Connect with us

Kerala

2011ലെ പ്രചാരണ ചെലവില്‍ 'കോണി' കയറി ലീഗ്

Published

|

Last Updated

ആലപ്പുഴ: 2011ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികള്‍ ചെലവഴിച്ചത് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിശ്ചയിച്ച പരിധിയേക്കാള്‍ പകുതിയോളം തുക മാത്രം. നിയമസഭാ തിരഞ്ഞെടുപ്പിന് 16 ലക്ഷം രൂപയാണ് കമ്മീഷന്‍ പരിധി നിശ്ചയിച്ചിട്ടുള്ളത്. ഇതില്‍ നിലവിലെ നിയമസഭയില്‍ അംഗങ്ങളായിട്ടുള്ളവരെല്ലാം ചെലവഴിച്ചത് ശരാശരി ഒമ്പത് ലക്ഷം രൂപ മാത്രം. കമ്മീഷന്‍ നിശ്ചയിച്ച പരിധിയുടെ 59% വരുമിത്.
എന്നാല്‍, മുസ്‌ലിം ലീഗിലെ 19 എം എല്‍ എമാരും പത്ത് ലക്ഷത്തിലധികം രൂപ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ചെലവഴിച്ചവരാണ്. ഇവരില്‍ തന്നെ ഏറനാട് എം എല്‍ എ. പി കെ ബഷീര്‍ ആണ് ഏറ്റവുമധികം തുക ചെലവഴിച്ചത്. 15.24 ലക്ഷം രൂപ. അനുവദനീയമായ മൊത്തം തുകയുടെ 95 ശതമാനം വരുമിത്. തൊട്ടുപിന്നില്‍ ലീഗിലെ തന്നെ പി കെ കുഞ്ഞാലിക്കുട്ടിയാണ്. വേങ്ങരയില്‍ നിന്ന് ജനവിധി തേടിയ കുഞ്ഞാലിക്കുട്ടി ചെലവഴിച്ചത് 14 ലക്ഷം രൂപയാണ്. കമ്മീഷന്‍ നിശ്ചയിച്ച പരിധിയുടെ 87 ശതമാനം. ബി സത്യന്‍-ആറ്റിങ്ങല്‍(സി പി എം) ആണ് മൂന്നാം സ്ഥാനത്ത്, (13ലക്ഷം). തൊട്ടുപിന്നില്‍ മോന്‍സ്‌ജോസഫ്-കടുത്തുരുത്തി(കേരള കോണ്‍.എം), എം വി ശ്രേയംസ്‌കുമാര്‍-കല്‍പ്പറ്റ(ജെ ഡി യു) എന്നിവരാണ് തൊട്ടുപിന്നില്‍. ഇരുവരും 81 ശതമാനം തുക ചെവഴിച്ചു.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഏറ്റവും കുറവ് തുക ചെലവഴിച്ചത് ഉദുമ എം എല്‍ എ, കെ കുഞ്ഞിരാമന്‍ (സി പി എം) ആണ്. 2.49 ലക്ഷം രൂപ മാത്രമാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കുഞ്ഞിരാമന്‍ ചെലവഴിച്ചത്. തൊട്ടുപിന്നില്‍ മാനന്തവാടി എം എല്‍ എ. പി കെ ജയലക്ഷ്മി(കോണ്‍.), ഉടുമ്പഞ്ചോല എം എല്‍ എ. കെ കെ ജയചന്ദ്രന്‍(സി പി എം) എന്നിവരാണ്.ഇരുവരും യഥാക്രമം നാല് ലക്ഷവും 4.5 ലക്ഷവും ചെലവഴിച്ചതായി തിരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച രേഖയില്‍ പറയുന്നു.
പാര്‍ട്ടി അടിസ്ഥാനത്തില്‍ കേരള കോണ്‍ഗ്രസ് (എം) എം എല്‍ എമാരാണ് ഏറ്റവും കൂടുതല്‍ തുക പ്രചാരണത്തിനായി ചെലവഴിച്ചതെന്ന് കമ്മീഷന് സമര്‍പ്പിച്ച രേഖയിലുള്ളതായി ഇലക്ഷന്‍വാച്ച് സംഘടന വെളിപ്പെടുത്തുന്നു. 11.16 ലക്ഷം രൂപ കേരള കോണ്‍ഗ്രസ് എമ്മിലെ ഒമ്പത് എം എല്‍ എമാര്‍ ചെലവഴിച്ചു.
