കൊയിലാണ്ടി നിലനിര്‍ത്താന്‍ എല്‍ ഡി എഫ്; തിരിച്ചുപിടിക്കാന്‍ യു ഡി എഫ്

Posted on: March 28, 2016 9:33 am | Last updated: March 28, 2016 at 9:33 am

കോഴിക്കോട്: ജില്ലയില്‍ കോണ്‍ഗ്രസിന്റെ ഉറച്ച സീറ്റായിരുന്ന കൊയിലാണ്ടിയില്‍ ഗ്രൂപ്പ് പോര് ഇത്തവണയും വിലങ്ങുതടിയാവും. 1970ന് ശേഷം നടന്ന പത്ത് തിരഞ്ഞെടുപ്പുകളില്‍ ഏഴ് തവണയും വിജയിച്ചത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാണെങ്കിലും ഏറ്റവുമൊടുവില്‍ നടന്ന രണ്ട് തിരഞ്ഞെടുപ്പുകളിലും 96ലും വിജയം സി പി എമ്മിനായിരുന്നു. കോണ്‍ഗ്രസിലെ തമ്മിലടിയാണ് സീറ്റ് കൈവിട്ടു പോകാന്‍ കാരണമെന്ന് കോണ്‍ഗ്രസുകാര്‍ തന്നെ സമ്മതിക്കുന്ന കാര്യമാണ്. ഈ തിരഞ്ഞെടുപ്പിലും ഗ്രൂപ്പ് കളിയില്‍ അല്‍പ്പം പോലും കുറവുണ്ടാകില്ലെന്നാണ് ലഭിക്കുന്ന സൂചന. സ്ഥാനാര്‍ഥിത്വം മോഹിക്കുന്നവരുടെ പട്ടിക കണ്ടാല്‍ അറിയാമത്.
കൊയിലാണ്ടി സീറ്റ് ഐ ഗ്രൂപ്പിന്റേതാണെന്നാണ് ഐ ഗ്രൂപ്പ് വാദം. സ്ഥാനാര്‍ഥി കുപ്പായവും തുന്നി അര ഡസനോളം നേതാക്കളാണ് രംഗത്തുള്ളത്. കഴിഞ്ഞ തവണ സി പി എമ്മിലെ കെ ദാസനോട് പരാജയപ്പെട്ട കെ പി സി സി ജന. സെക്രട്ടറി കെ പി അനില്‍ കുമാര്‍ ഇത്തവണയും ഒരു കൈ നോക്കാനായി രംഗത്തുണ്ട്. 2011ല്‍ 4,139 വോട്ടിനാണ് അനില്‍കുമാര്‍, കെ ദാസനോട് തോറ്റത്. ഇത്തവണയും വിട്ടുകൊടുക്കാന്‍ അദ്ദേഹത്തിന് ഭാവമില്ല. എന്‍ സുബ്രഹ്മണ്യന്‍, കെ പി പ്രവീണ്‍കുമാര്‍, യു രാജീവന്‍ എന്നിവരുടെ പേരുകളും കെ പി സി സിക്ക് നല്‍കിയ ലിസ്റ്റിലുണ്ട്.
പൊതുവില്‍ യു ഡി എഫിന് മുന്‍തൂക്കമുള്ള മണ്ഡലമാണ് കൊയിലാണ്ടി. കൊയിലാണ്ടി നഗരസഭയും കൊയിലാണ്ടി താലൂക്കിലെ ചേമഞ്ചേരി, ചെങ്ങോട്ടുകാവ്, മൂടാടി, പയ്യോളി, തിക്കോടി പഞ്ചായത്തുകളും ഉള്‍പ്പെടുന്നതാണ് കൊയിലാണ്ടി മണ്ഡലം. 1957 ലെ തിരഞ്ഞെടുപ്പില്‍ പി എസ് പിയിലെ കുഞ്ഞിരാമന്‍ നമ്പ്യാര്‍ക്കായിരുന്നു ആദ്യ ജയം. പിന്നീട് 60ലും അദ്ദേഹം തന്നെ തിരഞ്ഞെടുക്കപ്പെട്ടു. 65ല്‍ എസ് എസ് പിയിലെ കെ ബി മേനോന്‍ വിജയിച്ചു. 67ലും ജയം എസ് എസ് പിക്ക് തന്നെ. പി കെ കിടാവായിരുന്നു അന്ന് ജയിച്ചത്.
