പരിസര ശുചീകരണം: ഇത് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ഇടത് മാതൃക

Posted on: March 27, 2016 2:39 am | Last updated: March 26, 2016 at 11:43 pm
SHARE

isacആലപ്പുഴ: പതിറ്റാണ്ടുകളുടെ ദുര്‍ഗന്ധത്തില്‍ നിന്ന് കലവൂര്‍ മാര്‍ക്കറ്റിന് മോചനമായപ്പോള്‍ ആലപ്പുഴയിലെ ഇടതുമുന്നണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണോദ്ഘാടനം സംസ്ഥാനത്തിന് മാതൃകയായി. ഇത്തരത്തില്‍ 17 പൊതുസ്ഥലങ്ങള്‍ ശുചീകരിച്ചുകൊണ്ടാണ് ഇടതുമുന്നണി ആലപ്പുഴയിലെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. കൊമ്മാടിയില്‍ രാവിലെ എട്ട് മണിക്ക് ഡോ. തോമസ് ഐസക് എം എല്‍ എ പരിപാടി ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരത്ത് നഗരശുചീകരണത്തിന്റെ ചുക്കാന്‍ പിടിച്ച മുന്‍ മേയര്‍ ചന്ദ്രികയുടെ നേതൃത്വത്തിലുള്ള ശുചിത്വ പ്രവര്‍ത്തകരും ഹരിത ഗ്രാമത്തിലെ പ്രവര്‍ത്തകരും ഈ വ്യത്യസ്തമായ തിരഞ്ഞെടുപ്പ് പ്രചരണ പരിപാടിയില്‍ പങ്കാളികളായി. ഒരു സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുളള കലവൂര്‍ മാര്‍ക്കറ്റ് ശുചിയാക്കുക മാത്രമല്ല ചെയ്തത്. ഫിഷ് മാര്‍ക്കറ്റ് ഷെഡിന്റെ തറയില്‍ പൊട്ടിപ്പൊളിഞ്ഞ് കിടന്ന ഭാഗങ്ങള്‍ സിമന്റ് പൂശി അടക്കുകയും ചെയ്തു. പരിസരത്ത് കുന്നുകൂടി കിടന്ന ഉപയോഗശൂന്യമായ പലതരം വസ്തുക്കള്‍ നീക്കം ചെയ്യുകയും മറവ് ചെയ്യുകയും ചെയ്തു. തോമസ് ഐസക്കിന്റെ നേതൃത്വത്തില്‍ 2012 മുതല്‍ ആലപ്പുഴ നഗരത്തില്‍ നടപ്പിലാക്കിയ നിര്‍മല ഭവനം നിര്‍മല നഗരം പരിപാടി വ്യാപകമായ ശ്രദ്ധ നേടിയിരുന്നു.
ഇതിന്റെ തുടര്‍ച്ചയായി മണ്ഡലത്തിലെ 153 ബൂത്തുകളിലും ഓരോ കേന്ദ്രത്തില്‍ വീതം നടക്കുന്ന ജനകീയ ശുചീകരണം നടക്കും.
ജില്ലാ കോടതി – സജി ചെറിയാന്‍, കണിച്ചുകുളങ്ങര – ടി ജെ ആഞ്ചലോസ്, മാരാരിക്കുളം -ആര്‍ നാസര്‍, തമ്പകച്ചുവട് – എ ശിവരാജന്‍, ഐക്യഭാരതം – കലവൂര്‍ എന്‍ ഗോപിനാഥ്, കോമളപുരം – കെ പ്രസാദ്, കലൂവൂര്‍ – ജി വേണുഗോപന്‍, വളവനാട് – എ എം ആരിഫ് എം എല്‍ എ, അമ്പനാകുളങ്ങര – ദലീമാ ജോജോ, മണ്ണഞ്ചേരി – ടി കെ ദേവകുമാര്‍, തുമ്പോളി – പി ജ്യോതിസ്, പാതിരപ്പള്ളി – അഡ്വ. ഷീനാ സനല്‍കുമാര്‍, പുന്നമട – വി ബി അശോകന്‍, ചാത്തനാട് – പി കെ സോമന്‍, ആശ്രമം – വി എസ് മണി, കനാല്‍ – മേഴ്‌സി ടീച്ചര്‍ തുടങ്ങിയവരാണ് വിവിധ കേന്ദ്രങ്ങളില്‍ ഉദ്ഘാടനം നിര്‍വഹിച്ചത്. പ്ലാസ്റ്റിക്ക് ശേഖരണത്തിനാവശ്യമായ ഏര്‍പ്പാടുമുണ്ടാക്കും. എല്ലാ ബൂത്ത് പ്രദേശത്തും വൃക്ഷത്തൈ നടലാണ് മറ്റൊരു പരിപാടിയെന്നും ഡോ. തോമസ് ഐസക് പറഞ്ഞു.

ശുദ്ധ തട്ടിപ്പ്, തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുക്കണം: കോണ്‍ഗ്രസ്
ആലപ്പുഴ: തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ജനകീയ ശുചീകരണ പ്രവര്‍ത്തനവുമായി രംഗത്ത് വന്ന ഡോ.തോമസ് ഐസക്ക് എം എല്‍ എ യുടെ നടപടി ശുദ്ധ തട്ടിപ്പാണെന്ന് ഡി സി സി പ്രസിഡന്റ് എ എ ഷുക്കൂര്‍ ആരോപിച്ചു. പരിപാടി സംഘടിപ്പിച്ചതിലൂടെ എം എല്‍ എ തിരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയിരിക്കുകയാണ്. ഇതിനെതിരെ ഇലക്ഷന്‍ കമ്മീഷന്‍ നടപടിയെടുക്കണമെന്നും ഷുക്കൂര്‍ ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here