Connect with us

Palakkad

മലമ്പുഴയില്‍ വിനോദസഞ്ചാരികള്‍ ആശങ്കയില്‍

Published

|

Last Updated

മലമ്പുഴ: വിനോദസഞ്ചാര കേന്ദ്രമായ മലമ്പുഴയില്‍ എത്തുന്ന ആയിരക്കണക്കിന് സന്ദര്‍ശകര്‍ ആശങ്കയില്‍. ഉദ്യാനത്തിന് മുമ്പിലെ കംഫര്‍ട്ട് സ്റ്റേഷന് പൂട്ട് വീണതോടെ സന്ദര്‍ശകരുടെ ശങ്കയകറ്റലും ദുരിതത്തിലായി. കരാര്‍ കഴിഞ്ഞതിനെ തുടര്‍ന്ന് കഴിഞ്ഞ മാസമാണ് കംഫര്‍ട്ട് സ്റ്റേഷന്‍ അടച്ചതെങ്കിലും പുതിയ കരാറുകാരന്‍ വന്നാലും അറ്റകുറ്റപ്പണികള്‍ നടത്തിയേ ശൗചാലയം തുറക്കാന്‍ പറ്റൂ എന്നാണ് അധികൃതരുടെ വാദം.
ഇതോടെ ഉദ്യാനത്തിലെത്തുന്ന ആയിരക്കണക്കിന് സന്ദര്‍ശകര്‍ 20 രൂപയുടെ വെള്ളം വാങ്ങി സമീപപ്രദേശങ്ങളില്‍ അഭയം തേടുകയാണ്. ഒറ്റക്കെത്തുന്ന പുരുഷന്മാര്‍ പരസ്യമായി കാര്യങ്ങള്‍ സാധിക്കുമ്പോള്‍ സ്ത്രീകളുടെ കാര്യം സാധിക്കലിന് പുരുഷന്മാര്‍ കാവല്‍ നില്‍ക്കേണ്ട സ്ഥിതിയാണിവിടെ. എന്നാല്‍ സമീപത്തെ പുതിയ കംഫര്‍ട്ട് സ്റ്റേഷന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളും പാതി വഴിയിലാണ്. പഴയ മൂത്രപ്പുര അടച്ചതോടെ സമീപത്തെ വ്യാപാരികളും ബസ് ജീവനക്കാരും ഏറെ പ്രതിസന്ധിയിലായിരിക്കുകയാണ്. എന്നാല്‍ പുഷ്‌പോത്സവത്തിന്റെ സമയത്ത് കുറച്ച് ദിവസത്തേക്ക് താത്ക്കാലികമായി ശൗചാലയം തുറന്നെങ്കിലും വീണ്ടും അടക്കുകയായിരുന്നു.
ഉദ്യാനത്തിനു പുറത്ത് വേറെ കംഫര്‍ട്ട് സ്റ്റേഷനില്ലാത്ത അവസ്ഥയായതോടെ കാര്‍പാര്‍ക്കിംഗ് ഏരിയക്ക് സമീപത്തെ ഒഴിഞ്ഞ സ്ഥലമിപ്പോള്‍ ശൗചാലയമായി മാറിയിരിക്കുകയാണ്. അല്ലെങ്കില്‍ 25 രൂപയുടെ ടിക്കറ്റെടുത്ത് ഉദ്യാനത്തിനകത്ത് പോയി കാര്യം സാധിക്കണം.
ഉദ്യാനത്തിന് പുറത്ത് കാര്‍ പാര്‍ക്കിംഗ് ഏരിയക്ക് സമീപത്തായി ഡി ടി പി സിയുടെ കീഴിലുള്ള കംഫര്‍ട്ട് സ്റ്റേഷന്‍ കാലപ്പഴക്കത്താല്‍ അപകടീഷണിയുയര്‍ത്തിയിരുന്നു. എന്നാല്‍ പുതിയ കരാറിന് നല്‍കും മുമ്പ് കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനായി നിര്‍മിതിയെ ഏല്‍പിച്ചിരിക്കുകയാണെന്നാണ് അധികൃതരുടെ വാദമെന്നിരിക്കെ നാളുകള്‍ കഴിയുമ്പോഴും യാതൊരുവിധ പ്രവര്‍ത്തികളും നടക്കുന്നില്ലെന്നാണ് വ്യാപാരികളും പ്രദേശവാസികളും പറയുന്നത്. പുഷ്‌പോത്സവം ആരംഭിച്ചതുമുതല്‍ ആയിരക്കണക്കിന് സന്ദര്‍ശകരാണ് അയല്‍ ജില്ലകളില്‍നിന്നുമെത്തുന്നത്.
മധ്യ വേനലവധി ആരംഭിക്കുന്നതോടെ പ്രതിദിനം സന്ദര്‍ശകരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനയുണ്ടാകുമെങ്കിലും ശൗചാലയം അടിയന്തിരമായി തുറന്നു കൊടുക്കേണ്ടതിനെപ്പറ്റി ബന്ധപ്പെട്ടവര്‍ ചിന്തിക്കുന്നില്ല. എന്നാല്‍ ദിനം പ്രതി ആയിരക്കണക്കിന് സന്ദര്‍ശകരെത്തുന്ന പ്രധാന ടൂറിസം ഏരിയയിലെ ശൗചാലയം അടച്ചിട്ട് മാസങ്ങള്‍ പിന്നിടുമ്പോഴും തുറക്കാന്‍ ശ്രമിക്കാത്തത് ഉദ്യോഗസ്ഥരുടെ അനാസ്ഥയാണെന്നാണ് വ്യാപാരികളുടെ ആരോപണം.

Latest