ഈ വര്‍ഷവും ഹജ്ജ് യാത്ര നെടുമ്പാശ്ശേരിയില്‍ നിന്ന്

Posted on: March 24, 2016 10:41 am | Last updated: March 24, 2016 at 10:41 am

hajjകൊണ്ടോട്ടി: ഈ വര്‍ഷവും ഹജ്ജ് യാത്ര നെടുമ്പാശ്ശേരിയില്‍ നിന്നായിരിക്കും. വലിയ വിമാനങ്ങള്‍ക്ക് കരിപ്പൂരില്‍ അനുമതി ലഭിക്കാത്തതും ഹജ്ജ് സീസണില്‍ ചെറിയ വിമാനങ്ങള്‍ക്ക് ജിദ്ദ, മദീന ഹജ്ജ് വിമാനത്താവളങ്ങളില്‍ അനുമതി ലഭിക്കാന്‍ പ്രയാസമായതുമാണ് ഇത്തവണയും ഹജ്ജ് യാത്ര നെടുമ്പാശ്ശേരിയില്‍ നിന്നാകാന്‍ കാരണം.
2001 മുതല്‍ 2014 വരെ കരിപ്പൂരില്‍ നിന്നായിരുന്നു ഹജ്ജ് വിമാനങ്ങള്‍ സര്‍വീസ് നടത്തിയിരുന്നത്. പ്രത്യേക അനുമതിയോടെയായിരുന്നു ഈ കാലയളവില്‍ വലിയ വിമാനങ്ങള്‍ പ്രയോജനപ്പെടുത്തിയിരുന്നത്. മംഗലാപുരം വിമാന ദുരന്തത്തിന് ശേഷം നിശ്ചിത അളവില്‍ റണ്‍വേയില്ലാത്ത ഒരു വിമാനത്താവളങ്ങളിലും വലിയ വിമാനങ്ങള്‍ക്ക് അനുമതി നല്‍കേണ്ടതില്ലെന്ന് സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ് തീരുമാനിക്കുകയായിരുന്നു. വലിയ വിമാനങ്ങള്‍ക്ക് അനുമതി ലഭിക്കണമെങ്കില്‍ റണ്‍വേയുടെ നീളം 12,000 അടിയെങ്കിലും വേണമെന്നാണ് ഡിജിസിഎ നിഷ്്കര്‍ഷിക്കുന്നത്. കരിപ്പൂരില്‍ പതിനായിരം അടിയോടടുത്ത് മാത്രമേ റണ്‍വേ നീളമുള്ളൂ. ഹജ്ജ് യാത്ര കരിപ്പൂരില്‍ നിന്നാക്കുന്നതിന് വേണ്ടി ചെയര്‍മാന്‍ ബാപ്പു മുസ്‌ലിയാര്‍, ഇ ടി മുഹമ്മദ് ബശീര്‍ എം പി, കലക്ടര്‍ ടി ഭാസ്‌കരന്‍, പ്രൊഫ: എ കെ അബ്ദുല്‍ ഹമീദ്, അസിസ്റ്റന്‍ഡ് സെക്രട്ടറി ഇ സി മുഹമ്മദ് എന്നിവരുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ കേന്ദ്ര വ്യോമയാന മന്ത്രി അശോക് ഗജപതി രാജുവിനെ സന്ദര്‍ശിച്ചിരുന്നു. വലിയ വിമാനം ഉപയോഗപ്പെടുത്തുന്നതിന് ഡി ജി സി എ അനുമതി നല്‍കുകയാണെങ്കില്‍ തനിക്ക് എതിര്‍പ്പില്ലെന്നാണ് മന്ത്രി വ്യക്തമാക്കിയത്.
കരിപ്പൂരില്‍ ചെറിയ വിമാനം പ്രയോജനപ്പെടുത്തി ഹജ്ജ് ക്യാമ്പു മുന്നോട്ടു കൊണ്ടു പോകുന്നതും സാധ്യമല്ല. ക്യാമ്പ് നീണ്ടുപോയാല്‍ ഹാജിമാര്‍ക്ക് വിശുദ്ധ ഭൂമിയില്‍ ലഭിക്കുന്ന ദിവസങ്ങളുടെ എണ്ണവും കുറയും. ഈ കാരണങ്ങളാല്‍ ഈ വര്‍ഷവും ഹജ്ജ് യാത്ര നെടുമ്പാശ്ശേരിയില്‍ നിന്നു തന്നെയായിരിക്കും.