1970ലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജയിക്കുന്നത്. ഇ നാരായണന്‍ നായരായിരുന്നു അക്കൊല്ലം കൊയിലാണ്ടിയില്‍ ജനപ്രതിനിധിയായത്. 77ലും അദ്ദേഹം തന്നെ ജയിച്ചു. 1980ല്‍ കോണ്‍ഗ്രസിലെ മണിമംഗലത്ത് കുട്ട്യാലിയാണ് തിരഞ്ഞെടുക്കപ്പെട്ടത്. 82ല്‍ നടന്ന തിരഞ്ഞെടുപ്പിലും അദ്ദേഹം തന്നെ ജയിച്ചു. 87ല്‍ കോണ്‍ഗ്രസിലെ എം ടി പത്മയാണ് മണ്ഡലത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടത്. 91ലും എം ടി പത്മക്ക് തന്നെ നറുക്ക് വീണു. അവര്‍ വീണ്ടും തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
96ലാണ് മണ്ഡലത്തില്‍ നിന്ന് ആദ്യമായി സി പി എമ്മുകാരന്‍ തിരഞ്ഞെടുക്കപ്പെടുന്നത്. പി വിശ്വനായിരുന്നു അന്ന് എല്‍ ഡി എഫിന് വേണ്ടി മത്സരിച്ചത്. അദ്ദേഹം കോണ്‍ഗ്രസിലെ പി ശങ്കരനെ 4,851 വോട്ടിനാണ് തോല്‍പ്പിച്ചത്. 2001ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മണ്ഡലം തിരിച്ചുപിടിച്ചു. അഡ്വ. പി ശങ്കരനായിരുന്നു വിജയിച്ചത്.
എന്നാല്‍ 2006ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ മണ്ഡലം കോണ്‍ഗ്രസിനെ വീണ്ടും കൈവിട്ടു. പി വിശ്വന്‍ വീണ്ടും ജയിച്ചു. 18,484 വോട്ടിന്റെ റെക്കോര്‍ഡ് ഭൂരിപക്ഷത്തിലാണ് എല്‍ ഡി എഫ് വീണ്ടും മണ്ഡലം പിടിച്ചെടുത്തത്. 2011ല്‍ സി പി എം മണ്ഡലം നിലനിര്‍ത്തുകയും ചെയ്തു. കെ ദാസന്‍ 4,139 വോട്ടിനാണ് ജയിച്ചത്.
സുരക്ഷിതമെന്ന് കരുതിയ മണ്ഡലം കോണ്‍ഗ്രസ് കളഞ്ഞുകുളിക്കുകയായിരുെന്നാന്നാണ് പരാതി ഉയര്‍ന്നിട്ടുള്ളത്. കൊയിലാണ്ടി മണ്ഡലം ആര്‍ക്കും വിട്ടു കൊടുക്കില്ലെന്നാണ് ഐ ഗ്രൂപ്പിന്റെ വാദം. 1991 മുതല്‍ ഐ ഗ്രൂപ്പ് കൈവശം വച്ചുവരുന്ന മണ്ഡലമാണ് കൊയിലാണ്ടി.
കൊയിലാണ്ടിയില്‍ ഇത്തവണയും സി പി എം രംഗത്തിറക്കുന്നത് കെ ദസനെ തന്നെയാണ്. വികസന പ്രവര്‍ത്തനങ്ങള്‍ തുണയാകുമെന്നാണ് എല്‍ ഡി എഫിന്റെ കണക്കു കൂട്ടല്‍. കെ ദാസന്റെ സ്ഥാനാര്‍ഥിത്വം പാര്‍ട്ടി അംഗീകരിച്ചതോടെ മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആരാകുമെന്നത് സംബന്ധിച്ച് വ്യക്തത ഇല്ലാത്തത് യു ഡി എഫ് ക്യാമ്പില്‍ നിര്‍ജീവാവസ്ഥയുണ്ടാക്കിയിട്ടുണ്ടെങ്കിലും പ്രഖ്യാപനം വരുന്നതോടെ സജീവമാകുമെന്നാണ് യു ഡി എഫ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഐ ഗ്രൂപ്പും എ ഗ്രൂപ്പും മുരളി ഗ്രൂപ്പും സീറ്റിനായി അവസാന വട്ട പോരാട്ടത്തിലാണ്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ നാലായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എല്‍ ഡി എഫ് സ്ഥാനാര്‍ഥി ജയിച്ചതെങ്കിലും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യു ഡി എഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച മുല്ലപ്പള്ളി രാമചന്ദ്രന് കൊയിലാണ്ടിയില്‍ 6,500ല്‍ അധികം വോട്ടിന്റെ മേല്‍കൈ നേടാനായി എന്നത് കോണ്‍ഗ്രസിനും യു ഡി എഫിനും ആത്മവിശ്വാസം പകരുന്നുണ്ട്.
ഏതായാലും ജില്ലയില്‍ പൊടി പാറിയ പോരാട്ടം നടക്കുന്ന ഒരു മണ്ഡലമായിരിക്കും കൊയിലാണ്ടി. നിലനിര്‍ത്താനും തിരിച്ചു പിടിക്കാനുമുള്ള പോരാട്ടമാണ് കൊയിലാണ്ടിയില്‍ നടക്കുക.