മാളിയേക്കല്‍ മൊയ്തീന്റെ കഥകളയവിറക്കി കുറ്റിച്ചിറയിലെ ചുമരുകള്‍

Posted on: March 26, 2016 6:05 pm | Last updated: March 26, 2016 at 6:05 pm

kuttichiraകോഴിക്കോട്: വര്‍ഷങ്ങള്‍ നിരവധി കഴിഞ്ഞിട്ടും മലബാര്‍ മാപ്പിള പാരമ്പര്യത്തിന്റെ ഈറ്റില്ലമായ കുറ്റിച്ചിറയുടെ ചുമരുകളില്‍ മായാത്ത ഒരു ചുമരെഴുത്തുണ്ട്. ലീഗ് രാഷ്ട്രീയത്തിലെ ആധികായനും മുന്‍ മന്ത്രിയായ പി എം അബൂബക്കറിന് വോട്ട് അഭ്യര്‍ഥിച്ചുള്ള ചുമരെഴുത്ത്.
തോണി ചിഹനത്തില്‍ വോട്ട് ചെയ്യൂ അബൂബക്കറിനെ വിജയപ്പിക്കൂ എന്ന നീല നിറത്തിലുള്ള ചിത്രവും അക്ഷരങ്ങളും കോഴിക്കോടിന്റെ രാഷ്ട്രീയ കളരിയില്‍ പയറ്റി തെളിഞ്ഞ് മണ്‍മറഞ്ഞ് പോയ തിളങ്ങുന്ന ആ നക്ഷത്രത്തെ ഓര്‍മ്മപ്പെടുത്തലാണ്. ആദ്യം മുസ്‌ലിംലീഗിന്റെയും പിന്നീട് ഐ എന്‍ എല്ലിന്റെയും നേതൃനിരയില്‍ തലയെടുപ്പോടെ ഉയര്‍ന്ന് നിന്ന വ്യക്തിത്വമായിരുന്നു പി എം അബൂബക്കര്‍. നാല് പതിറ്റാണ്ടോളം പൊതുരംഗത്ത് നിറഞ്ഞു നിന്ന പൂവാണിത്തെരുവത്ത് മാളിയേക്കല്‍ മൊയ്തീന്‍ എന്ന പേരില്‍ അറിയപ്പെട്ട പി എം അബൂബക്കറിന്റെ ഓര്‍മകള്‍ ആസന്നമായ നിയമസഭാ തിരെഞ്ഞെടുപ്പിന്റെ ആരവങ്ങള്‍ക്കിടയിലും ജ്വലിച്ച് നില്‍ക്കുകയാണ്.
മാധ്യമ പ്രവര്‍ത്തനത്തിലൂടെയാണ് അദ്ദേഹം പൊതുരംഗത്തേക്ക് കടന്നുവന്നത്. ആറ് തവണ സംസ്ഥാന നിയസമഭയിലെത്തിയ അദ്ദേഹം 1980 മുതല്‍ 1981 വരെ നായനാര്‍ മന്ത്രിസഭയില്‍ പൊതുമരാമത്ത് വകുപ്പ് കൈകാര്യം ചെയ്തു. മുസ്‌ലിംലീഗ് ദേശീയ എക്‌സിക്യൂട്ടീവ് അംഗം, സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം, ഐ എന്‍ എല്‍ സംസ്ഥാന പ്രസിഡന്റ്, സംസ്ഥാന ഫൈനാന്‍ഷ്യല്‍ എന്റര്‍ പ്രൈസിസ് വൈസ് ചെര്‍മാന്‍, കാലിക്കറ്റ് സര്‍വകവലാശാല സെനറ്റ് അംഗം, കേരള ഖാദി ബോര്‍ഡ് അംഗം, 1991-94 വരെ എസ്റ്റിമേറ്റ് കമ്മിറ്റി ചെര്‍മാന്‍, 1962-74 വരെ കോഴിക്കോട് കോര്‍പറേഷന്‍ കൗണ്‍സിലര്‍, കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ എന്നീ സ്ഥാനങ്ങളും അലങ്കരിച്ച അദ്ദേഹം 1994 ഒക്‌ടോബര്‍ ഏഴിനാണ് അന്തരിച്ചത്.
കഴിഞ്ഞ തിരഞ്ഞെടുപ്പിന് മുമ്പുവരെ ‘കോഴിക്കോട് രണ്ട്’ എന്ന പേരിലറിയപ്പെട്ടിരുന്ന ഇപ്പോഴത്തേ ‘കോഴിക്കോട് സൗത്തില്‍ നിന്ന് അഞ്ച് തവണയും കൊടുവള്ളിയില്‍ നിന്ന് ഒരു തവണയും അബൂബക്കര്‍ നിയമസഭയിലെത്തി. 1965, 1967, 1977, 1980 എന്നീ വര്‍ഷങ്ങളിലായിരുന്നു അദ്ദേഹം കോഴിക്കോട് രണ്ടില്‍ നിന്ന് ജയിച്ചത്. 1965ല്‍ കോണ്‍ഗ്രസിന്റെ കെ പി രമാനുണ്ണിയെ തോല്‍പ്പിച്ചാണ് ലീഗുകരാനായ അബൂബക്കര്‍ ആദ്യമായി നിയമസഭയിലെത്തിയത്. അന്ന് സി പി എമ്മിന്റെ പിന്തുണയോടെയായിരുന്നു അബൂബക്കറിന്റെ വിജയം.
1967ല്‍ സപ്തകക്ഷി മുന്നണി സ്ഥാനാര്‍ഥിയായി മത്സരിച്ച അബൂബക്കര്‍ കോണ്‍ഗ്രസിലെ വി സുബൈറിനെയായിരുന്നു തോല്‍പ്പിച്ചത്. എന്നാല്‍ 1970ല്‍ കോണ്‍ഗ്രസിലെ കല്‍പ്പള്ളി മാധവമേനോനോട് അബൂബക്കറിന്‍ അടിയറവ് പറയേണ്ടി വന്നു. എന്നാല്‍ 1977ല്‍ വിമത ലീഗ് സ്ഥാനാര്‍ഥിയായി വന്ന അബൂബക്കര്‍ വീണ്ടും ജയിച്ചു കയറി. തുടര്‍ന്ന് 1980ല്‍ ലീഗിലെ പിളര്‍പ്പിന് ശേഷം അഖിലേന്ത്യാ ലീഗ് സ്ഥാനാര്‍ഥിയായി മത്സരിച്ച് ജനതാപാര്‍ട്ടിയിലെ സി കെ നാണുവിനെയും 1982ല്‍ കോണ്‍ഗ്രസിലെ എന്‍ പി മൊയ്തീനെയും തോല്‍പ്പിച്ചു.