ഇരവിപുരം സീറ്റിന് പകരം ചടയമംഗലം വേണ്ടെന്ന് ലീഗ്

Posted on: March 24, 2016 9:45 am | Last updated: March 24, 2016 at 9:45 am

leagueമലപ്പുറം: മുസ്്‌ലിം ലീഗ് മത്സരിക്കുന്ന ഇരവിപുരം സീറ്റിനു പകരം ചടയമംഗലം വേണ്ടെന്നു ലീഗ് നേതൃയോഗം. ഇന്നലെ പാണക്കാട് ചേര്‍ന്ന ഉന്നതാധികാര സമിതിയോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. ഇക്കാര്യം യു ഡി എഫ് നേതാക്കളെ ഫോണില്‍ വിളിച്ചറിയിക്കുകയും ചെയ്തു.
കൊല്ലം ജില്ലയിലെ ഇരവിപുരം സീറ്റ് ലീഗ് സ്ഥിരമായി മത്സരിക്കുന്ന മണ്ഡലമാണ്. ഈ സീറ്റ് ആര്‍ എസ് പിക്കു നല്‍കുന്ന പക്ഷം കുറച്ചു കൂടി സ്വീകാര്യമായ മറ്റൊരു മണ്ഡലം ലഭിക്കണമെന്നാണു ലീഗിന്റെ ആവശ്യം. അതേസമയം ഇരവിപുരം സീറ്റൊഴികെയുള്ള മറ്റു സീറ്റുകളുടെ കാര്യത്തില്‍ തീരുമാനമായിട്ടുണ്ട്. ഇരവിപുരത്തിനു പകരം മലപ്പുറം ജില്ലയിലെ തവനൂര്‍, കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി എന്നീ സീറ്റുകളില്‍ ഒരെണ്ണം വേണമെന്നാണ് ലീഗിന്റെ ആവശ്യം. എന്നാല്‍ കൂടുതല്‍ സീറ്റ് ആവശ്യപ്പെടില്ല. ചടയമംഗലം പോലുള്ള രണ്ടു മണ്ഡലങ്ങള്‍ നല്‍കിയാലും സ്വീകരിക്കേണ്ടെന്നാണ് ലീഗ് തീരുമാനം. ചടയമംഗലം മണ്ഡലത്തില്‍ 45 ശതമാനം മുസ്്‌ലിം മതവിഭാഗത്തില്‍പ്പെട്ടവരുണ്ട്. എന്നാല്‍ ഉറച്ച ഇടതുപക്ഷ മണ്ഡലമാണിത്. രണ്ട് ദിവസത്തിനകം മണ്ഡല കാര്യത്തില്‍ തീരുമാനമാകുമെന്നു മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇരവിപുരം സീറ്റിന്റെ കാര്യത്തിലേ തര്‍ക്കമുള്ളൂ. മറ്റു മൂന്നു സീറ്റുകളുടെ കാര്യത്തില്‍ തീരുമാനമായി. ഇക്കാര്യത്തില്‍ കോണ്‍ഗ്രസുമായി കൂടുതല്‍ ചര്‍ച്ചകള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഗുരുവായൂര്‍, കുന്ദമംഗലം, കുറ്റിയാടി എന്നീ സീറ്റുകള്‍ വെച്ചുമാറേണ്ടെന്നും തീരുമാനമായിട്ടുണ്ട്.