പുറത്ത് നിന്നുള്ളവരെ ഭയക്കരുത്, അവര്‍ മൂന്ന് ദിവസം കഴിഞ്ഞാല്‍ സ്ഥലം വിടും; മമത

Posted on: March 26, 2016 11:45 pm | Last updated: March 26, 2016 at 11:45 pm
SHARE

mamathaകൊല്‍ക്കത്ത: സംസ്ഥാനത്ത് വിന്യസിക്കുന്ന കേന്ദ്ര സേനയെയും തിരഞ്ഞെടുപ്പ് കമ്മീഷനെയും ഭയക്കരുതെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ പരോക്ഷ ആഹ്വാനം. പുറത്ത് നന്നുള്ളവര്‍ മൂന്ന് നാല് ദിവസത്തിനകം പോകും. അവരെ കണ്ട് നാം പേടിക്കരുത് എന്നാണ് ജംഗല്‍മഹല്‍ മേഖലയിലെ ലാല്‍ഗഢില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ മമതാ ബാനര്‍ജി പറഞ്ഞത്. ഇവിടെ ആദ്യ ഘട്ടത്തിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. സംസ്ഥാനത്തെ മിക്ക ബൂത്തുകളിലും കേന്ദ്ര സാന്നിധ്യമുണ്ടാകുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു. അമിതമായ സുരക്ഷാ സന്നാഹങ്ങള്‍ പ്രവര്‍ത്തകരുടെ മനോവീര്യം കെടുത്തുമെന്ന് മമത ഭയക്കുന്നുണ്ട്.
ഞാന്‍ മരിച്ചിട്ടില്ല. അത്‌കൊണ്ട് നിങ്ങള്‍ ആരെയും ഭയക്കേണ്ടതില്ല. ഞാന്‍ എക്കാലവും പൊരുതി നില്‍ക്കും- മമത പ്രവര്‍ത്തകരോട് പറഞ്ഞു. ബംഗാള്‍ പോലീസിനെ വിശ്വാസമില്ലെങ്കില്‍ പ്രതിപക്ഷം അമേരിക്കയില്‍ നിന്ന് സേനയെ കൊണ്ടുവരട്ടെയെന്ന് മമത കഴിഞ്ഞ ദിവസം പരിഹസിച്ചിരുന്നു.
തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം തങ്ങളുടെ ആറ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറെ കണ്ട് മമത ധരിപ്പിച്ചിരുന്നു. ‘ഒരോ ദിവസവും തൃണമൂല്‍ പ്രവര്‍ത്തകരെ അവര്‍ വകവരുത്തുകയാണ്. ഇത് കണ്ട് നില്‍ക്കാന്‍ പാര്‍ട്ടിക്ക് സാധ്യമല്ല. രാഷ്ട്രീയ പകപോക്കലല്ല, പ്രതിരോധത്തെക്കുറിച്ചാണ് തങ്ങള്‍ പറയുന്ന’തെന്നും മമത അവകാശപ്പെടുന്നു.
ഇക്കാര്യത്തില്‍ ഇപ്പോള്‍ തീരുമാനമെടുക്കേണ്ടത് തിരഞ്ഞെടുപ്പ് കമ്മീഷനാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം മറ്റൊരു പാര്‍ട്ടിയുടെയും പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിട്ടില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് മുകള്‍ റോയ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here