Connect with us

National

കാശ്മീര്‍: പി ഡി പിയുടെ ആവശ്യം അംഗീകരിച്ചിട്ടില്ലെന്ന് ബി ജെ പി

Published

|

Last Updated

ന്യൂഡല്‍ഹി: ജമ്മു കാശ്മീരില്‍ കൂട്ടുസര്‍ക്കാര്‍ രൂപവത്കരിക്കുന്നതുമായി ബന്ധപ്പെട്ട് പി ഡി പി അധ്യക്ഷ മെഹബൂബ മുഫ്തി ഉന്നയിച്ച പുതിയ നിബന്ധകള്‍ പൂര്‍ണമായും അംഗീകരിച്ചിട്ടില്ലെന്ന് ബി ജെ പി നേതൃത്വം. ജമ്മു കാശ്മീരില്‍ സര്‍ക്കാര്‍ രൂപവത്കരണത്തില്‍ പന്ത് ഇപ്പോള്‍ പി ഡി പിയുടെയും മെഹബൂബ മുഫ്തിയുടെയും കോര്‍ട്ടിലാണെന്നും ഇതേകുറിച്ച് അന്തിമ തീരുമാനമെടുക്കേണ്ടത് അവരാണെന്നും ബി ജെ പി ജനറല്‍ സെക്രട്ടറി രാം മാധവ് പറഞ്ഞു.
മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സഈദിന്റെ നിര്യാണത്തെ തുടര്‍ന്ന് രാഷ്ട്രീയ പ്രതിസന്ധികള്‍ ആരംഭിച്ച ജമ്മുകാശ്മീരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയിരുന്നു. തുടര്‍ന്ന് രാഷ്ട്രീയ അനിശ്ചിതത്വം നിലനിന്ന കാശ്മീരില്‍ ഏറെ നീക്കങ്ങള്‍ക്കൊടുവില്‍ സര്‍ക്കാര്‍ രൂപവത്കരണത്തിന്റെ സാധ്യതകള്‍ ആരായാന്‍ മെഹബൂബ മുഫ്തി കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാഴ്ചയെ “നല്ലതും അനുകൂലമായതും” എന്നാണ് മെഹബൂബ വിശേഷിപ്പിച്ചത്. ഇതോടെ സര്‍ക്കാര്‍ രൂപവത്കരണം ഉടനുണ്ടാകുമെന്നും അവര്‍ സൂചനകള്‍ നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണു പി ഡി പിയുടെ പുതിയ നിബന്ധനകള്‍ അംഗീകരിച്ചിട്ടില്ലെന്ന രാം മാധവിന്റെ പ്രസ്താവന പുറത്തുവന്നിരിക്കുന്നത്.

Latest