Connect with us

Gulf

ജോണ്‍സണ്‍ ബേബി പൗഡര്‍ ഖത്വര്‍ വിപണിയില്‍ നിന്നു പിന്‍വലിച്ചു

Published

|

Last Updated

ദോഹ: ജോണ്‍സണ്‍ ആന്‍ ജോണ്‍സണ്‍ ബേബി പൗഡര്‍ ഖത്വര്‍ വിപണിയില്‍ നിന്ന് താത്കാലികമായി പിന്‍വലിച്ചതായി റിപ്പോര്‍ട്ട്. കമ്പനിക്കെതിരെ അമേരിക്കയില്‍ ഉയര്‍ന്ന കേസില്‍ വിധി വന്ന സാഹചര്യത്തിലാണ് ഉത്പന്നത്തിന് നിയന്ത്രണം. രാജ്യത്തെ വിപണിയില്‍ ജോണ്‍സണ്‍ പൗഡറിന് താത്കാലികമായി നിരോധമേര്‍പ്പെടുത്തിയിട്ടുണ്ടെന്ന് നഗരസഭ, പരിസ്ഥിതി മന്ത്രാലയം അസി. ഡെപ്യൂട്ടി മുഹമ്മദ് സെയ്ഫ് അല്‍ കുവാരിയെ ഉദ്ധരിച്ച് അല്‍ റായ അറബി പത്രം റിപ്പോര്‍ട്ട് ചെയ്തു.

പൗഡറുകള്‍ രാജ്യത്തെ വിപണിയില്‍നിന്ന് നീക്കം ചെയ്തു തുടങ്ങിയതായി ദോഹന്യൂസും റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസങ്ങളില്‍ അര ഡസന്‍ ഫാര്‍മസികളില്‍നിന്നും സൂപ്പര്‍മാര്‍ക്കറ്റുകളില്‍നിന്നും പൗഡര്‍ പിന്‍വലിച്ചു. പൗഡറിലെ ആരോഗ്യ സുരക്ഷ ഉറപ്പു വരുത്തുന്നതിന് ഗവണ്‍മെന്റ് പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുണ്ട്. വര്‍ഷങ്ങളായി ഈ ഉത്പന്നം രാജ്യത്ത് പരാതികളൊന്നും ഇല്ലാതെ വില്‍പ്പന നടത്തി വരുന്നുണ്ടെന്നും എന്നാല്‍ പുതിയ പശ്ചാത്തലത്തില്‍ സുരക്ഷ ഉറപ്പു വരുത്തുന്നതിനു വേണ്ടി നിയന്ത്രണമേര്‍പ്പെടുത്തുകയാണെന്നും മുഹമ്മദ് സെയ്ഫ് പറയുന്നു. അതേസസമയം ജോണ്‍സന്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനിയുടെ ലോഷന്‍, ബേബി വാഷ് പോലുള്ള ഉത്പന്നങ്ങള്‍ക്ക് നിരോധം ബാധകമല്ല.

ആരോഗ്യമന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ വിഷയം വിശദമായി പഠിച്ചു വരികയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അതുകൊണ്ടു തന്നെ സംഭവത്തില്‍ കൂടുതല്‍ പ്രതികരണത്തിന് നഗരസഭാ മന്ത്രാലയം സന്നദ്ധമായിട്ടില്ല. വിധി വന്ന ശേഷം അധികൃതര്‍ സ്വീകരിച്ച നിലപാടിന്റെകൂടി അടിസ്ഥാനത്തിലാണ് രാജ്യത്തെ വിപണിയില്‍നിന്ന് പൗഡര്‍ ഉത്പന്നം താത്കാലികമായി പിന്‍വലിച്ചത്.
അണ്ഡാശയത്തില്‍ അര്‍ബുദം വന്ന് മരിച്ച സ്ത്രീയുടെ ബന്ധുക്കളാണ് അമേരിക്കന്‍ കമ്പനിക്കെതിരെ കേസ് കൊടുത്തത്. പൗഡറില്‍ അടങ്ങിയിട്ടുള്ള ഒരു ഘടകം മനുഷ്യ ശരീരത്തില്‍ അപകടം വരുത്തിവെക്കാന്‍ സാധ്യതയുള്ളതാണെന്നും എന്നാല്‍ ഇത് മുന്നറിയിപ്പായില്‍ പ്രസിദ്ധപ്പെടുത്തുന്നതില്‍ കമ്പനി പരാജയപ്പെട്ടുവെന്നും പരാതിക്കാര്‍ വാദിച്ചു. ഇതേത്തുടര്‍ന്ന് മരിച്ച സ്ത്രീയുടെ ബന്ധുക്കള്‍ക്ക് 72 ദശലക്ഷം ഡോളര്‍ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടു കൊണ്ടാണ് കമ്പനിക്കെതിരെ അമേരിക്കന്‍ കോടതി ശിക്ഷാവിധി പുറപ്പെടുവിച്ചത്.

Latest