ്യാപനം വൈകുന്ന സാഹചര്യത്തിലാണ് സെനറ്റ് തീരുമാനം. സര്‍വകലാശാലക്കു കീഴിലെ എയ്ഡഡ് കോളജ് അധ്യാപകര്‍ക്ക് സ്ഥാനക്കയറ്റം നല്‍കുന്നതിന് അക്കാദമിക് പെര്‍ഫോമന്‍സ് ഇന്‍ഡിക്കേറ്റര്‍ സ്‌കോര്‍ (എ പി ഐ സ്‌കോര്‍) 2016 ജനുവരി ഒന്ന് മുതല്‍ മാത്രം ബാധകമാക്കിയാല്‍ മതിയെന്ന അക്കാദമിക് കൗണ്‍സില്‍ തീരുമാനവും സെനറ്റ് അംഗീകരിച്ചു. അനധ്യാപക തസ്തികകളിലെ സൂപ്രണ്ടുമാരെ കൂടി കോളെജ് കൗണ്‍സിലുകളില്‍ അംഗങ്ങളായി ഉള്‍പ്പെടുത്താനും സെനറ്റ് തീരുമാനിച്ചു.