ഷബാനാ ഫൈസലിന് മികച്ച സംരംഭകക്കുള്ള പുരസ്‌കാരം

Posted on: March 24, 2016 10:37 am | Last updated: March 24, 2016 at 10:37 am

shabana faizalകൊച്ചി: യു എ ഇ ആസ്ഥാനമായ കെ ഇ എഫ് ഹോള്‍ഡിംഗ്‌സിന്റെ വൈസ് ചെയര്‍പേഴ്‌സണും ചീഫ് കോര്‍പറേറ്റ് ഓഫീസറുമായ ഷബാനാ ഫൈസലിന് മികച്ച പ്രവാസി സംരംഭകക്കുള്ള കൈരളി ടി വി അവാര്‍ഡ്. ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഹാളില്‍ നടന്ന ചടങ്ങില്‍ മമ്മൂട്ടിയില്‍ നിന്ന് ഷബാന പുരസ്‌കാരം ഏറ്റുവാങ്ങി.

മംഗലാപുരം സ്വദേശിനിയായ ഷബാന കെ ഇ എഫ് ഹോള്‍ഡിംഗ്‌സിന്റെയും ഫൈസല്‍ ഷബാനാ ഫൗണ്ടേഷന്റെയും ചെയര്‍മാനായ കോഴിക്കോട്ടുകാരന്‍ ഫൈസല്‍ ഇ കൊട്ടിക്കൊള്ളോനെ വിവാഹം ചെയ്തതിനെത്തുടര്‍ന്ന് കോഴിക്കോട്ട് 1995-ലാണ് പ്രഥമ സംരംഭത്തിന് തുടക്കം കുറിച്ചത്. ആഢംബര വസ്തുക്കളുടെ ഷോറൂമായ സോഫിയാസ് വേള്‍ഡായിരുന്നു ഈ സ്ഥാപനം. പിന്നീട് കെ ഇ എഫ് ഹോള്‍ഡിംഗ്‌സിന്റെ ചീഫ് കോര്‍പറേറ്റ് ഓഫീസര്‍ എന്ന നിലക്ക് യു എ ഇയിലെയും ഇന്ത്യയിലെയും അടിസ്ഥാന സൗകര്യ വികസനം, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം എന്നീ മേഖലകളിലേക്ക് ഗ്രൂപ്പിന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതില്‍ ഷബാന നിര്‍ണായ പങ്ക് വഹിച്ചു.
സമൂഹത്തില്‍ അടിത്തട്ടില്‍ കിടക്കുന്നവരെ കൈപിടിച്ചുയര്‍ത്താനുള്ള ദൗത്യവുമായി പ്രവര്‍ത്തിക്കുന്ന ഫൗണ്ടേഷന്‍ യു എ ഇക്കു പുറമെ കേരളത്തിലും കര്‍ണാടകയിലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. കോഴിക്കോട് നടക്കാവിലെ ഗവണ്‍മെന്റ് വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ നവീകരണം ഫൗണ്ടേഷന്റെ പ്രവര്‍ത്തനത്തില്‍ ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. സംസ്ഥാനത്തെ മറ്റ് 65 സ്‌കൂളുകള്‍ക്കും ഫൗണ്ടേഷന്‍ ധനസഹായം ചെയ്തിട്ടുണ്ട്.