Connect with us

Kerala

മുസ്‌ലിം ലീഗ് മൂന്ന് സ്ഥാനാര്‍ഥികളെ കൂടി പ്രഖ്യാപിച്ചു

Published

|

Last Updated

മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗ് മത്സരിക്കുന്ന മൂന്ന് സീറ്റുകളില്‍ കൂടി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ഇന്നലെ പാണക്കാട് ചേര്‍ന്ന മുസ്‌ലിം ലീഗ് ഉന്നതാധികാര സമിതി യോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തിലായിരുന്നു സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. കുറ്റിയാടി മണ്ഡലത്തില്‍ മുസ്‌ലിം ലീഗ് കോഴിക്കോട് ജില്ലാ ട്രഷറര്‍ പാറക്കല്‍ അബ്ദുല്ലയും ബാലുശ്ശേരി മണ്ഡലത്തില്‍ ദളിത് ലീഗ് സംസ്ഥാന പ്രസിഡന്റ് യു സി രാമനും ഗുരുവായൂരില്‍ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പി എം സാദിഖലിയും മത്സരിക്കും.
ഇരവിപുരത്തിന് പകരമുള്ള സീറ്റ് സംബന്ധിച്ച് കോണ്‍ഗ്രസുമായി കൂടതല്‍ ചര്‍ച്ച ആവശ്യമായതിനാല്‍ പ്രസ്തുത സീറ്റിലെ സ്ഥാനാര്‍ഥി പ്രഖ്യാപനം പിന്നീട് നടക്കും. ഇരവിപുരത്തിന് ബദലുള്ള സീറ്റ് കേരളത്തില്‍ എവിടെയുമാകാമെന്ന് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനുത്തരമായി ദേശീയ ട്രഷറര്‍ പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുസ്‌ലിം ലീഗ് മത്സരിക്കുന്ന 20 സീറ്റുകളില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പേ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരുന്നു. നേരത്തെ നിശ്ചയിച്ചിരുന്ന കുന്ദമംഗലം സീറ്റിന് പകരമാണ് ലീഗ് ബാലുശ്ശേരിയില്‍ മത്സരിക്കുന്നത്. കുന്ദമംഗലത്ത് കോണ്‍ഗ്രസ് മത്സരിക്കും.
ഇതോടെ ലീഗിന്റെ 24ല്‍ 23 സീറ്റിലേക്കുമുള്ള സ്ഥാനാര്‍ഥി പ്രഖ്യാപനം പൂര്‍ത്തിയായി. കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും 24ാമത്തെ സീറ്റിലേക്കുള്ള സ്ഥാനാര്‍ഥിയെ ഉടന്‍ പ്രഖ്യാപിക്കുമെന്നും പാര്‍ട്ടി നേതൃത്വം അറിയിച്ചു. പാണക്കാട് നടന്ന വാര്‍ത്താസമ്മേളനത്തില്‍ ദേശീയ പ്രസിഡന്റ് ഇ അഹമ്മദ് എം പി. ദേശീയ ട്രഷററും വ്യവസായ ഐ ടി മന്ത്രിയുമായ പി കെ കുഞ്ഞാലിക്കുട്ടി, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ്, ഇ ടി മുഹമ്മദ് ബശീര്‍ എം പി, എം പി അബ്ദുസമദ് സമദാനി. പി വി അബ്ദുല്‍ വഹാബ് എം പി, കെ എസ് ഹംസ, അഡ്വ. കെ എന്‍ എ ഖാദിര്‍ എം എല്‍ എ തുടങ്ങിയവരും സന്നിഹിതരായിരുന്നു.
മുസ്‌ലിംലീഗ് നേരത്തെ പ്രഖ്യാപിച്ച സീറ്റുകളില്‍ മത്സരിക്കുന്നവര്‍: വേങ്ങര- ദേശീയ ട്രഷററും വ്യവസായമന്ത്രിയുമായ പി കെ കുഞ്ഞാലിക്കുട്ടി, കളമശേരി-മന്ത്രി വി കെ ഇബ്‌റാഹിം കുഞ്ഞ്, കോഴിക്കോട് സൗത്ത്- ഡോ. എം കെ മുനീര്‍, തിരൂരങ്ങാടി- പി കെ അബ്ദുര്‍ബ്ബ്, പെരിന്തല്‍മണ്ണ-മഞ്ഞളാംകുഴി അലി, മഞ്ചേശ്വരം-പി ബി അബ്ദുറസാഖ്, കാസര്‍കോട്-എന്‍ എ നെല്ലിക്കുന്ന് , അഴീക്കോട്- കെഎം ഷാജി, തിരുവമ്പാടി- വി എം ഉമര്‍ മാസ്റ്റര്‍, കൊടുവള്ളി-എം എ റസാഖ് മാസ്റ്റര്‍, വള്ളിക്കുന്ന്- പി അബ്ദുല്‍ഹമീദ്. കോട്ടക്കല്‍ -പ്രൊഫ കെ കെ ആബിദ് ഹുസൈന്‍ തങ്ങള്‍, തിരൂര്‍-സി മമ്മുട്ടി, താനൂര്‍-അബ്ദുര്‍റഹ്മാന്‍ രണ്ടത്താണി, മലപ്പുറം-പി ഉബൈദുല്ല, കൊണ്ടോട്ടി-ടി വി ഇബ്ാഹീം, ഏറനാട് -പികെ ബശീര്‍, മഞ്ചേരി-അഡ്വ എം ഉമ്മര്‍, മങ്കട-ടി എ അഹ്മ്മദ് കബീര്‍, മണ്ണാര്‍കാട്-അഡ്വ എന്‍ ഷംസുദ്ദീന്‍, 24 സീറ്റുകളിലാണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മുസ്‌ലിംലീഗ് മത്സരിച്ചത്.