കമ്മീഷന്‍ നിശ്ചയിച്ച പരിധിയുടെ 69.8 ശതമാനം വരുമിത്. ആര്‍ എസ് പി (ബി)യിലെ കോവൂര്‍ കുഞ്ഞുമോന്‍ 11.65 ലക്ഷം രൂപ) ചെലവഴിച്ചു. ശരാശരി 10.54 ലക്ഷം രുപ മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥികള്‍ ചെലവഴിച്ചപ്പോള്‍ തൊട്ടുപിന്നില്‍ കോണ്‍ഗ്രസാണ്. ഇവരും ശരാശരി പത്ത് ലക്ഷം രൂപ ചെലവഴിച്ചു. ജനതാദള്‍ (എസ്) എം എല്‍ എമാര്‍ ശരാശരി 8.63 ലക്ഷം ചെലവഴിച്ചു. പാര്‍ട്ടി അടിസ്ഥാനത്തിലുള്ള ശരാശരി തിരഞ്ഞെടുപ്പ് ചെലവ്. ആര്‍ എസ് പി (9.67 ലക്ഷം), എസ് ജെ ഡി( ജെ ഡി യു- 11.03ലക്ഷം), എന്‍ സി പി (10.27 ലക്ഷം), കേരള കോണ്‍. ബി(10.10 ലക്ഷം), കേരള കോണ്‍. ജേക്കബ്(10.10 ലക്ഷം).
പൊതുയോഗം, പ്രകടനം എന്നിവക്കായി പതിനായിരത്തില്‍ താഴെ മാത്രം ചെലവഴിച്ചവര്‍ എട്ട് പേരാണ്. കെ ശിവദാസന്‍നായര്‍-ആറന്മുള(കോണ്‍.ഐ) ആണ് ഏറ്റവും കുറവ് തുക ഈയിനത്തില്‍ ചെലവഴിച്ചത്.1,955 രൂപ മാത്രം. തൊട്ടുപിന്നില്‍ കേരള കോണ്‍ഗ്രസ് എമ്മിലെ റോഷി അഗസ്റ്റിന്‍(ഇടുക്കി). 4,850 രൂപയാണ് റോഷി അഗസ്റ്റിന്‍ ഇതിനായി ചെലവഴിച്ചത്. അച്ചടി-ദൃശ്യ മാധ്യമങ്ങളില്‍ തിരഞ്ഞെടുപ്പ് പരസ്യം നല്‍കാതിരുന്നവര്‍ 54 പേരാണ്. മന്ത്രി കുഞ്ഞാലിക്കുട്ടി, പി കെ ബശീര്‍(ഐ യു എം എല്‍), ബി സത്യന്‍, ടി വി രാജേഷ്(സി പി എം), കോവൂര്‍ കുഞ്ഞുമോന്‍(ആര്‍ എസ് പി) എന്നിവര്‍ ഇവരില്‍പെടും.
എം എല്‍ എമാരില്‍ 19 പേര്‍ പരസ്യങ്ങള്‍ക്കായി 10,000 രൂപയില്‍ താഴെ മാത്രം ചെലവാക്കിയവരാണ്. കാമ്പയിന്‍ വര്‍ക്കേഴ്‌സിനായി നയാ പൈസ ചെലവാക്കാതിരുന്നവരാണ് എം എല്‍ എമാരില്‍ 39 പേര്‍.കെ വി അബ്ദുല്‍ഖാദിര്‍, സി കൃഷ്ണന്‍(സി പി എം), ജോസഫ് വാഴക്കന്‍, ടി എന്‍ പ്രതാപന്‍(കോണ്‍. ഐ), ഗീത (സി പി ഐ) എന്നിവര്‍ ഇവരില്‍ പെടുന്നു.
വാഹന പ്രചാരണത്തിനായി നാല് പേര്‍ അര ലക്ഷത്തില്‍ താഴെ മാത്രം ചെലവഴിച്ചുള്ളൂ. പരേതനായ ടി എം ജേക്കബ്-പിറവം(കേരള കോണ്‍.ജേക്കബ്) ആണ് ഏറ്റവും കുറവ് മൈക്ക് ഓപ്പറേറ്റര്‍മാര്‍ക്ക് നല്‍കിയത്. 21,000 രൂപ.തൊട്ടുപിന്നില്‍ കെ വി അബ്ദുല്‍ഖാദിര്‍(27,100), ടി എന്‍ പ്രതാപന്‍(44,513), പുരുഷന്‍കടലുണ്ടി(48,000) എന്നിവരാണ്.